അമേരിക്കൻ മലയാളിയും, അത്യന്ത ഉത്തരാധുനിക കവിയുമാണ് ഇന്നത്തെ ഇത്താക്ക്. അമേരിക്കയിലെത്തിയ മലയാളി നേഴ്‌സുമാരിൽ ഒന്നിന്റെ കഴുത്തിൽ കെട്ടിത്തൂക്കിയ താലി എന്ന നമ്പർ പ്ളേറ്റിന്റെ ഒറ്റ ബലത്തിലാണ്ഇത്താക്ക് അമേരിക്കയിലെത്തുന്നത്. ഭാര്യയുടെ ഡബിൾ ഡ്യൂട്ടിക്ക് തടസ്സമാവാതിരിക്കാൻ കുട്ടികളെ നോക്കി വീട്ടിലിരിക്കുന്ന ഇത്താക്ക് ബോറടി മാറ്റാനെന്ന വ്യാജേന ബേസ്‌മെന്റ് ബാറിലെ വീര്യം കൂടിയ റഷ്യൻ വോഡ്‌ക ഇടക്കിടെ അകത്താക്കിയിരുന്നു. മഞ്ഞു വീണു കിടന്ന ഒരു പ്രഭാതത്തിൽ രാവിലെ തന്നെ രണ്ടെണ്ണം വീശിയിട്ട്പുറത്തേക്കിറങ്ങിയ ഇത്താക്ക് തിരിച്ചു കയറുന്നതിനിടക്ക് പെട്ടെന്നാണ് ഇത്താക്കിൽ കവിതയുടെ കന്നിവിത്ത് മുള പൊട്ടുന്നത്. നാട്ടിലും ഇവിടെയുമായി ജീവിച്ചു തീർത്ത അര നൂറ്റാണ്ടോളം കാലം അക്ഷരങ്ങളെ അറപ്പോടെയാണ് കണ്ടിരുന്നതെങ്കിലും, സർഗ്ഗ സാക്ഷാൽക്കാരത്തിന്റെ സമ്പൂർണ്ണ വിഭ്രമത്തിൽ ഇത്താക്ക് പേന തപ്പിയെടുത്ത് പെട്ടെന്നെഴുതിപ്പോയി…
രാവിലെ ഞാനങ്ങെണീറ്റു, പിന്നെ
ബെഡ്‌കോഫി യൊന്നു കുടിച്ചു.
കാറ് തുറക്കുവാൻ നോക്കി, പക്ഷേ
ചാവി കടക്കുന്നേയില്ല.
ഭാര്യയെ ജോലിയിൽ നിന്നും ആരെൻ
ചാരത്തിലെത്തിക്കും ഈശൊ ?
കാരണമില്ലാതെ വീഴും മഞ്ഞിൽ
കാര്യങ്ങളൊക്കെ മുടങ്ങി!
ആദ്യ അറ്റംപ്റ്റിൽ തന്നെ ഇത്ര അനായാസം കവിത പുറത്ത് വന്നതറിഞ്ഞതോടെ ‘എനിക്കെന്തേ ഇത് നേരത്തെ തോന്നിയില്ല എന്ന് സ്വയം ചോദിച്ചുകൊണ്ട് ഇത്താക്കും ഒരു കാരക്ടറായി. ‘എല്ലാറ്റിനും ഒരു സമയമുണ്ട് ദാസാ ‘ എന്ന ശ്രീനിവാസൻ ഡയലോഗ് അനുസ്മരിച്ചുകൊണ്ട് കവിതകളുടെ ഒരു പ്രളയം തന്നെ ഇത്താക്ക് തുറന്നു വിട്ടു.
