ഞങ്ങളുടെ കാഴ്ചയിൽ നിന്ന് പോയി, പക്ഷേ ഒരിക്കലും ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് പോയിട്ടില്ല: കോടിയേരിക്ക് ആദരാഞ്ജലികളര്‍പ്പിച്ച് നേതാക്കള്‍

ഇന്ന് (ഒക്‌ടോബർ 1 ശനിയാഴ്ച) ചെന്നൈ അപ്പോളോ ആശുപത്രിയിൽ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്‌സിസ്റ്റ്) സഹപ്രവർത്തകരും രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി. “എല്ലാവർക്കും തുല്യത, നീതി, വിമോചനം എന്നിവയെ മാനിച്ച്, വിഭാഗീയ, മത വർഗീയതക്കെതിരെ അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പോരാടി. അദ്ദേഹത്തിന്റെ സമതുലിതമായ സമീപനവും സൗഹാർദ്ദപരമായ പെരുമാറ്റവും നിരവധി പ്രതിസന്ധികളെ അതിജീവിച്ചു, ”സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

കോടിയേരിയുടെ സംസ്‌കാരം തിങ്കളാഴ്ച സ്വന്തം ജില്ലയായ കണ്ണൂരിലെ പയ്യാമ്പലത്ത് നടക്കും. പാർട്ടി ആസ്ഥാനമായ എകെജി സെന്റർ ഉൾപ്പെടെ എല്ലാ പാർട്ടി ഓഫീസുകളിലും പാർട്ടി ചെങ്കൊടി പകുതി താഴ്ത്തിക്കെട്ടും.

സൗമ്യമായ പെരുമാറ്റം കൊണ്ടും ജനങ്ങളുടെ ക്ഷേമത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത കൊണ്ടും കോടിയേരി എല്ലാവർക്കും പ്രിയപ്പെട്ടവനാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ‘മുൻ മന്ത്രി എന്ന നിലയിലും സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ഒരു നേതാവും എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും. ആത്മാവിന് മോക്ഷം,” ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വഴങ്ങാത്ത വ്യക്തിത്വം – തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍: വഴങ്ങാത്ത വ്യക്തിത്വമായിരുന്നു സഖാവ് കോടിയേരി. 1975ലെ അടിയന്തരാവസ്ഥക്കാലത്ത് മിസയുടെ പേരിൽ ജയിൽവാസം പോലും അനുഭവിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സിപിഐ എം സഖാക്കൾക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു, തമിഴ്നാട് മുഖ്യമന്ത്രി
എം.കെ സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

“ഞങ്ങളുടെ കാഴ്ചയിൽ നിന്ന് പോയി, പക്ഷേ ഒരിക്കലും ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് പോയിട്ടില്ല. പ്രിയ ബാലകൃഷ്‌ണേട്ടാ വിട” നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഫേസ്ബുക്കിൽ കുറിച്ചു.

അടിമുടി രാഷ്‌ട്രീയക്കാരന്‍ – വി.ഡി സതീശന്‍: അടിമുടി രാഷ്‌ട്രീയക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അക്ഷരാര്‍ഥത്തില്‍ രാഷ്‌ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം. സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളും കൊണ്ട് രാഷ്‌ട്രീയഭേദമന്യേ കോടിയേരി എല്ലാവര്‍ക്കും പ്രിയങ്കരനായെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചട്ടക്കൂടിന് പുറത്തേക്കും അദ്ദേഹത്തിന്റെ സൗഹൃദം വ്യാപിച്ചു. പ്രായോഗിക രാഷ്‌ട്രീയത്തിന്റെ നയതന്ത്രവും കാര്‍ക്കശ്യവും ഒരു പോലെ വഴങ്ങിയ നേതാവായിരുന്നു കോടിയേരിയെന്നും സിപിഎമ്മിലെ സൗമ്യ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം രാഷ്‌ട്രീയ കേരളത്തിന് വലിയ നഷ്‌ടമാണെന്നും വി.ഡി സതീശൻ അനുസ്മരിച്ചു.

