ലോകകപ്പിന് ഇന്ത്യന്‍ സമൂഹത്തിന്റെ ആദരവര്‍പ്പിച്ച് ആസാദീ കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി സെപ്തംബര്‍ 30 വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് കാര്‍ണ്ണിവലിനോടനുബന്ധിച്ചുള്ള ടൂര്‍ണ്ണമെന്റുകള്‍ക്ക് തുടക്കമായി. റയ്യാന്‍ പ്രൈവറ്റ് സ്കൂളില്‍ ആരംഭിച്ച ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ 400 കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണ്‍മെന്റിന്റെ ഫൈനല്‍ വെള്ളിയാഴ്ച അരങ്ങേറും.
സ്പോര്‍ട്സ് കാര്‍ണ്ണിവലിന്റെ ലോഗോ ബ്രസീലിയന്‍ ഫുട്ബോളറും അല്‍ അറബിയുടെ സ്റ്റാര്‍ സ്ട്രൈക്കറുമായ റഫിഞ്ഞോ അനാഛാദനം ചെയ്തു. വെള്ളിയാഴ്ച ലോകക്കപ്പിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് 2022 പേര്‍ ഗോള്‍ വലയം നിറക്കുന്ന പരിപാടി റഫിഞ്ഞോ ഉദ്ഘാടനം ചെയ്യും.ഖത്തറിന്റെ ഒളിമ്പ്യനും മുന്‍ ജിംനാസ്റ്റിക് താരവുമായ മാലിക് മുഹമ്മദ് അല്‍ യഹ്‌രി,ഹമദ് മെഡിക്കല്‍ കോർപറേഷൻ ക്യു ആർ ഐ ഡയറക്ടര്‍ ഡോ.മുന അൽ മസ് ലമാനി,ഖത്തർ റെഡ്ക്രസൻ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുന അൽ സുലൈതി,ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ പ്രതിനിധികളായ അബ്ദുല്ല മുഹമ്മദ് ദോസരി,ഈസ അൽ ഹറമി,ജെനറേഷൻ അമേസിംഗ് പ്രതിനിധി ഹമദ് അബ്ദുൽ അസീസ് തുടങ്ങിയവരും ഇന്ത്യന്‍ എംബസി അപെക്സ് ബോഡി ഭാരവാഹികളും അതിഥികളായി സംബന്ധിക്കും.
കാര്‍ണ്ണിവലിന്റെ ജഴ്സി ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ് പ്രകാശനം ചെയ്തു. കാര്‍ണ്ണിവലിന്റെ ഭാഗമായി ഗാനങ്ങളും നൃത്ത നൃത്തങ്ങളും മാജിക് ഷോയും വിവിധ ആവിഷ്കാരങ്ങളും കോര്‍ത്തിണക്കിയ കള്‍ച്ചറല്‍ ഫിയസ്റ്റ വൈകീട്ട് മൂന്ന് മണിമുതല്‍ അരങ്ങേറും. സിനിമാ താരം ഹരിപ്രശാന്ത് വര്‍മ്മ ഉദ്ഘാടനം ചെയ്യും.
കാര്‍ണ്ണിവല്‍ സന്ദര്‍ശിക്കുന്നവര്‍ക്കായി ഒരുക്കിയ ഗെയിം സോണില്‍ വിവിധ നുറുങ്ങു മത്സരങ്ങള്‍ അരങ്ങേറും. എന്റര്‍ടെയ്ന്റ്മെന്റ് സോണില്‍ മൈലാഞ്ചി, കരകൗശല വസ്തുക്കള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയുടെ സ്റ്റാളുകളും സജ്ജീകരിക്കും.
കാര്‍ണ്ണിവലിന്റെ ഭാഗമായി നടക്കുന്ന പെനാല്‍ട്ടി ഷൂട്ടൗട്ട്, വടം വലി, പഞ്ചഗുസ്തി, ബോക്സ് ക്രിക്കറ്റ് തുടങ്ങിയ ടൂര്‍ണ്ണമെന്റുകള്‍ ഉച്ചയ്ക്ക് 1.30 മുതല്‍ റയ്യാന്‍ സ്കൂള്‍ കാമ്പസില്‍ ആരംഭിക്കും. ഒരുമാസമായി നടന്നു വരുന്ന വെയിറ്റ് ലോസ് ചലഞ്ചിന്റെ അവസാന വട്ട ശരീര ഭാര പരിശോധന ബര്‍വ്വ സിറ്റിയിലെ കിംസ് ഹോസ്പിറ്റലില്‍ രാവിലെ നടക്കും. വിജയികളെ വൈകീട്ട് കാര്‍ണ്ണിവല്‍ വേദിയില്‍ ആദരിക്കും.