ലോട്ടറി അടിച്ച വിവരം അറിഞ്ഞ് സഹായമഭ്യർത്ഥിച്ച് എത്തുന്നവരുടെ ശല്യം കാരണം കേരള സർക്കാരിന്റെ ഓണം ബമ്പർ ജേതാവ് അനൂപ് വലയുകയാണ്. സഹായത്തിനായി ആളുകൾ നിരന്തരം വീട്ടിലേക്ക് വരികയാണെന്ന് അനൂപ് പറഞ്ഞു.
വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റുന്നില്ല. സ്വന്തം കുട്ടിയുടെ അടുത്തേക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല. വീടു മാറാൻ ആലോചിക്കുന്നതായി അനൂപ് പറയുന്നു. രണ്ട് വർഷത്തിന് ശേഷമല്ലാതെ പണം കൊണ്ട് ഒന്നും ചെയ്യാന്‍ പദ്ധതിയില്ലെന്ന് അനൂപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
അനൂപിന്റെ വാക്കുകളിലൂടെ;
ലോട്ടറി അടിച്ചവിവരം അറിഞ്ഞപ്പോൾ വലിയ സന്തോഷമായിരുന്നു. പക്ഷെ ഇപ്പോൾ ഇപ്പോൾ അതല്ല സ്ഥിതി. ഓരോ ദിവസം കഴിയുംതോറും അവസ്ഥ വഷളാകുകയാണ്. സഹായാഭ്യർത്ഥനക്കാരെ കൊണ്ട് വീട്ടിൽ കയറാൻ കഴിയുന്നില്ല. കുട്ടിയുടെ അടുത്ത് പോകാൻ ആകുന്നില്ല. കൊച്ചിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ പോലും കഴിയുന്നില്ല.
വീട്ടിലേക്ക് പോകാറില്ല. ബന്ധുക്കളുടെ വീടുകളിൽ മാറി മാറി കഴിയുകയാണ്. അവിടേയും രക്ഷയില്ല. തെരഞ്ഞുപിടിച്ചെത്തി സഹായം ആവശ്യപ്പെടുകയാണ്. തന്നെ കാണാത്തപ്പോൾ അയൽവീട്ടുകാരെയും ശല്യപ്പെടുത്തുകയാണ്. ഇപ്പോൾ വീട് മാറുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. സമ്മാനത്തുക ഇതുവരെ കിട്ടിയിട്ടില്ല. കിട്ടിയാലും രണ്ടു കൊല്ലം കഴിയാതെ പണം ഒന്നും ചെയ്യില്ല. ഈ സമ്മാനം വേണ്ടിയിരുന്നില്ല, വല്ല മൂന്നാം സമ്മാനവും മതിയായിരുന്നു.