തിരുവനന്തപുരം: ഹൃദ്രോഗമുൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഹെൽത്തി വാക്ക് വേ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കായിക വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ ഹെൽത്തി വാക്കിന് പ്രത്യേക സ്ഥലം കണ്ടെത്തും. കേരള ഹാർട്ട് ഫൗണ്ടേഷനും ഈ പദ്ധതിക്കായി സഹകരിക്കുന്നുണ്ട്. ചികിത്സയേക്കാൾ പ്രധാനമാണ് ജീവിതശൈലീ രോഗങ്ങൾ തടയൽ. കൃത്യമായ ആസൂത്രണത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗവും കേരള ഹാര്‍ട്ട് ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ലോക ഹൃദയ ദിനാചരണത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജീവിതശൈലീ രോഗങ്ങള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ജീവിത ശൈലീരോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടപ്പിലാക്കി. 25 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തി. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കി വരുന്നു.
ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ജില്ലാ, ജനറൽ ആശുപത്രികളിൽ ഹൃദ്രോഗ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി. അതോടൊപ്പം ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും ആരോഗ്യരംഗത്ത് കേരളം മികച്ച മുന്നേറ്റം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.