കൊച്ചി: വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് കാമുകിയെ വിട്ടുകിട്ടാന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നൽകിയ യുവാവിന് ഹൈക്കോടതി പിഴ വിധിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എച്ച്. ഷമീറിനെതിരെയാണ് ഹൈക്കോടതി 25000 രൂപ പിഴ ചുമത്തിയത്. ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് പിഴ വിധിച്ചത്. ഹൈക്കോടതിയുടെ ഭാഗമായ മീഡിയേഷൻ സെന്ററിൽ തുക അടയ്ക്കാനാണ് നിർദേശം.
നെയ്യാറ്റിന്‍കര സ്വദേശിനിയായ കാമുകി അഞ്ജനയെ പിതാവും സഹോദരനും തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം മുന്‍പ് അശ്വതി എന്നൊരു യുവതിയെ വിവാഹം കഴിച്ചിരുന്നുവെന്ന വിവരം മറച്ചുവെച്ചായിരുന്നു ഷമീർ ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതിയുടെ പരിഗണനയ്ക്കു വന്ന ശേഷമാണ് മുന്‍പ് വിവാഹിതനായിരുന്നുവെന്നും ഭാര്യ കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചത്.
വിവാഹമോചനത്തിൽ എതിർപ്പില്ലെന്നും ഇക്കാര്യം കുടുംബകോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഷമീർ ഹൈക്കോടതിയിൽ വിശദീകരിച്ചു. എന്നാൽ, ഈ വിവരം മറച്ചുവെച്ചതിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. നിരുപാധികം മാപ്പ് പറഞ്ഞ ഷമീർ പിഴയടക്കാൻ തയ്യാറാണെന്നും പറഞ്ഞു.