ബേസ്‌മെന്റു ബാറിലെ വെള്ളമടി ചർച്ചകളിൽ ഇത്താക്ക് സ്വന്തം കവിതകൾ അവതരിപ്പിച്ചു തുടങ്ങിയപ്പോളാണ് തന്റെ സഹ കുടിയന്മാരിൽ മിക്കവരും എണ്ണം മുറിഞ്ഞ കവികളാണെന്നും, അമേരിക്കയിൽ ആളാവാൻ പറ്റിയ ഏറ്റവും എളുപ്പ മാർഗ്ഗം കവിതയെഴുത്താണെന്നും, ആനക്കാര്യം മുതൽ ആമക്കാര്യം വരെ പറഞ്ഞു ഞെളിയുന്ന അമേരിക്കൻ മലയാളിക്ക് പത്രത്തിൽ പടം വരുത്തുന്നതിലാണ് പ്രധാന മോട്ടിവേഷൻ എന്ന് മനസ്സിലാക്കുകയും ചെയ്തതോടെ, ആ ചർച്ചകൾക്കിടയിൽത്തന്നെ ‘ഉത്തര അമേരിക്കൻ സാഹിത്യ മണ്ഡലം’ (ഉസാമ) എന്നൊരു സംഘടനക്ക് രൂപം നൽകുകയും, ഇത്താക്കിനെത്തന്നെ പ്രസിഡണ്ടായി അവരോധിക്കുകയും ചെയ്തു.
ഉസാമ നാട്ടിൽ വച്ച് നടത്തിയ സാംസ്കാരിക ശിബിരം വലിയ സംഭവം തന്നെയായി. കരുതൽ യാനത്തിന്റെ അമരം പിടിക്കുന്ന ക്യാപ്റ്റന്റെ കപ്പൽ മുങ്ങാതിരിക്കാൻ നാക്കു തുഴയെറിയുന്ന മന്ത്രിമാരും, സഹജീവികളുടെ കഞ്ഞിക്കലത്തിൽ മണ്ണ് വാരിയിടുന്ന മത മേധാവികളായ പാവങ്ങളുടെ അപ്പസ്തോലന്മാരും മാത്രമല്ല, ആരെയും പുതപ്പിക്കാൻ പൊന്നാടയുമായി നടക്കുന്ന കുറേ റിട്ടയർഡ് ജഡ്ജിമാരും വരെ തങ്ങളുടെ മഹനീയ സാന്നിധ്യം കൊണ്ട് ഒസാമ ശിബിരം അവിസ്മരണീയം തന്നെ ആക്കിത്തീർത്തു.
ഇത്താക്കിന്റെ ആദ്യ കവിത തന്നെ അത്യന്ത ഉത്തരാധുനികത വിഭാഗത്തിൽ പെട്ടതാണെന്ന് ചില അമേരിക്കൻ മലയാള സാഹിത്യ നിരൂപകർ വിലയിരുത്തി. നാട്ടിലും വിദേശത്തുമായി എട്ടൊമ്പത് ഡോക്ടറേറ്റുകൾ നേടിയ ഒരു മഹാനായിരുന്നു മുഖ്യ ആസ്വാദകൻ. മനുഷ്യാവസ്ഥയുടെ ചിരപുരാതനമായ കർമ്മ കാണ്ഡങ്ങളുടെ അടിവേരുകൾ തേടിയുള്ള അവിരാമമായ പ്രയാണമാണ് ഇത്താക്ക് നടത്തിയിരിക്കുന്നതെന്ന് അദ്ദേഹംസ്ഥാപിച്ചപ്പോൾ മറ്റുള്ളവരുടെ നാവിറങ്ങിപ്പോയി.
കള്ളടിച്ചു കറങ്ങിയിരിക്കുന്ന നാട്ടു സാഹിത്യ ജീനിയസുകളുമായുള്ള കൂട്ടായ്മകൾ, ഡോളർ സാഹിത്യകാരന്മാർക്ക് ചുമ്മാ സമർപ്പിക്കാനുള്ള പൊന്നാടകളും, അവാർഡ് പലകകളുമായി അടയിരിക്കുന്ന സാംസ്ക്കാരിക സംഘങ്ങളുമായുള്ള ചങ്ങാത്തം, ഒക്കെക്കൂടി ഇത്താക്കിന്റെ ഇതുവരെയുള്ള രചനകൾ ഒരു പുസ്‌തസ്‌കമാക്കി പുറത്തിറക്കി.
