ന്യൂഡല്‍ഹി: പാർട്ടിയുടെ തലപ്പത്ത് എത്താന്‍ കോൺഗ്രസ് രാഷ്ട്രീയക്കാർ പരസ്പരം പോരാടുകയാണ്. പാർട്ടി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിയില്ലെന്നും തങ്ങൾ നിഷ്പക്ഷത പാലിക്കുമെന്നും ഗാന്ധി കുടുംബം തന്നോട് പറഞ്ഞതായി കോൺഗ്രസ് എം പി ശശി തരൂർ ശനിയാഴ്ച പറഞ്ഞു.
പിന്തുണയ്ക്കുന്നവരെ ഒറ്റിക്കൊടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ ശശി തരൂർ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി. 1956 ഒക്ടോബർ 14 ന് ബി ആർ അംബേദ്കർ തന്റെ അനുയായികൾക്കൊപ്പം ബുദ്ധമതം ആശ്ലേഷിച്ച ദീക്ഷഭൂമി സ്മാരകം സന്ദർശിച്ച് പാർട്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള പ്രചാരണവും അദ്ദേഹം ആരംഭിച്ചു.
“ഗാന്ധി കുടുംബത്തിൽ നിന്നുള്ള മൂന്നുപേരെയും (സോണിയ, രാഹുൽ, പ്രിയങ്ക) ഞാൻ കണ്ടിരുന്നു. പാർട്ടി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്നും അങ്ങനെയൊരു സ്ഥാനാർത്ഥിയുണ്ടാകില്ലെന്നും അവർ എന്നോട് ആവർത്തിച്ച് പറഞ്ഞു. അവർക്ക് നല്ലത് വേണം. നീതിയുക്തമായ തിരഞ്ഞെടുപ്പും. ഗാന്ധി കുടുംബം നിഷ്പക്ഷരും പാർട്ടി മെഷിനറി നിഷ്പക്ഷരുമായിരിക്കും. നല്ല തിരഞ്ഞെടുപ്പ് നടക്കണമെന്നും പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും അവർ ആഗ്രഹിക്കുന്നു. പാർട്ടി അദ്ധ്യക്ഷൻ ഉറപ്പു നൽകിയപ്പോൾ എനിക്ക് സംശയിക്കാനൊന്നുമില്ല,” തരൂര്‍ പറഞ്ഞു.
മല്ലികാർജുൻ ഖാർഗെയെക്കുറിച്ചുള്ള ചോദ്യത്തിന് ശശി തരൂരിന്റെ മറുപടി ഇങ്ങനെ – “ഇത് സഹപ്രവർത്തകർ തമ്മിലുള്ള തെരഞ്ഞെടുപ്പാണ്. ശത്രുതയോ യുദ്ധമോ ഇല്ല. ഇത് സൗഹൃദ മത്സരമാണ്. ഞങ്ങളുടെ പ്രമേയങ്ങൾ അവതരിപ്പിച്ച് പിന്തുണ അഭ്യർത്ഥിക്കുന്നു.”
എതിരില്ലാതെ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടോ എന്ന ചോദ്യവും അദ്ദേഹത്തോട് ചോദിച്ചു. “എന്നിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും എന്നെ പിന്തുണക്കുകയും ചെയ്ത നിരവധി ആളുകളെ ഞാൻ എങ്ങനെ ഒറ്റിക്കൊടുക്കും എന്നതാണ്. അവരെ ഞാൻ ഉപേക്ഷിക്കില്ല. എന്നോട് മത്സരിക്കാൻ സാധാരണ പാർട്ടി പ്രവർത്തകരാണ് ആവശ്യപ്പെട്ടത്. കോൺഗ്രസിലെ സാധാരണ പ്രവർത്തകർ പാർട്ടിയിൽ മാറ്റം ആഗ്രഹിക്കുന്നു, അവരുടെ ശബ്ദമാകാനും യൂത്ത് കോൺഗ്രസിന്റെ ശബ്ദമാകാനും ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.
നടപടിയുടെ അവസാന ദിവസമായ വെള്ളിയാഴ്ചയാണ് ശശി തരൂർ പത്രിക സമർപ്പിച്ചത്. ഒക്‌ടോബർ എട്ട് വരെ പത്രിക പിൻവലിക്കാൻ അനുമതിയുണ്ട്. അതേ ദിവസം വൈകിട്ട് അഞ്ച് മണിക്ക് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക പുറത്ത് വരും. ആവശ്യമെങ്കിൽ വോട്ടെടുപ്പ് ഒക്‌ടോബർ 17ന് നടക്കും. വോട്ടെണ്ണൽ ഒക്‌ടോബർ 19ന് നടക്കും, അന്നുതന്നെ ഫലവും പ്രഖ്യാപിക്കും.