പല്‍നിരപ്പൂട്ടുകൾ (കവിത): സതീഷ് കളത്തില്‍

ആശാൻപണിയുടെ കൂലി:

ആകാശം ഭൂമിയോട്:
ഹേ ഭൂമി,
നിൻറെയീ കറങ്ങൽ
അത്ര പന്തിയല്ല.
അതുകൊണ്ടാണു നിനക്ക്
ഇത്രമാത്രം കിതപ്പ്.

ഭൂമി ആകാശത്തോട്:
അതിനു നിനക്കെന്താണു ഹേ?;
ഞാനെൻറെ
കാലിലാണു കറങ്ങുന്നത്.
ആദ്യം,
നിൻറെ വായ്ക്കൊരു
പല്‍നിരപ്പൂട്ട് വെയ്ക്കണം.
നിൻറെ തുപ്പലിൽ
എൻറെയുടൽ മലീമസമാകുന്നു;
വായ്ചൂടിൽ കരൾ വാടുന്നു.

ആകാശം ആശാൻപണി നിർത്തി.
************************
തകരയുടെ കലഹം:

പുതുമഴയ്ക്കു നാമ്പിട്ട
ഒരു ‘ഊശിത്തഗരൈ’
മരത്തിനോട്:
എനിക്കും തുല്യ അവകാശമുള്ള ജലം
ഊറ്റിയെടുക്കുന്നതുകൊണ്ടാണു
നിനക്കിത്ര
പൊക്കവും വണ്ണവും ബലവും.

മരം:
ഒക്കുമെങ്കിൽ നീ,
നിൻറെ വേരുകൾ ആഴത്തിലാഴ്ത്തുക;
നിൻറെ ജലം അവിടെത്തന്നെയുണ്ട്.

തകര വാ അടച്ചു.
************************
ഒരു സഞ്ചാര തർക്കം:

അച്ഛൻ മകളോട്:
ആ ഇടവഴിയിലൂടെയുള്ള
നടപ്പ് നീ നിർത്തണം;
അവിടെ,
അഴിഞ്ഞാടി നടക്കുന്ന
നായ്ക്കൾ ധാരാളമുണ്ട്.

മകൾ:
ഒരിടവഴിയും ഒരാളുടേയും
കുത്തകയല്ല.
ഞാനല്ല;
നായ്ക്കളാണു തടയപ്പെടേണ്ടത്.

അച്ഛൻ:
നിൻറെ ഓരിയിടലിനേക്കാൾ
നായയുടെ കുരയ്ക്കാണു
കരുത്തുകൂടുതൽ.
ശാഠ്യം സാധൂകരിയ്ക്കപ്പെടേണ്ടതും
ദുഃശാഠ്യം വർജിക്കേണ്ടതുമാണ്.

മകൾ,
വിമലീകരിച്ച വഴികളിലൂടെ
വരവു- പോക്കാരംഭിച്ചു.

Print Friendly, PDF & Email

Leave a Comment

More News