ഈ അടുത്ത കാലത്തു് ഇന്ത്യക്ക് അഭിമാനകരമായ ഒരു നേട്ടമുണ്ടായത് ലോകത്തെ വൻശക്തിയായ ബ്രിട്ടനെ ആറാം സ്ഥാനത്തേക്ക് മാറ്റി ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയർന്നതാണ്. ഐ.എം.എഫ് സ്ഥിതി വിവരണക്കണക്കുകളുടെ അടിസ്ഥാനത്തിൽ ബ്ലൂംബർഗ് പുറത്തുവിട്ടതാണിത്. അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനിയാണ് ഇന്ത്യയുടെ മുന്നിലുള്ള രാജ്യങ്ങൾ. ധാരാളം അഭിനന്ദനങ്ങൾ വാരിക്കോരി കൊടുക്കുമ്പോൾ, ഇന്ത്യയുടെ ചുവരെഴുത്തുകൾ വായിക്കുമ്പോൾ അഭിമാനത്തിന്റെ അരുണിമയിൽ മുങ്ങിയവർ പട്ടിണിയിൽ വെയിലേറ്റ് വാടിയ വിശന്നുവലഞ്ഞ ഈറനണിഞ്ഞ മിഴികളോടെ വിശപ്പിൽ മരിച്ചുവീണു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ പട്ടിണി പാവങ്ങളെ ഒരു നിമിഷം ഓർക്കണം. വന്യമൃഗത്തിന്റെ മുന്നിൽ ഭയന്നു വിറച്ച പാവപ്പെട്ട മാൻപേടയുടെ ദീനരോദനം പോലെ പാവങ്ങളുടെ ദുഃഖ ദുരിതം, പട്ടിണി, വിശപ്പ് ആരുമറിയു ന്നില്ല. ഇന്ത്യയിലെ സമ്പന്നരും അധികാരികളും മനോഹരങ്ങളായ മട്ടുപ്പാവുകളിൽ സമ്പൽ സമൃദ്ധിയുടെ അഹങ്കാരത്തിൽ സുഖലോലുപരായി രാജ്യത്തിന്റെ ധനസമ്പത്ത് സ്വന്തമാക്കി ആനന്ദാശ്രു നിറഞ്ഞ കണ്ണുകളോടെ സുഖനിദ്ര കൊള്ളുമ്പോൾ ഒരു നേരം ഭക്ഷണം കഴിക്കാനില്ലാതെ, കിടന്നുറങ്ങാൻ കിടപ്പാടമില്ലാതെ ലോകഭൂപടത്തിൽ വിശപ്പ് സൂചികയിൽ ഇന്ത്യയെ നൂറ്റിയൊന്നാം സ്ഥാനത്തു് എത്തിച്ചത് ആരാണ്?
ഇന്ത്യക്കാരൻ കൃതജ്ഞതയോടെ സ്മരിക്കുന്നതാണ് ‘2008 ഒക്ടോബർ 22-ന് ആകാശനീലിമയിലേക്ക് കുതിച്ചുയർന്ന ചന്ദ്രയാൻ-1 ഇന്ത്യക്കാർക്ക് ലഭിച്ച സുവർണ്ണ സമ്മാനമായിരുന്നു. ചന്ദ്രോപരിതലത്തിൽ ഇന്ത്യൻ ബഹിരാകാശ പേടകത്തിന്റെ സഹായത്തോടെ കണ്ടെത്തിയ ജല കണികകൾ ലോകത്തെ ഞെട്ടിച്ച ചരിത്രമായി’. ഇത് മാതൃഭൂമിയിറക്കിയ എന്റെ ‘ചന്ദ്രയാൻ’ എന്ന വൈഞ്ജാനിക ഗ്രന്ഥത്തിൽ നിന്നുള്ളതാണ്. ഈ സുവർണ്ണ സമ്മാനം ഇന്ത്യക്കാരൻ ഹൃദയത്തിലേറ്റു വാങ്ങിയതുപോലെ ഇന്ത്യ ഒരു സാമ്പത്തിക ശക്തിയായി വളർന്നത് എത്ര ഇന്ത്യക്കാർ ഹൃദയത്തിലേറ്റു വാങ്ങും? ഇതൊക്കെ ജനങ്ങളുടെ ശ്രദ്ധ നേടിയെടുക്കാൻ സാധിക്കുമെങ്കിലും ഇന്ത്യയുടെ സാമ്പത്തിക ശാസ്ത്രം കുറെ സമ്പന്നരുടെ സംഭാവനയായി ആഗോളതലത്തിൽ നിലനിൽക്കുന്നു. ഒരു രാജ്യത്തിന്റെ ആരോഗ്യകരമായ വളർച്ചയിൽ സമ്പന്നർ തങ്ങളുടെ ലാഭം വർദ്ധിപ്പിക്കുന്നതുപോലെ പട്ടിണി മരണങ്ങളും, ദാരിദ്ര്യവും വർദ്ധിക്കുന്നു. സമ്പന്നരുടെ പട്ടിക മാത്രം മതിയോ? പാവങ്ങളുടെ പട്ടിക വേണ്ടയോ? ഇന്ത്യക്കാരന്റെ മനസ്സിൽ തുടിക്കുന്ന അഭിമാനകരാമായ നേട്ടം പാവങ്ങളുടെ വളർച്ചയാണ്. എന്തുകൊണ്ടാണ് ഈ ദൗത്യം ഭരണാധികാരികൾ ഏറ്റെടുക്കാത്തത്? ഇന്ത്യയുടെ പട്ടിണി ദാരിദ്ര്യം ലോകജനതക്ക് മുന്നിൽ അമ്പരപ്പിക്കുന്ന ഒരു വസ്തുതയല്ലേ?
