കണ്ണൂർ: ഇന്നലെ ചെന്നൈയിൽ അന്തരിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് ജന്മനാട്ടിൽ അന്ത്യോപചാരം. ഇന്ന് ഉച്ചയോടെ ചെന്നൈയിൽ നിന്ന് എയർ ആംബുലൻസിൽ മൃതദേഹം കണ്ണൂർ വിമാനത്താവളത്തിലെത്തിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ കണ്ണൂർ വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് വിലാപയാത്രയായാണ് തലശ്ശേരിയിൽ എത്തിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിമാനത്താവളത്തിലെത്തി. സ്പീക്കർ എ എൻ ഷംസീറും കോടിയേരിയുടെ മകൻ ബിനീഷും ആംബുലൻസിൽ അനുഗമിച്ചു. നൂറോളം റെഡ് വളണ്ടിയർമാരും പാർട്ടി പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ച് ആംബുലൻസിന് വഴിയൊരുക്കി. നൂറോളം വാഹനങ്ങൾ വിലാപയാത്രയെ അനുഗമിച്ചു.
മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്. തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ മുഖ്യമന്ത്രിയും മുതിർന്ന നേതാക്കളും ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രം അർപ്പിച്ചു. കോടിയേരിയുടെ കുടുംബാംഗങ്ങൾ അന്തിമോപചാരം അർപ്പിച്ചപ്പോൾ വികാരനിർഭരമായ നിമിഷങ്ങൾക്ക് തലശ്ശേരി ടൗൺ ഹാൾ സാക്ഷിയായി.
മുദ്രാവാക്യം വിളികളോട് കൂടിയാണ് കോടിയേരിയുടെ മൃതദേഹത്തെ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയത്. തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് പ്രിയ സഖാവിന് ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്‍പചക്രം അര്‍പ്പിച്ചു. കോടിയേരിയുടെ കുടുംബാംഗങ്ങൾ അന്തിമോപചാരം അർപ്പിച്ചപ്പോൾ വികാരനിർഭരമായ നിമിഷങ്ങള്‍ക്കാണ് തലശേരി ടൗൺ ഹാൾ സാക്ഷിയായത്.
സിപിഎം നേതാക്കൾ, മറ്റ് കക്ഷി രാഷ്‌ട്രീയ പ്രമുഖർ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, പാർട്ടി പ്രവർത്തകർ എന്നിവർ പ്രിയ സഖാവിന് അന്തിമോപചാരം അർപ്പിച്ചു. കെ സുധാകരന്‍, കെ മുരളീധരൻ, പികെ കുഞ്ഞാലിക്കുട്ടി, മുനവറലി ശിഹാബ് തങ്ങൾ, വെള്ളാപ്പള്ളി നടേശന്‍, എപി അബ്‌ദുള്ളക്കുട്ടി, പികെ കൃഷ്‌ണദാസ് തുടങ്ങിയവർ ടൗണ്‍ ഹാളിലെത്തി.
വൻ ജനാവലിയാണ് തലശേരിയില്‍ തങ്ങളുടെ പ്രിയ സഖാവിനെ ഒരു നോക്കുകാണാനെത്തിയത്. ഇന്ന് മുഴുവൻ തലശേരി ടൗൺ ഹാളില്‍ പൊതുദർശനത്തിന് വച്ചശേഷം വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം അവിടുത്തെ പൊതുദർശന ശേഷം നാളെ സിപിഎം ജില്ല കമ്മിറ്റി ഓഫിസായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിലും പൊതുദർശനത്തിന് വയ്ക്കും. അതിനുശേഷം നാളെ വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലം ബീച്ചില്‍ സംസ്‌കാര ചടങ്ങുകൾ നടക്കും.
ജനസാഗരമായി തലശേരി : ചേതനയറ്റ ശരീരം അവരുടെ മുന്നിലൂടെ കടന്നുപോയപ്പോൾ അണികൾ ഉറക്കെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ജനങ്ങളും നേതാക്കളുമെല്ലാം ഹൃദയം തൊട്ട് വിതുമ്പുന്ന കാഴ്‌ചയാണ് മട്ടന്നൂർ വിമാനത്താവളം മുതൽ തലശേരി ടൗൺ ഹാൾ വരെ കണ്ടത്. നിറഞ്ഞ കണ്ണുകളുമായി നിന്നവരെല്ലാം ഹൃദയവേദനയിലും മുഷ്‌ടി ചുരുട്ടി ചങ്ക് പിളർക്കെ ‘ഇല്ല..ഇല്ല..മരിക്കുന്നില്ല..കോടിയേരി മരിക്കുന്നില്ല’ എന്ന് ഓരോ നിമിഷത്തിലും ഉറക്കെ വിളിച്ചുകൊണ്ടേയിരുന്നു.
തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര കണ്ണൂരില്‍ നിന്ന് ആരംഭിച്ചത്. ഓരോ കേന്ദ്രങ്ങളിലും ജനം ഒഴുകിയെത്തി. നിറഞ്ഞ കണ്ണുകളുമായാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും ശക്തികേന്ദ്രത്തിലെ ഓരോ കവലകളും കോടിയേരിയെ കാത്തുനിന്നത്. സ്ത്രീകളും കുട്ടികളുമെല്ലാം വഴിയോരങ്ങളിൽ കാത്തുനിന്ന് അന്തിമോപചാരം അർപ്പിച്ചു.
കോടിയേരി ബാലകൃഷ്ണൻ ജനിച്ചു വളര്‍ന്ന മണ്ണില്‍ അദ്ദേഹം മഹാനായ നേതാവായി വളര്‍ന്നതും നേരിൽ കണ്ടറിഞ്ഞ കണ്ണൂരുകാര്‍ക്ക് ഹൃദയഭേദകമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യയാത്ര. കൂത്തുപറമ്പിലും തലശ്ശേരിയിലും അനിയന്ത്രിതമായ ജനപ്രവാഹമായിരുന്നു. ഒടുവിൽ, ആംബുലൻസ് ടൗൺഹാളിൽ പ്രവേശിച്ചപ്പോൾ, മുദ്രാവാക്യങ്ങൾ നിറഞ്ഞ അന്തരീക്ഷം കണ്ണീരാൽ നനഞ്ഞു. കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.