ഇത്രയുമൊക്കെ ആയിപ്പോയ നിലക്ക് തന്റെ കൃതിക്ക് ഒരവാർഡ് തരപ്പെടുത്തുക എന്നത് തന്നെയായി ഇത്താക്കിന്റെ ലക്‌ഷ്യം. ബാഗിൽ അടുക്കി വച്ച ഡോളറിന്റെ കെട്ടുകളുമായി ഇത്താക്ക് ഒരു കറക്കം കറങ്ങി. നാട്ടിലെ മരിച്ചു പോയ സാഹിത്യകാരൻമാരുടെ ഭാര്യമാരെയും, മക്കളെയുമൊക്കെ പോയിക്കണ്ടു. മരണമടഞ്ഞ സാഹിത്യകാരന്റെ പേരിൽ ഒരു എൻഡോവ്‌മെന്റ് ഏർപ്പെടുത്തണമെന്നും, അതിനുള്ള ചിലവും, കുടുംബത്തിലെ കുഞ്ഞുകുട്ടി പരാധീനങ്ങളുടെ വട്ടച്ചിലവും ഇത്താക്ക് വഹിക്കുമെന്നും, ഇത്താക്കിന്റെ കഴുത്തിലെ പത്തു പവന്റെ 24 കാരറ്റ് തങ്ക മാല സാഹിത്യകാരന്റെ വിധവയ്ക്ക് സമ്മാനമായി നൽകുമെന്നും, പകരം എൻഡോവ്‌മെന്റിന്റെ പ്രഥമ പുരസ്ക്കാരം ഇത്താക്കിന് സമ്മാനിക്കണമെന്നും ഇത്താക്ക് ഒരു വ്യവസ്ഥ മുന്നോട്ടു വച്ചു.
പല പാവം കുടുംബങ്ങളും ഇത്താക്കിന്റെ പ്രലോഭനത്തിൽ വീണെങ്കിലും, അവാർഡ് കൊടുക്കേണ്ട കൃതി വായിച്ചതോടെ പിന്മാറിക്കളഞ്ഞു.
“ഇതിനൊക്കെ അവാർഡ് കൊടുത്താൽ കുഴീക്കെടക്കണ ഞങ്ങടെ അപ്പന്റെ ആത്‌മാവ് സഹിക്കത്തില്ല “എന്ന ആത്മഗതത്തോടെ.
അങ്ങിനെയിരിക്കുമ്പോളാണ്, കള്ളവാറ്റടിച്ചു കണ്ണു പൊട്ടി മരിച്ച മത്തായി മാപ്ലയെക്കുറിച്ചു ഇത്താക്കറിയുന്നത്. പട്ടിണിപ്പാവങ്ങളായ മത്തായി മാപ്ലയുടെ മക്കൾക്ക് ഇത്താക്കിന്റെ പച്ച നോട്ടുകളിൽ കണ്ണ് മഞ്ഞളിച്ചെങ്കിലും, തങ്ങളുടെ അപ്പൻ ഒരു കലാകാരനോ, സാഹിത്യ കാരനോ ആയിരുന്നില്ലാ എന്ന സത്യം തുറന്നു പറഞ്ഞു.
“ അങ്ങിനെ വരാൻ വഴിയില്ലല്ലോ?” ഇത്താക്ക്.
“സത്യമാ സാറേ. അങ്ങേര് ജീവിത കാലം മുഴുവൻ വാറ്റു ചാരായം കുടിക്കാനാ ചെലവഴിച്ചത്.”
“അങ്ങിനെ വരട്ടെ. റഷ്യാക്കാരുടെ വാറ്റടിച്ചപ്പോളാണല്ലോ എനിക്ക് കവിത വന്നത്. ഇതേ വാറ്റടിക്കുമ്പോളാണല്ലോ ഭാഷയിലെ മിക്ക എഴുത്തുകാർക്കും എഴുതാൻ മുട്ടുന്നത്.?”
“ഇതിയാനങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. പട്ടയടിച്ചാൽ പാതിരാ വരെ കണ്ണ് പൊട്ടുന്ന തരം പൂരപ്പാട്ട് പാടും”
“ങ്ആ മതിയല്ലോ? പ്രസിദ്ധ പൂരപ്പാട്ട് വിദഗ്ദ്ധൻ മത്തായി മാപ്ല എൻഡോവ്‌മെന്റ് എന്നാക്കാം പേര്. എന്താ?”