മതനിരപേക്ഷ നിലപാടുകള്‍ സ്വീകരിച്ച ജനകീയനായ നേതാവ് – കെ.സുധാകരന്‍ : മതനിരപേക്ഷ നിലപാടുകള്‍ സ്വീകരിച്ച ജനകീയനായ സിപിഎം നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ പ്രതികരിച്ചു. സിപിഎമ്മിലെ സൗമ്യമായ മുഖമായും മികച്ച ഭരണാധികാരിയായും പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. രാഷ്‌ട്രീയമായി എതിര്‍ചേരിയില്‍ വ്യത്യസ്‌ത അഭിപ്രായങ്ങളോടും ആശയങ്ങളോടും കൂടി പ്രവര്‍ത്തിക്കുമ്പോഴും എല്ലാവരുമായി നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്നും അദ്ദേഹത്തിന്റെ വേര്‍പാട് സിപിഎമ്മിന് നികത്താന്‍ സാധിക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവ് – ഉമ്മന്‍ ചാണ്ടി : രാഷ്‌ട്രീയമായി വിരുദ്ധ ചേരിയില്‍ നിന്നപ്പോഴും വ്യക്തിപരമായ അടുപ്പം കാത്തുസൂക്ഷിച്ച കോടിയേരി ബാലകൃഷ്ണന്‍ എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്‌നേഹപൂര്‍ണമായ ഇടപെടലിലൂടെ അദ്ദേഹം എല്ലാവരുടെയും ആദരവ് നേടി. അദ്ദേഹത്തിന്റെ അകാലവിയോഗത്തില്‍ അഗാധമായി ദുഃഖിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.

ചിരിക്കുന്ന മുഖം – കെ.സുരേന്ദ്രൻ : സിപിഎമ്മിന്‍റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. രാഷ്‌ട്രീയ എതിരാളികളോടും സൗഹൃദം സൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും അദ്ദേഹത്തിന്‍റെ വിയോഗം കമ്മ്യൂണിസ്‌റ്റ് പാർട്ടിക്കും കേരള രാഷ്‌ട്രീയത്തിനും നഷ്‌ടമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനത്തിനാകെ വന്‍ നഷ്‌ടം – കാനം രാജേന്ദ്രൻ : രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിനാകെ കോടിയേരിയുടെ നിര്യാണം വന്‍ നഷ്‌ടമാണ് വരുത്തിവച്ചിരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിലെ വിദ്യാര്‍ഥി യുവജനപ്രസ്ഥാനം ദേശീയ രാഷ്‌ട്രീയത്തിന് നല്‍കിയ സംഭാവനയാണ് കോടിയേരി ബാലകൃഷ്ണനെന്ന പോരാളി. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തമായി മുന്നോട്ടുനയിക്കുന്നതില്‍ അദ്ദേഹം സുപ്രധാനമായ പങ്കാണ് വഹിച്ചതെന്നും നാലുപതിറ്റാണ്ടിലേറെ കാലം നീണ്ട വ്യക്തിപരമായ ബന്ധവും സൗഹൃദവുമാണ് അദ്ദേഹവുമായുള്ളതെന്നും കാനം അനുസ്മരിച്ചു.

നഷ്‌ടമായത് കരുത്തനായ നേതാവിനെ – രമേശ് ചെന്നിത്തല : സിപിഎമ്മിന്റെ കരുത്തനായ ഒരു നേതാവിനെയാണ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോടെ നഷ്‌ടപ്പെട്ടിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. വിദ്യാർഥി-യുവജനപ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുമ്പോൾത്തന്നെ കോടിയേരിയുമായി ബന്ധപ്പെടാൻ ഇടയായിട്ടുണ്ട്. പാർട്ടിക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും മായാത്ത ചിരിയോടെ ആരോടും സൗഹൃദപൂർവം പെരുമാറുന്ന കോടിയേരിക്ക് മറ്റു പാർട്ടികളിലും ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രി എന്ന നിലയിലും മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവച്ചതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മനുഷ്യസ്നേഹിയായ രാഷ്ട്രീയ നേതാവ് – ഗതാഗത മന്ത്രി ആന്‍റണി രാജു : നിലപാടുകളിൽ കാർക്കശ്യവും ഇടപെടലുകളിൽ സൗമ്യതയും പുലർത്തിയ മനുഷ്യസ്നേഹിയായ രാഷ്‌ട്രീയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇടപെടുന്ന എല്ലാവരോടും സ്നേഹത്തോടെയും സമഭാവനയോടെയും പെരുമാറുന്ന അദ്ദേഹം രാഷ്‌ട്രീയ എതിരാളികളുടെ പോലും ആദരവ് നേടിയിട്ടുണ്ടെന്നും മികച്ച ഭരണകർത്താവായും കരുത്തനായ ജനനേതാവായും കോടിയേരി ബാലകൃഷ്ണനെ കേരളം എന്നും സ്മരിക്കുമെന്നും ആന്റണി രാജു അനുസ്‌മരിച്ചു.

