ഫിലാഡൽഫിയ: അമേരിക്കൻ മലയാളികളുടെ അഭിമാന പ്രസ്ഥാനമായ ഫോമായുടെ 2022 -2024 കാലയളവിലേക്കുള്ള നാഷണൽ കമ്മിറ്റി മെമ്പർ സ്ഥാനത്തേക്ക് മിഡ് അറ്റലാന്റിക്ക് റീജിയനിൽ നിന്നും ഫിലാഡൽഫിയായിലെ യുവജനങ്ങളുടെ പ്രിയങ്കരൻ എന്നറിയപ്പെടുന്ന മാപ്പിന്റെ മുൻ പ്രസിഡന്റ് ഷാലു പുന്നൂസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
വിവിധ മേഖലകളിൽ താൻ ഏറ്റെടുത്തതും ഏൽപ്പിച്ചതുമായ പദവികളിൽ ഇരുന്നുകൊണ്ട് വിജയത്തിന്റെ വെന്നിക്കൊടി പാറിപ്പറത്തി പ്രവർത്തന മികവിൽ കരുത്തുതെളിയിച്ച ഷാലുവിനെ ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തതിന്റെ ആഹ്ളാദത്തിലാണ് മാതൃസംഘടനയായ മാപ്പ് കുടുംബവും, സ്വന്തം റീജിയനായ മിഡ് അറ്റലാന്റിക്ക് റീജിയനും ഒപ്പം അമേരിക്കൻ മലയാളികളുടെ അഭിമാന സംഘടനയായ ഫോമയും.
പ്രവർത്തന പന്ഥാവിൽ കാഴ്ചവയ്ക്കുന്ന വ്യത്യസ്തതയുടെ മാജിക്കൽ മൂവ്മെന്റ് ആണ് ഷാലുവിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത്. തനിക്കു ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രം പറയുകയും പറയുന്നവ ചെയ്തു വിജയിപ്പിക്കുകയും ചെയ്യുക എന്നത് ഷാലുവിൽ മാത്രം കാണുന്ന ഒരു പ്രത്യേകതയാണ്. പ്രവർത്തന മേഖലയിൽ കരുത്തേകാൻ സേവനതല്പരരും സ്ഥിരോത്സാഹികളും വിശ്വസ്തരുമായ ഒരു വൻ യുവജനനിര പ്രവർത്തനസജ്ജരായി എപ്പോഴും ഷാലുവിനൊപ്പമുണ്ട്. ഇത്രയും കഴിവുകളും, പ്രത്യേകതകളും ആത്മാർത്ഥതയും അർപ്പണബോധവുമുള്ള ഷാലു പുന്നൂസിനെ തന്റെ ഭരണ കാലയളവിൽ ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് ലഭിച്ചതിൽ ഏറെ സന്തോഷം ഉളവാക്കുന്നതായി ഫോമാ നിയുകത പ്രസിഡന്റ് ഡോ. ജേക്കബ്ബ് തോമസും മറ്റ് തിരഞ്ഞെടുക്കപ്പെട്ട നവ ഭരണസമിതി അംഗങ്ങളും ഒന്നടങ്കം അഭിപ്രായപ്പെട്ടു..
കോവിഡിന്റെ കരാളഹസ്തത്തിൽ ലോകം വിറങ്ങലിച്ചു പ്രവർത്തന മേഖലകൾ നിഛലമായി പകച്ചുനിന്നപ്പോഴും മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) 2020 – 2021 കാലയളവിലെ പ്രസിഡന്റായിരുന്ന ഷാലുവിന്റെ നേതൃത്വത്തിൽ മാപ്പ് പ്രവർത്തകർ നിർഭയരായി അണിനിരന്ന് പൊതുജങ്ങളുടെ ആവശ്യങ്ങളറിഞ്ഞു ചെയ്ത സേവനങൾ മാപ്പിന്റെ ചരിത്ര ഏടുകളിൽ തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെട്ട നേട്ടങ്ങളുടെ കാലയളവായിരുന്നു. ആ സേവനങ്ങളുടെ പ്രതിഫലനം കൂടിയാണ് കാൻകൂൺ കൺവൻഷൻ മാമാങ്ക വേദിയിൽ ആയിരങ്ങളെ സാക്ഷിനിർത്തി സംഘടനകളുടെ സംഘടനയായ ഫോമാ അതിലെ നിരവധി അംഗ സംഘടനകളെ പിന്തള്ളി മാപ്പ് അസോസിയേഷനെ ഏറ്റവും മികച്ച അംഗസംഘടനകളിൽ ഒന്നാമതായി തിരഞ്ഞെടുത്ത് അവാർഡ് നൽകിയത്.
വാക്കുകള്‍ക്കതീതമായ കമ്മ്യൂണിറ്റി സര്‍വീസിനും ഏവരെയും ഒരുപോലെ കരുതുവാനും കാണുവാനുള്ള മനോഭാവത്തിനും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമായി ഷാലുവിലെ പ്രവർത്തനമികവ് മനസ്സിലാക്കിയ പെൻസിൽവാനിയ പോലീസ് ഡിപ്പാർട്ടമെന്റ് അദ്ദേഹത്തെ പെൻസിൽവാനിയ പോലീസ് ഉപദേശക സമിതി ഏഷ്യൻ കമ്മ്യൂണിറ്റി പ്രതിനിധിയായി നിയമിച്ചു.