മത്തായി മാപ്ലയുടെ സത്യസന്ധരായ മക്കൾ ആദ്യം ഒന്ന് മടിച്ചെങ്കിലും, ഇത്താക്കിന്റെ പച്ച നോട്ടുകളിൽ പട്ടിണി മാറുന്നതോർത്തപ്പോൾ വഴങ്ങി.
അങ്ങിനെയാണ്, വിശ്വ വിഖ്യാത പൂരപ്പാട്ട് വിദഗ്ദ്ധൻ മത്തായി മാപ്ലയുടെ പേരിലുള്ള എൻഡോവ്‌മെന്റ്ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്ക്കാരം ഇത്താക്ക് ഏറ്റു വാങ്ങുന്നത്.
പുരസ്ക്കാരം സ്വീകരിച്ചു മത്തായി മാപ്ലയുടെ കുഴിമാടത്തിൽ പുഷ്പാർച്ചന നടത്താനെത്തിയ ഇത്താക്ക് ഒന്ന് നടുങ്ങി. കാറ്റോ, കുളിരോ, കരിയിലയോ എന്നറിയില്ല, ഒരു തെറി ഇത്താക്ക് വ്യക്തമായി കേട്ടു….
“ഫ! തെണ്ടി,…നിന്റെ പൊട്ടക്കവിതയുടെ പേര് പറഞ്ഞ് എന്റെ പൂരപ്പാട്ടിനെ അപമാനിച്ചു കളഞ്ഞല്ലോടാ ?”
ഭൂതത്തിലും, പ്രേതത്തിലുമൊന്നും വിശ്വാസമില്ലാത്ത ഇത്താക്ക് അത് പാടെ അവഗണിക്കുകയും, വിജയശ്രീലാളിതനായി അമേരിക്കയിൽ തിരിച്ചെത്തുകയും ചെയ്തു.
എയർപോർട്ടിൽ നിന്ന് വീട്ടിലെത്തി വാതിൽ തുറന്നതേ ഭാര്യ ഉടക്കി…
“നാട്ടിൽപ്പോയ നിങ്ങളെന്താ ആ പാവം മനുഷ്യനെ അപമാനിക്കാനാ പോയത്?”
“എന്താ കാര്യമെന്താ?”
“നിങ്ങളൊരാളെ അപമാനിച്ചെന്നും, നിങ്ങളെക്കണ്ട് നാല് വർത്തമാനം പറഞ്ഞിട്ടേ പോകുന്നുള്ളൂ എന്നും പറഞ്ഞ് ദേ ഇപ്പവരെ ഇവിടൊരാളുണ്ടായിരുന്നു. ദേ, ഇവിടെ.”
“ആരാ?”
“ഒരു മത്തായി മാപ്ല. അടുക്കണ്ടാട്ടൊ. ആള് പൂരെ തണ്ണിയാ. ദാ, ഇപ്പ ഇവിടൊണ്ടാർന്നു. പൊറത്തോട്ടെറങ്ങിക്കാണും.”
ഭൂത പ്രേതാദികളിൽ വിശ്വാസമില്ലെങ്കിലും, ഇത്താക്കിന്റെ കൈയിൽ നിന്ന് പ്ലാക്ക് താഴെ വീണു. സ്വർണ്ണ ലിപികളിൽ അതിൽ കൊത്തിയിരുന്ന അക്ഷരങ്ങൾ വിക്കിവിക്കി ഇത്താക്ക് വായിച്ചെടുത്തു…
“മംഗലത്ത് മത്തായി മാപ്പിള എൻഡോവ്‌മെന്റ്.”
പ്ലാക്കിന്റെ സ്വർണ്ണത്തിളക്കത്തിൽ തെളിഞ്ഞു വരുന്ന മത്തായി മാപ്ലയുടെ ഭീഭത്സ മുഖം ഇത്താക്ക് കണ്ടു.
പിന്നെ താമസിച്ചില്ല. അത്യന്ത ഉത്തരാധുനിക കവി ഇത്താക്ക് ബോധരഹിതനായി നിലം പതിച്ചു.
++++++++
* കഥയും, കഥാപാത്രങ്ങളും വെറും ഭാവനാ സൃഷ്ടികൾ മാത്രം.