ഒരു രാജ്യം ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക് വരുന്നതിന്റെ ആദ്യപടിയാണ് ദാരിദ്ര്യനിർമ്മാർജ്ജനം. സമൂഹത്തിന്റെ അടിത്തട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഈ തകർച്ചക്ക് കാരണം ഇന്ത്യയിലെ സമ്പന്നരും അവർക്ക് കുടപിടിക്കുന്ന ഭരണാധികാരികളുമാണ്. ഈ ചൂഷകർക്കെതിരെ ബോധപൂർവ്വം ഉപഭോഗ വസ്തുവാക്കുന്നത് സാധാരണക്കാരനെയും പാവങ്ങളെയുമാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് അവർക്ക് കൊടുക്കുന്ന നികുതി ഇളവുകൾ, ഇന്ധനവില വർദ്ധനവ് തുടങ്ങിയവ. സാധാരണക്കാരായ മനുഷ്യരുടെ കീശ കാലിയാക്കികൊണ്ട് സമ്പന്നരുടെ കീശ വീർപ്പിക്കുന്നത്? പാവങ്ങളുടെ നികുതികൂട്ടുകയും സമ്പന്നരുടെ നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുറയ്ക്കുകയും ചെയ്തു. സമ്പന്നന്മാരുടെ വളർച്ച 102-ൽ നിന്ന് 142 ആയി. 2020-21-ൽ 23.14 ലക്ഷം കോടിയിൽ നിന്ന് 53.16 ലക്ഷം കോടിയിലേക്ക് ഉയർന്നു. അതിസമ്പന്നരുടെ വളർച്ച 39 ശതമാനമായി ഉയർന്നു. ഈ കാലയളവിൽ 4.6 കോടി ഇന്ത്യക്കാർ ദുഃഖ ദുരിത ദാരിദ്ര്യത്തിലായി. യൂ.എൻ.സമിതിയുടെ കണക്കനുസരിച്ചു് ലോക ദരിദ്രരുടെ പട്ടികയിൽ ഏകദേശം പകുതിയും ഇന്ത്യയിലാണ്. ഇങ്ങനെ ചൂഷണത്തിന്റെ ധാരാളം കണക്കുകൾ സൂക്ഷ്മമായി പരിശോധിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞന്മാർ ധാരാളമുണ്ട്. ഈ നാണക്കേട് ഒരു അപമാനമായി, ലജ്ജാവഹമായി ഇന്ത്യൻ ഭരണകൂടത്തിന് തോന്നുന്നില്ലേ?
യഥാർത്ഥത്തിൽ ഇന്ത്യയുടെ ശത്രുക്കൾ പാക്കിസ്റ്റാന്, ചൈന മാത്രമല്ല നമുക്കൊപ്പം സഞ്ചരിക്കുന്ന വിശപ്പ്, ദാരിദ്ര്യം, തൊഴിലില്ലായ്മ-കർഷക, ജാതി-മത പീഡനങ്ങൾ തുടങ്ങി ധാരാളം മനുഷ്യജീവനെ കാർന്നു തിന്നുന്ന വൈകാരിക പ്രശ്നങ്ങളുണ്ട്. ഇതിലെല്ലാം മനുഷ്യരുടെ ഹൃദയം ഉഴറുകയാണ്. ഇന്നത്തെ സമകാലീന ഇന്ത്യൻ ജനാധിപത്യം മുതലാളി-നാടുവാഴി-പൗരോഹിത്യത്തിന്റെ തടവറയിലാണ്. മണ്ണിൽ കുതിച്ചോടുന്ന കുതിരകളെ പോലെ ജനാധിപത്യത്തിൽ ഇന്ന് കാണുന്നത് കോടികളുടെ അധികാര കുതിരക്കച്ചവടങ്ങളാണ്. ലക്ഷക്കണക്കിന് പാവങ്ങളുടെ വോട്ട് വാങ്ങി ജയിച്ചിട്ട് ഇന്ത്യയിലെ അതിസമ്പന്നർ കൊടുക്കുന്ന കള്ളപ്പണം കോടികളായി വാങ്ങി കോടിശ്വരന്മാരായി ജനവഞ്ചന നടത്തുന്ന രാഷ്ട്രീയ അധികാരം തിമിരം ബാധിച്ചവർ, ധാർമ്മിക ബോധമില്ലാത്തവർ ഇന്ത്യൻ ജനാധിപത്യത്തെ പട്ടിണി പോലെ പട്ടിണി ജനാധിപത്യമാക്കുന്ന ജീർണ്ണിച്ച സംസ്കാരം ആരുടെ സൃഷ്ടിയാണ്? ഇവരാണോ ജനസേവകർ? ഇന്ത്യയിലെ പട്ടിണിപോലെ ഇതും കണ്ണഞ്ചിപ്പിക്കുന്ന ലജ്ജാവഹമായ കെട്ടുകാഴ്ചയല്ലേ?
