ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ റീജിയണിൽ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഇടവക തലത്തിലുള്ള സമാപന ആഘോഷങ്ങൾ ഒക്ടോബർ 2 ഞായറാഴ്ച നത്തപ്പെടുന്നു. അന്നേ ദിവസം ക്‌നാനായ റീജിയണിലുള്ള പതിനഞ്ചു ഇടവകളിലും രണ്ടു മിഷനുകളിലും പതാക ഉയർത്തൽ, കൃതജ്ഞതാ ബലി, തിരി തെളിക്കൽ, മിഷൻ റാലി തുടങ്ങിയ വിപുലമായ പരിപാടികളോടെയാണ് ജൂബിലി സമാപനം ക്രമീകരിച്ചിരിക്കുന്നത്. മിഷൻ ലീഗ് യുണിറ്റ് ഡയറക്ടർമാരും ഓർഗനൈസർമാരും ഭാരവാഹികളും വേദപാഠ അദ്ധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകും.
2021 ഒക്ടോബർ മൂന്നിനാണ് ക്‌നാനായ റീജിയണൽ ഇടവക തലത്തിലും റീജിയൺ തലത്തിലുമുള്ള ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്‌തത്. റീജിയൺ തലത്തിലുമുള്ള ജൂബിലി സമാപനം ഒക്ടോബർ 15, 16 തീയതികളിൽ ഹൂസ്റ്റണിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും.
1947-ൽ ഭരണങ്ങാനത്ത് ഏബ്രഹാം പല്ലാട്ടുകുന്നേലിന്റെയും ഫാ. ജോസഫ് മാലിപറമ്പിലിന്റെയും നേതൃത്വത്തിൽ സ്ഥാപിച്ച ചെറുപുഷ്‌പ മിഷൻ ലീഗ് ഇന്ന് അന്തർദേശീയ സംഘടനയായി വളർന്നിരിക്കുന്നു. 75 വർഷങ്ങൾക്ക് മുമ്പ് ഒക്ടോബർ മൂന്നിന് കോട്ടയം മെത്രാനായിരുന്ന മാർ തോമസ് തറയിലായിരുന്നു മിഷൻ ലീഗ് ഉദ്ഘാടനം ചെയ്‌തത്.