തന്റെ ഉറ്റ സുഹൃത്തായ ഷാലു വിവിധ പ്രവർത്തനമേഖലയിൽ കൈവരിക്കുന്ന നേട്ടങ്ങളിൽ താനും അത്യധികം സന്തോഷിക്കുന്നതായും പുതുതായി ലഭിച്ച പദവികളിൽ കോട്ടം തട്ടാതെ മിന്നി തിളങ്ങട്ടെ എന്ന് ആശംസിക്കുന്നതായും ഫിലാഡൽഫിയ സിറ്റി കൗൺസിലർ ഡേവിഡ് ഒ പറഞ്ഞു. ഇന്ത്യൻ കമ്മ്യൂണിറ്റിക്കിടയിലും അമേരിക്കൻ കമ്മ്യൂണിറ്റിക്കിടയിലും ധാരാളം സൗഹൃദവലയങ്ങളുള്ള ഷാലുവിന് അമേരിക്കൻ രാഷ്രീയത്തിൽ തിളങ്ങുവാനുള്ള കാലം ഇനി വിദൂരമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ മാപ്പ് ബോർഡ് ഓഫ് ട്രസ്റ്റി അംഗം, ഒഐസിസി വൈസ് പ്രസിഡന്റ് , വേൾഡ് മലയാളി നാഷണൽ വൈസ് പ്രസിഡന്റ്, ഇന്‍ഡോ അമേരിക്കന്‍ പ്രസ്സ് ക്ലബ്ബ് ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ അഡ്വൈസറി ബോർഡ് മെമ്പര്‍, പോലീസ് ഏഷ്യൻ അഡ്വൈസറി ബോർഡ് മെമ്പർ എന്നീ നിലകളിലും തിളക്കമാർന്ന പ്രവർത്തങ്ങളിൽക്കൂടി ജനഹൃദയങ്ങളുടെ പ്രിയങ്കരനായി മാറിയ ഷാലു, ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തു പ്രശസ്തിയാര്‍ജ്ജിച്ചതും, 250 -ൽ അധികം യുവജനങ്ങൾ അംഗങ്ങളുമായുള്ള ഫിലാഡൽഫിയായിലെ ‘ബഡി ബോയ്‌സ് ‘ എന്ന ശക്തമായ ചാരിറ്റി സൗഹൃദ കൂട്ടായ്മയുടെ സ്ഥാപക നേതാക്കളില്‍ പ്രധാനിയാണ്. ഇദ്ദേഹം ഫിലാഡല്‍ഫിയാ പ്രിസണില്‍ രജിസ്‌റ്റേര്‍ഡ് നേഴ്സ് ആയി ജോലി ചെയ്യുന്നു
ഫോമയുടെ സുഗമമായ ഭാവി പ്രവർത്തനങ്ങൾക്ക് ഷാലു ഒരു മുതൽക്കൂട്ടായിരിക്കുമെമെന്നും, മാപ്പിന്റെ പരിപൂർണ്ണ പിന്തുണ എപ്പോഴും ഒപ്പമുണ്ടായിരിക്കുമെന്നും മാപ്പ് പ്രസിഡന്റ് തോമസ് ചാണ്ടി, സെക്രട്ടറി ജോൺസൺ മാത്യു, ട്രഷറാർ കൊച്ചുമോൻ വയലത്ത്, എന്നിവരോടൊപ്പം ബോർഡ് ഓഫ് ട്രസ്റ്റി – എക്സികുട്ടീവ് കമ്മറ്റി അംഗങ്ങളും വ്യക്തമാക്കി.
ആത്മാർത്ഥതയും, ഉത്തരവാദിത്വബോധവും, ഉദാത്തചിന്തയും, സത്യസന്ധമായ പ്രവര്‍ത്തനങ്ങളും ഏതൊരു സംരംഭത്തിന്റേയും വിജയത്തിന് അനിവാര്യമാണെന്നു ഉറച്ചു വിശ്വസിക്കുന്ന ഷാലുവിന്റെ ലക്ഷ്യം മലയാള പൈതൃകത്തിലും ഐക്യതയിലും പരസ്പര ബഹുമാനത്തിലും ശക്തരായ യുവജനങ്ങളെ സജീവമായി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്രവർത്തന മേഖലയാണ്. അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഫോമയുടെ നാഷണല്‍ കമ്മിറ്റി മെമ്പർ പദവിയില്‍ നിന്നുകൊണ്ട് ഏറ്റെടുക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും പരിപൂര്‍ണ്ണ ആത്മാര്‍ത്ഥതയോടെ താന്‍ നിറവേറ്റുകയും, ഡോ . ജേകബ്ബ് തോമസും ടീമും നയിക്കുന്ന കരങ്ങൾക്ക് ശക്തിപകർന്നുകൊണ്ട് , ഫോമയുടെ ഉന്നമനത്തിനായി നവ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള ഭാവി പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിനും പൂർണ്ണ വിജയത്തിനുമായി ഒരുമയോടും, ഒരുമനസ്സോടും കൂടി എന്നും ഒപ്പം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നതായും ഷാലു വ്യക്തമാക്കി.