അധികാരമൂടുപടമണിഞ്ഞവരുടെ പുഞ്ചിരിപ്രഭ ആളിക്കത്തിക്കാൻ തലയില്ലാത്ത സോഷ്യൽ മീഡിയ പരിവാരങ്ങൾ, സൈബർ ഗുണ്ടകൾ ഉന്തിനൊരു തള്ള് കൊടുക്കാൻ സജ്ജമാക്കിയിട്ടുണ്ട്. തള്ളടാ തള്ള്. കൊല്ലാടാ കൊല്ല് ഇതാണ് പ്രമാണം. കഥയറിയാതെ ആട്ടം കാണുന്നവർ അത് വിശ്വസിക്കുന്നു. എന്തിനെയും ശിരസ്സ് കുനിച്ചുകൊണ്ട് നമസ്ക്കരിക്കുന്ന കുറെ ബുദ്ധിജീവികളെന്ന് പറയുന്ന എഴുത്തുകാരും പാവങ്ങളുടെ ആർത്തനാദം കേൾക്കുന്നില്ല. അവരുടെ ബോധമണ്ഡലം മുതലാളിത്വ രാഷ്ട്രീയ തടവറയിലാണ്. സർക്കാർ കൊടുക്കുന്ന സാഹിത്യ രാഷ്ട്രീയ പുരസ്കാരങ്ങളും പദവികളും വാങ്ങി അന്ധകാരമാകുന്ന കാരാഗൃഹത്തിൽ കഴിഞ്ഞുകൂടുന്നു. ഒന്നും തുറന്നെഴുതരുത്. ശബ്ദിച്ചു പോകരുത് അതാണ് അവരുടെ പ്രമാണ ഉടമ്പടി. സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ കേന്ദ്ര സംസ്ഥാന സാഹിത്യ പുരസ്കാരങ്ങൾക്ക് പകരം സാഹിത്യ രാഷ്ട്രീയ പുരസ്കാരങ്ങൾ എന്ന് കൊടുത്താൽ പുരോഗമന പട്ടികയിൽ കൊടുക്കാം. ഈ പുരസ്കാരങ്ങൾ വാങ്ങുന്ന ബഹുഭൂരിപക്ഷവും രാഷ്ട്രീയ സ്വാധിനവലയത്തിലുള്ളവരാണ്. യോഗ്യതയുള്ളവർ തള്ളപ്പെടുന്നുണ്ട്. ജനാധിപത്യത്തിന്റെ മറവിൽ നടക്കുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിൽജാതിമത സാഹിത്യവും ഉൾപ്പെടുത്താവുന്നതാണ്. അതല്ലെങ്കിൽ രാഷ്ട്രീയ ഇടപെടലുകൾ ജാതിമത-സാഹിത്യ-സാംസ്കാരിക രംഗങ്ങങ്ങളിലുണ്ടാകരുത്. വിദേശത്തു് കുറെ സർക്കാർ സംഘടനകൾ ഉണ്ടാക്കിയതു പോലെ ഇതെല്ലം വോട്ട് രാഷ്ട്രീയമല്ലാതെ എന്ത് നേട്ടമാണ് മലയാളിക്കുള്ളത്? കേരളത്തിൽ മുൻപ് ജീവിച്ചിരുന്ന സാഹിത്യ പ്രതിഭകൾ സാമൂഹ്യവൈകൃതങ്ങൾക്കെതിരെ പോരാടിയവരായിരുന്നു.ഇന്ത്യൻ ജനാധിപത്യത്തെ അനാഥമാക്കുന്നതിൽ, മൂല്യത്തകർച്ചയിൽ എഴുത്തുകാരനും വലിയൊരു പങ്കുണ്ട്. ഇന്ത്യയുടെ നേട്ടങ്ങളെക്കാൾ കോട്ടങ്ങളാണ് കണ്ണുനീർ പൊഴിക്കുന്നത്. ആ ശ്മശാന മണ്ണിൽ വിളറി വിറങ്ങലിച്ചു നിൽക്കുന്ന പാവങ്ങളുടെ കണ്ണുനീർ തുടയ്ക്കാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങുമോ.?