കണ്ണൂർ: കണ്ണൂരിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള കടകളിലും വീടുകളിലും ഞായറാഴ്ച പൊലീസ് റെയ്ഡ്. താണയിലെ ബി മാർട്ടിൽ നടത്തിയ റെയ്ഡിൽ കമ്പ്യൂട്ടറും മൊബൈൽ ഫോണും ഫയലും പിടിച്ചെടുത്തു. കണ്ണൂർ ഡിസിപി കെ.രത്നകുമാറിന്റെ നേതൃത്വത്തിൽ വൈകിട്ട് അഞ്ചിന് ആരംഭിച്ച റെയ്ഡ് രണ്ട് മണിക്കൂറോളം നീണ്ടുനിന്നതായി പൊലീസ് അറിയിച്ചു.
പാപ്പിനിശ്ശേരി, വളപട്ടണം, ഇരിട്ടി, മട്ടന്നൂർ, കണ്ണപുരം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലും പരിശോധന നടന്നു. റെയ്‌ഡ് നടന്ന സ്ഥാപനങ്ങളുടെ ഉടമസ്ഥർ ഇന്ന് അതത് പൊലീസ് സ്‌റ്റേഷനുകളിൽ ഹാജരാകും. നേതാക്കളുടെ സാമ്പത്തിക സ്രോതസും, ഹർത്താൽ ഗൂഢാലോചന കണ്ടെത്തുന്നതിനുമായാണ് റെയ്‌ഡ്.
വിദേശ രാജ്യങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ പണം ലഭിക്കുന്നുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. സെപ്തംബർ 22 ന് 11 സംസ്ഥാനങ്ങളിൽ നിന്നുള്ള 106 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പ്രവർത്തകരെ തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണച്ചുവെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് സെപ്തംബർ 23ന് സംസ്ഥാന വ്യാപകമായി ഹർത്താലിന് കേരളത്തിലെ PFI ആഹ്വാനം ചെയ്തു.
രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ നടന്ന ഹർത്താലിൽ സർക്കാർ ബസുകൾ ഉൾപ്പടെ പൊതുമുതൽ നശിപ്പിക്കുകയും പൊതുജനങ്ങളെ ഉപദ്രവിക്കുകയും ചെയ്‌തിരുന്നു.