വാഷിംഗ്ടണ്‍: അമേരിക്കയിൽ വീടു വാങ്ങുന്നതിനുള്ള പലിശ നിരക്കിൽ റെക്കോർഡ് വർധന. കഴിഞ്ഞവാരം പലിശ നിരക്ക് ഏഴു ശതമാനം കടന്നുവെന്നു മോർട്ട്‌ഗേജ് ഡെയ്‌ലി ന്യൂസ് റിപ്പോർട്ട് ചെയ്തു. വീടു വാങ്ങുന്നതിനു 30 വർഷത്തെ കടത്തിനു 7.08 ശതമാനം വരെയായിരുന്നു ചൊവ്വാഴ്ച പലിശ നിരക്ക്. 2008 നു ശേഷം ഇത്രയും പലിശ നിരക്കു ഉയർന്നതു ആദ്യമായിട്ടാണെന്ന് മോർട്ട്‌ഗേജ് ബാങ്കേഴ്സ് അസോസിയേഷൻ പറഞ്ഞു.
കഴിഞ്ഞ വർഷം ഇതേസമയം പലിശ നിരക്കിൽ നിന്നും 3.01 ശതമാനം കുറവായിരുന്നു. പലിശ നിരക്കു ഉയർന്നതോടെ വീടു വാങ്ങുന്നവരും വീട് വിൽക്കുന്നവരും വേവലാതിയിലാണ്. കച്ചവടം നടക്കുന്നില്ല എന്നതാണ് കാരണമായി ചൂണ്ടികാണിക്കുന്നത്. അര മില്യൺ ഡോളറിന്റെ വീടു വാങ്ങുന്നവർ കഴിഞ്ഞ വർഷം നൽകിയതിനേക്കാൾ ആയിരം ഡോളർ കൂടുതൽ മോർട്ട്‌ഗേജിന് നൽകേണ്ടി വരുന്നു.
ഫെഡറൽ റിസർവ് പലിശ നിരക്ക് പെട്ടെന്ന് വർധിപ്പിച്ചതാണ് പലിശ നിരക്ക് ഇത്രയും ഉയരാൻ കാരണമായത്. നാണ്യപെരുപ്പം നിയന്ത്രിക്കുക എന്നതാണ് ഫെഡറൽ റിസർവിന്റെ ലക്ഷ്യം. മൂന്നു മാസം മുൻപു വരെ നടന്നിരുന്ന വീടു വിൽപ്പനയുടെ 25 ശതമാനം കുറവാണ് ഇപ്പോൾ നടക്കുന്നതെന്ന് റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരും പറയുന്നു.