തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന് അനുകൂല മുദ്രാവാക്യം വിളിച്ച രണ്ടു പേര്‍ക്കെതിരെ തിരുവനന്തപുരം കല്ലമ്പലം പോലീസ് കേസെടുത്തു. പി.എഫ്.ഐയുടെ കൊടിമരത്തിന് സമീപമാണ് കല്ലമ്പലം സ്വദേശികളായ നസീം, മുഹമ്മദ് സലിം എന്നിവർ മുദ്രാവാക്യം വിളിച്ചത്. ഇവര്‍ക്കെതിരെ യു എ പി എ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അതിനിടെ അഞ്ച് വർഷത്തേക്ക് വിലക്കിന് വിധേയമായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒക്ടോബർ 20 വരെയാണ് റിമാൻഡ് കാലാവധി. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയാണ് അബ്ദുൾ സത്താറിനെ റിമാൻഡ് ചെയ്തത്.
പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമ സംഭവങ്ങളിൽ അബ്ദുൾ സത്താറിനെ കേരളത്തിലെ മുഴുവൻ കേസുകളിലും പ്രതിയാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. പിഎഫ്ഐ ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദേശം. ഹർത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ ഉണ്ടായ നഷ്ടപരിഹാരത്തുക കെട്ടിവച്ചാൽ മാത്രം പ്രതികൾക്ക് ജാമ്യം നൽകിയാൽ മതി. അല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കും. ഇക്കാര്യം സംബന്ധിച്ച് എല്ലാ മജിസ്ട്രേറ്റ് കോടതികൾക്കും നിർദേശം നൽകുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.