കോട്ടയം: കര്‍ഷകഭൂമി കൈയ്യേറി വനംവകുപ്പിന്റെ അജണ്ടകള്‍ നടപ്പിലാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്ന കര്‍ഷകവിരുദ്ധ ബഫര്‍സോണ്‍ സമിതിയെ മലയോരജനത അംഗീകരിക്കില്ലെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ: വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.
വനാതിര്‍ത്തിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ എന്ന നടപടിക്രമം നടപ്പിലാക്കുവാനുള്ള തന്ത്രമാണ് പുതിയ സമിതി. ഹൈറേഞ്ച് ലാന്‍ഡ്‌സ്‌കേപ്പ് ഉള്‍പ്പെടെ കഴിഞ്ഞ കാലങ്ങളില്‍ കൃഷിഭൂമി കയ്യേറി വനവല്‍ക്കരണം നടത്തുവാനുള്ള പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചവരുടെ നേതൃത്വത്തിലുള്ളതാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വിദഗ്ദ്ധസമിതി. നിര്‍ദ്ദിഷ്ട ബഫര്‍സോണ്‍ മേഖലയിലുള്ള ജനവിഭാഗങ്ങളുടെയോ കര്‍ഷകരുെടയോ പ്രതിനിധികളില്ലാത്ത വനംവകുപ്പ് ഉദ്യോഗസ്ഥ വിദഗ്ദ്ധസമിതിയില്‍ നിന്ന് മലയോരജനതയ്ക്ക് നീതി ലഭിക്കില്ല. ബഫര്‍ സോണ്‍ വനത്തിനുള്ളില്‍ നിജപ്പെടുത്തുകയെന്ന നിലപാടിനെ അട്ടിമറിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് കര്‍ഷകരുടെ കൈവശമിരിക്കുന്ന റവന്യൂ ഭൂമിയിലെ പരിശോധനകള്‍. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമായി പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍വരെ ബഫര്‍സോണ്‍ നിശ്ചയിക്കുന്നതില്‍ കര്‍ഷകര്‍ക്ക് എതിരില്ല. പക്ഷേ അതിനായി വനാതിര്‍ത്തിവിട്ട് കര്‍ഷകരുടെ കൃഷിഭൂമി കയ്യേറി ബഫര്‍സോണ്‍ നടപ്പിലാക്കാനുള്ള നീക്കം അനുവദിക്കില്ല.
ബഫര്‍സോണ്‍ സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് ഉദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നത് ശരിയല്ല. റവന്യൂ, കൃഷി, തദ്ദേശ സ്വയംഭരണം, സര്‍വ്വേ, വനംവകുപ്പ്, കാര്‍ഷിക വിദഗ്ദ്ധര്‍, നിര്‍ദ്ദിഷ്ഠ ബഫര്‍സോണ്‍ പ്രദേശങ്ങളിലെ കര്‍ഷകപ്രതിനിധികള്‍ എന്നിവരടങ്ങുന്ന സമിതിയാണ് ഇക്കാര്യത്തില്‍ വേണ്ടത്. ജനവാസമേഖലകളെ ബഫര്‍സോണില്‍നിന്ന് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ബഫര്‍സോണ്‍ വനാതിര്‍ത്തിവിട്ട് കൃഷിഭൂമിയിലേയ്ക്ക് വ്യാപിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് ഉറപ്പാകുന്നു. ഇതിനെ വിദഗ്ദ്ധസമിതിയെക്കൊണ്ട് അംഗീകരിപ്പിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച് ഉത്തരവ് സംഘടിപ്പിക്കുകയെന്ന വനംവകുപ്പ് തന്ത്രം ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടാണോയെന്നു വ്യക്തമാക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.