ന്യൂഡൽഹി: ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസത്തെ റെയ്ഡിൽ കേരളത്തിൽ നിന്ന് പിടിയിലായ പോപ്പുലർ ഫ്രണ്ട് നേതാവ് കണ്ണൂർ സ്വദേശി ഷെഫീഖ് പായത്തിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 12ന് പട്‌നയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗത്തുനിന്നും നീക്കമുണ്ടായി. ഇതിനായി പോപ്പുലര്‍ ഫ്രണ്ട് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. 120 കോടി രൂപ ഹവാല ഇടപാടിലൂടെ പോപ്പുലര്‍ ഫ്രണ്ട് സമാഹരിച്ചുവെന്നും ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഭീകരപ്രവര്‍ത്തനങ്ങള്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കലാപമുണ്ടാക്കല്‍ എന്നിവയ്ക്കുവേണ്ടിയാണ് പണം സമാഹരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശത്ത് നിന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എന്‍ആര്‍ഐ അക്കൗണ്ട് വഴി നാട്ടിലേക്ക് അയയ്ക്കുന്ന പണം സംഘടന നേതാക്കള്‍ക്ക് ലഭിച്ചതായും ഇഡി പറയുന്നു.
ഷെഫീഖ് പായത്ത് എന്ന വ്യക്തി എൻആർഐ അക്കൗണ്ട് വഴി ഖത്തറിൽ നിന്ന് നാട്ടിലേക്കയച്ച പണം പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ റൗഫ് ഷെരീഫിനും (21 ലക്ഷം), റിഹാബ് ഇന്ത്യ ഫൗണ്ടേഷനും (16 ലക്ഷം) നൽകിയതായി ഇഡി വ്യക്തമാക്കി.