ജയ്പൂർ: തീവ്രവാദ പ്രവർത്തനങ്ങൾ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) നിരോധിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് അജ്മീർ ദർഗ ആത്മീയ മേധാവി സൈനുൽ ആബേദിൻ അലി ഖാൻ.
നിയമം പാലിച്ചും തീവ്രവാദം തടയുന്നതിനുമാണ് നടപടി സ്വീകരിച്ചതെന്ന് സൂഫി സന്യാസി ഖ്വാജ മൊയ്‌നുദ്ദീൻ ചിസ്തിയുടെ ദേവാലയത്തിലെ ദിവാൻ പറഞ്ഞു. ഇത് എല്ലാവരും സ്വാഗതം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം സുരക്ഷിതമാണെങ്കിൽ നമ്മൾ സുരക്ഷിതരാണ്, രാജ്യം ഏതൊരു സ്ഥാപനത്തേക്കാളും ആശയത്തേക്കാളും വലുതാണ്, ആരെങ്കിലും ഈ രാജ്യത്തെ തകർക്കുന്നതിനെ കുറിച്ചും ഇവിടുത്തെ ഐക്യവും പരമാധികാരവും തകർക്കുന്നതിനെ കുറിച്ചും രാജ്യത്തിന്റെ സമാധാനം കെടുത്തുന്നതിനെ കുറിച്ചും സംസാരിച്ചാൽ അയാൾക്ക് ഇവിടെ ജീവിക്കാന്‍ അവകാശമില്ല,” അദ്ദേഹം പറഞ്ഞു.
പിഎഫ്‌ഐയുടെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിന്മേൽ ഏർപ്പെടുത്തിയ നിരോധനം രാജ്യത്തിന്റെ താൽപ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വർഷം മുമ്പ് പിഎഫ്‌ഐയെ നിരോധിക്കണമെന്ന് ഞാന്‍ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു എന്നും ഖാന്‍ പറഞ്ഞു.
ഓൾ ഇന്ത്യ സജ്ജദാനശിൻ കൗൺസിൽ ചെയർമാൻ നസിറുദ്ദീൻ ഖാനും സർക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്തു. ഒരു സ്ഥാപനവും രാജ്യത്തേക്കാൾ വലുതല്ലെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അതിന്റെ സഹകാരികളായ
റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ, കേരള, എന്നിവയും ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരം നിരോധിക്കപ്പെട്ട സംഘടനകളിൽ ഉൾപ്പെടുന്നു.
16 വർഷം പഴക്കമുള്ള പിഎഫ്‌ഐയെ രാജ്യവ്യാപകമായി അടിച്ചമർത്തുകയും അതിന്റെ നൂറിലധികം പ്രവർത്തകരെ അറസ്റ്റു ചെയ്യുകയും നിരവധി സ്വത്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് കേന്ദ്ര സർക്കാരിന്റെ നടപടി.
പിഎഫ്‌ഐയുടെ സ്ഥാപക അംഗങ്ങളിൽ ചിലർ നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നേതാക്കളാണെന്നും പിഎഫ്‌ഐക്ക് ജമാത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശുമായി (ജെഎംബി) ബന്ധമുണ്ടെന്നും ചൊവ്വാഴ്ച രാത്രി വൈകിയുള്ള അറിയിപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജെഎംബിയും സിമിയും നിരോധിത സംഘടനകളാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ഐഎസ്ഐഎസ്) പോലുള്ള ആഗോള ഭീകരസംഘടനകളുമായി പിഎഫ്ഐയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അതിൽ പറയുന്നു.