വാഷിംഗ്ടണ്‍: ഇന്ത്യൻ അമേരിക്കൻ ഡോ. ആരതി പ്രഭാകറെ വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയൻസ് & ടെക്നോളജി പോളിസി ഡയറക്ടറായി നോമിനേറ്റ് ചെയ്തതിനു യുഎസ് സെനറ്റിന്റെ അംഗീകാരം. ഇതോടെ ഈ സ്ഥാനത്തേക്കു നിയമിക്കപ്പെടുന്ന ആദ്യ കുടിയേറ്റ വനിത എന്ന പദവിയും ഇവരെ തേടിയെത്തി. കാബിനറ്റിലെ ഒരു അംഗം കൂടിയാണ് ഇവര്‍.
സെപ്തംബര്‍ 21-നാണ് സെനറ്റ് വോട്ടെടുപ്പില്‍ 40 നെതിരെ 56 വോട്ടുകളോടെ ഇവരുടെ നിയമനത്തിനു സെനറ്റ് അംഗീകാരം നൽകിയത്.
പ്രസിഡന്റ് ബൈഡന്റെ സയൻസ് & ടെക്നോളജി ചീഫ് അഡ്വൈസര്‍, പ്രസിഡന്റ് കൗൺസിൽ ഓഫ് അഡ്വൈസേഴ്സ് ഓൺ സയൻസ് & ടെക്നോളജി ഉപാദ്ധ്യക്ഷ എന്നീ ബഹുമതിയും ഇവർക്ക് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണിലാണ് ബൈഡൻ ആരതിയെ നാമനിർദേശം ചെയ്തത്. ഇവരുടെ നേതൃത്വത്തില്‍ അമേരിക്ക ലോകത്തെ ഏറ്റവും ശക്തമായ ഇനൊവേഷന്‍ മിഷനായി മാറുമെന്ന് ബൈഡന്‍ അവകാശപ്പെട്ടിരുന്നു.
ആരതിക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കളോടൊപ്പം ടെക്സസിലെ ലബക്കിൽ എത്തുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ടെക്സസ് ടെക്കില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് അപ്ലൈയ്ഡ് ഫിസിക്സില്‍ പി എച്ച് ഡി കരസ്ഥമാക്കിയ ആദ്യ വനിത കൂടിയാണ് ഡോ. ആരതി പ്രഭാകര്‍.