ഡാളസ് മാർത്തോമ സഭയിൽ നാല് പുതിയ എപ്പിസ്കോപ്പമാർ കൂടി തിരഞ്ഞെടുക്കുന്നതിന് അലക്സാണ്ടർ മാർത്തോമാ സ്മാരക ഓഡിറ്റോറിയത്തിൽ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സഭ മണ്ഡലം തീരുമാനിച്ചു. ആസ്ഥാനത്തേക്ക് യോഗ്യതയുള്ള പട്ടക്കാരെ കണ്ടെത്തുന്നതിന് എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡിനെ നിയമിച്ചത് എപ്പിസ്കോപ്പൽ സിനഡ് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
പുതിയതായി തെരഞ്ഞെടുക്കുവാൻ ഉദ്ദേശിക്കുന്ന എപ്പിസ്കോപ്പൽ സ്ഥാനാർഥികളെ നാമനിർദേശം ചെയ്യുന്നതിന് മാർത്തോമാ സഭയിലെ അംഗങ്ങൾക്കുള്ള അവകാശം രേഖാമൂലം 2022 ഒക്ടോബർ 31ന് മുൻപ് സഭാ സെക്രട്ടറി അറിയിക്കണമെന്ന് മെത്രാപോലീത്തയുടെ അറിയിപ്പിൽ പറയുന്നു.
സഭയുടെ വിശ്വാസ ആചാരങ്ങളേയും മേലദ്ധ്യക്ഷ അധികാരത്തെയും സ്വയംഭരണാവകാത്തേയും പൂർണമായി അംഗീകരിക്കുന്നവരും തൃപ്തികരമായ ശാരീരാരോഗ്യവും വിശ്വാസ സ്ഥിരതയും ദൈവഭക്തിയും നല്ല നടത്തവും ഉത്തമ സ്വഭാവവും പക്വമതികളും ആയ പട്ടക്കാരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
എപ്പിസ്കോപ്പാ വിവാഹിതൻ ആയിരിക്കാം എന്ന് വിശുദ്ധ ബൈബിൾ അനുവദിച്ചിട്ടുണ്ടെങ്കിലും മലങ്കര മാർത്തോമ്മ സുറിയാനി സഭയിലെ എപ്പിസ്കൊപ്പാമാർ അവിവാഹിതർ ആയിരിക്കണമെന്ന പുരാതന കീഴ്നടപ്പ് പാലിച്ചു കൊണ്ടുപോകുന്നത് ആവശ്യമുള്ളതിനാൽ എപ്പിസ്കോപ്പൽ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെടുന്നവർ അവിവാഹിതരായിരിക്കേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.
എപ്പിസ്കോപ്പൽ ബോർഡിൻറെ അദ്ധ്യക്ഷൻ മെത്രാപ്പോലീത്തായും, സഫ്രഗൻ മെത്രാപ്പോലീത്ത ഡോക്ടർ യുയാകിം മാർ കൂറിലോസ് ഉപാദ്ധ്യക്ഷനും, സഭാ സെക്രട്ടറി സെക്രട്ടറിയും ആയിരിക്കും.