വാക്കോ (ടെക്സസ്) അമേരിക്കയിൽ നടന്ന മറ്റൊരു കൂട്ട വെടിവെപ്പിൽ സെൻട്രൽ ടെക്‌സസിലെ മക്‌ഗ്രെഗറിൽ അഞ്ച് പേർ മരിച്ചു.
വാക്കോയുടെ തെക്കുപടിഞ്ഞാറൻ ചെറുപട്ടണത്തിൽ നടന്ന വെടിവെപ്പിൽ ഒരു അമ്മയും രണ്ട് കുട്ടികളും രണ്ട് അയൽക്കാരും മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
വെടിയുതിർത്തയാളെന്ന് സംശയിക്കുന്നത് അമ്മയുടെ സുഹൃത്താണ്. ഇയാളെ പോലീസുമായുള്ള ഏറ്റുമുട്ടലിനു ശേഷം അറസ്റ്റ് ചെയ്തു.
പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 7:35 ന് റെസിഡൻഷ്യൽ ഏരിയയിൽ വെടിവയ്പ്പുണ്ടായെന്ന റിപ്പോർട്ടിനോട് പോലീസ് പ്രതികരിച്ചതായി മക്ഗ്രെഗർ മേയർ ജിമ്മി ഹെറിംഗ് പ്രസ്താവനയിൽ പറഞ്ഞു.
“ഭീകരവും വിവേകശൂന്യവുമായ ഈ അക്രമം ഞങ്ങളുടെ നഗരത്തെ തകർത്തു,” ഹെറിംഗ് പറഞ്ഞു. ഇരകളുടെ കുടുംബങ്ങളെയും ഉദ്യോഗസ്ഥരെയും മക്ഗ്രെഗറിന്റെ സമൂഹത്തെയും നിങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും നിലനിർത്താൻ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. വിശദമായ വിവരങ്ങള്‍ സ്ഥിരീകരിക്കപ്പെടുന്നതിനനുസരിച്ച് പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരകളെക്കുറിച്ചും അക്രമിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇതൊരു ഗാര്‍ഹിക പീഡന സംഭവമായി സംസ്ഥാന പ്രതിനിധി ചാൾസ് “ഡോക്” ആൻഡേഴ്സൺ വിശേഷിപ്പിച്ചു.
തോക്ക് അക്രമം അമേരിക്കയിൽ പകർച്ചവ്യാധി പോലെ പടര്‍ന്നുപിടിക്കുകയാണെന്നതിന്റെ തെളിവുകളാണ് സമീപകാലങ്ങളിലെ സംഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്.
ഗൺ വയലൻസ് ആർക്കൈവ് അനുസരിച്ച്, തോക്കുകള്‍ കൈവശം വെയ്ക്കുന്നവരുടെ എണ്ണത്തില്‍ അമേരിക്ക ഒന്നാം സ്ഥാനത്താണ്. അതായത് 100 പേർക്ക് 120.5 തോക്കുകൾ ഉണ്ട്.
തോക്കുകളുടെ അമിത കുത്തൊഴുക്ക് അമേരിക്കൻ സമൂഹങ്ങളെ “കൊലക്കളങ്ങള്‍” ആക്കി മാറ്റുകയാണെന്ന് ജൂലൈയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.
“കഴിഞ്ഞ കുറേ വർഷങ്ങളായി, ഞങ്ങളുടെ സ്‌കൂളുകൾ, ആരാധനാലയങ്ങൾ, ജോലിസ്ഥലങ്ങൾ, സ്റ്റോറുകൾ, സംഗീതോത്സവങ്ങൾ, നിശാക്ലബ്ബുകൾ തുടങ്ങി നിരവധി ദൈനംദിന സ്ഥലങ്ങളിൽ അവ കൊലക്കളങ്ങളായി മാറിയിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.