കരുത്തുറ്റ കമ്യൂണിസ്‌റ്റ് പോരാളി – ഡി രാജ : കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിപിഐ അഖിലേന്ത്യാ സെക്രട്ടറി ഡി.രാജ അനുശോചിച്ചു. കരുത്തുറ്റ കമ്യൂണിസ്‌റ്റ് പോരാളിയായിരുന്നു കോടിയേരി. ഇടതുപക്ഷ ഐക്യത്തിനും ഇടതുപക്ഷമുന്നേറ്റത്തിനുമായി നിലകൊള്ളുകയും നിർണായക പങ്കുവഹിക്കുകയും ചെയ്ത അദ്ദേഹം പൊതുപ്രവർത്തകർക്ക് എക്കാലത്തും മാതൃകയാണെന്നും ഡി.രാജ പറഞ്ഞു. ഭരണാധികാരി എന്ന നിലയിലും അദ്ദേഹം മികവ് കാട്ടിയെന്നും ഡി.രാജ കൂട്ടിച്ചേര്‍ത്തു.

അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു – മന്ത്രി എം.ബി രാജേഷ്: കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ മാസം ചെന്നൈയിൽ പോയി അദ്ദേഹത്തെ കണ്ടിരുന്നു. പൂർണ ആരോഗ്യത്തോടെ അദ്ദേഹം തിരിച്ചു വരുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നാൽ മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി അദ്ദേഹം വിട പറഞ്ഞുവെന്നും എം.ബി രാജേഷ് അറിയിച്ചു.

കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിനായി പൂർണമായി സമർപ്പിച്ച ജീവിതത്തിനാണ് തിരശീല വീണത്. അതുല്യനായ സംഘാടകനും പക്വമതിയായ നേതാവും പ്രഗത്ഭനായ ഭരണാധികാരിയുമായിരുന്നു സഖാവ് കോടിയേരി. സന്ദിഗ്‌ധ ഘട്ടങ്ങളിൽ യുക്തിഭദ്രതയോടെ ശരിയായ രാഷ്‌ട്രീയ നിലപാട് അവതരിപ്പിച്ച് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും നിയമസഭയിലും പുറത്തും രാഷ്‌ട്രീയ എതിരാളികളെ നേരിടുന്നതിൽ അസാധാരണമായ പാടവം അദ്ദേഹം പ്രകടിപ്പിച്ചുവെന്നും മന്ത്രി അനുശോചിച്ചു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് കേരളത്തിലെ ജനനേതാവായി വളർന്നതാണ് കോടിയേരിയുടെ ജീവിതകഥയെന്നും അടിയന്തരാവസ്ഥയെ വെല്ലുവിളിച്ച് പ്രകടനം നടത്തുകയും ജയിലിൽ പോവുകയും ചെയ്ത പോരാളിയാണ് അദ്ദേഹമെന്നും എം.ബി രാജേഷ് ഓര്‍ത്തെടുത്തു. വിദ്യാർഥി, യുവജന സംഘടനാ പ്രവർത്തനത്തിൽ തനിക്ക് വലിയ ശക്തിയും പിന്തുണയും അദ്ദേഹം നൽകിയെന്നും നിരവധി പ്രവർത്തകരെ വളർത്തിയെടുക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറക്കാനാകാത്ത ആത്മബന്ധം – കെ.രാധാകൃഷ്‌ണൻ : ഒരിക്കലും മറക്കാനാകാത്ത ആത്മബന്ധമായിരുന്നു കോടിയേരി സഖാവുമായുണ്ടായിരുന്നതെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഏത് പ്രശ്നങ്ങളെയും സമചിത്തതയോടെ നേരിട്ട് പരിഹരിക്കുന്നതിന് അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. നിയമസഭയിലും അദ്ദേഹത്തോടൊപ്പം ഒന്നിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം പ്രതിപക്ഷ ഉപനേതാവായിരുന്നപ്പോൾ പ്രതിപക്ഷ ചീഫ് വിപ്പായും ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ സ്പീക്കറായും താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും സഖാവിന്റെ അകാല വിയോഗം സിപിഎമ്മിനും കേരളത്തിലെ പൊതുസമൂഹത്തിനും തീരാ നഷ്‌ടമാണെന്നും കെ.രാധാകൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കേരള രാഷ്‌ട്രീയത്തിലെ നിസ്വാർഥ സേവകന്‍ – എം.എ യൂസഫലി : കേരള രാഷ്‌ട്രീയരംഗത്തെ നിസ്വാർഥ സേവകനായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ അപ്രതീക്ഷിത നിര്യാണം ഏറെ വേദനയോടും ദു:ഖത്തോടെയുമാണ് താന്‍ ശ്രവിച്ചതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അനുശോചന കുറിപ്പിലൂടെ അറിയിച്ചു. നിയമസഭാ സമാജികൻ, പ്രതിപക്ഷ ഉപനേതാവ്, മന്ത്രി, പാർട്ടി സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹത്തിന്‍റെ പ്രവർത്തനം ഏറെ ശ്രദ്ധേയമായിരുന്നു. ദീർഘകാലമായുള്ള സഹോദര ബന്ധമായിരുന്നു അദ്ദേഹവുമായി തനിക്കുണ്ടായിരുന്നതെന്നും രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് വച്ച് അദ്ദേഹത്തെ കണ്ട് സംസാരിച്ചത് ഈ അവസരത്തിൽ ഓർമിക്കുന്നുവെന്നും യൂസഫലി കുറിച്ചു. സംസ്ഥാന ആഭ്യന്തര മന്ത്രിയായിരിക്കെ അബുദാബി പൊലീസ് ആസ്ഥാനം സന്ദർശിക്കുകയും അവരുമായി ചേർന്നുള്ള സംയുക്ത പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതും താന്‍ ഓർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയെ നയിച്ച മഹാനായ് നേതാവ് – മന്ത്രി ആര്‍ ബിന്ദു: പ്രതിസന്ധി ഘട്ടങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ നയിച്ച മഹാനായ നേതാവായി കോടിയേരിയെ കാലം എന്നും ഓർക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ട്വീറ്റ് ചെയ്തു. “അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ വിദ്യാർത്ഥി പ്രസ്ഥാനത്തെ നയിച്ച അതേ സ്പിരിറ്റിലാണ് സഖാവ് കോടിയേരി ഏറ്റവും കൊടിയ വലതുപക്ഷ കുപ്രചരണങ്ങളെ ചെറുക്കാൻ പാർട്ടിയെ നയിച്ചത്. തന്റെ അവസാന നാളുകൾ വരെ, പാർട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള പ്രവർത്തകരിൽ സ്നേഹപൂർവ്വം വിശ്വാസവും ശക്തിയും അദ്ദേഹം വളർത്തിയെടുത്തു, സംഘടനയിൽ തന്റെ കടുംപിടുത്തം നിലനിർത്തി. ജനാധിപത്യവും മതേതരത്വവും വലിയ വെല്ലുവിളികൾ നേരിടുന്ന കാലത്ത് പാർലമെന്ററി പ്രവർത്തനത്തിലും ബഹുജന സംഘടനാ പ്രവർത്തനത്തിലും സഖാവ് കോടിയേരി കാണിച്ച നേതൃ മാതൃക വേറിട്ടുനിൽക്കുന്നു. ഞാൻ എന്റെ അന്ത്യാഞ്ജലികൾ അർപ്പിക്കുന്നു.. റെഡ് സല്യൂട്ട് സഖാവേ….. മന്ത്രി ട്വീറ്റ് ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News