കോഴിക്കോട്: പിഎഫ്ഐ നിരോധനത്തിൽ മുസ്ലീം ലീഗിൽ അഭിപ്രായവ്യത്യാസമില്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. നിരോധനത്തിൽ സംശയമുണ്ടെന്ന് പിഎംഎ സലാം നേരത്തെ വ്യക്തമാക്കിയിരുന്നു. ഏകപക്ഷീയമായി പിഎഫ്ഐയെ മാത്രം നിരോധിക്കുന്നത് ശരിയല്ല. നിരോധനം പരിഹാരമല്ല. നിരോധനത്തിന് ഒരു സംഘടനയെ ആശയപരമായി തകർക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിന്റെ തുടക്കം മുതൽ അതിനെ ശക്തമായി എതിർത്ത ഒരേയൊരു രാഷ്ട്രീയ പാർട്ടി മുസ്ലീം ലീഗ് മാത്രമാണ്. വർഗീയ പ്രവർത്തനങ്ങൾ, വിഭാഗീയ പ്രവർത്തനങ്ങൾ, അട്ടിമറി/വിധ്വംസക പ്രവർത്തനങ്ങൾ എന്നിവയുടെ പേരിലാണ് വിലക്ക്. ഇതിലും അഗ്രസീവ് ആയി ഇതെല്ലാം ചെയ്യുന്ന സംഘടനകൾ ഇന്ത്യയിലുണ്ട്. ആർഎസ്എസ് പോലുള്ള സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ കുറ്റകൃത്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന സർക്കാർ, പിഎഫ്ഐയെ മാത്രം തൊടുന്നത് ഏകപക്ഷീയമാണെന്ന് പറയാതിരിക്കാൻ കഴിയില്ലെന്ന് സലാം പറഞ്ഞു.
പിഎഫ്ഐ നിരോധനത്തെ സ്വാഗതം ചെയ്യുന്ന നിലപാടിൽ മാറ്റമില്ലെന്ന എംകെ മുനീറിന്റെ പ്രതികരണത്തിന് പിന്നാലെയാണ് പിഎംഎ സലാമിന്റെ പ്രതികരണം. അതേസമയം, വിഷയത്തിൽ മുസ്ലീം ലീഗിൽ ഭിന്നതയില്ലെന്നും ആശയക്കുഴപ്പം സൃഷ്ടിച്ചത് മാധ്യമങ്ങളാണെന്നും എംകെ മുനീറും പ്രതികരിച്ചു.