എറണാകുളം: സിൽവർ ലൈൻ പദ്ധതിയിൽ കെ റെയിൽ കോർപറേഷനെ രൂക്ഷമായി വിമർശിച്ച് റെയിൽവേ മന്ത്രാലയം. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ സംബന്ധിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ മുൻ നിലപാടിൽ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് കെ റെയിൽ കോർപറേഷൻ രേഖകൾ നൽകുന്നില്ലെന്ന റെയിൽവേ മന്ത്രാലയത്തിന്റെ വിമർശനം.
അലൈൻമെന്‍റ്, പദ്ധതിക്കാവശ്യമായി വരുന്ന സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി എന്നീ വിശദാംശങ്ങൾ നൽകിയിട്ടില്ലെന്നാണ് റെയിൽവേ ഹൈക്കോടതിയെ അറിയിച്ചത്. തുടർച്ചയായി കെആർഡിസിഎല്ലിനോട് (കേരള റെയില്‍ ഡവലപ്‌മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ്) രേഖകൾ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്നും റെയിൽവേയ്ക്ക് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ് മനു നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു. അതിനാല്‍ ഡിപിആർ അപൂർണമാണെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും റെയിൽവേ കോടതിയെ അറിയിച്ചു.
കെ റെയിലുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കുന്നുണ്ട്. കെ റെയിലിനായി സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും പദ്ധതിയ്ക്ക് സാമ്പത്തികാനുമതി നൽകിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഡിപിആർ സമർപ്പിക്കുന്നതിനായിരുന്നു തത്വത്തിൽ അനുമതി നൽകിയതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.