താടിയെല്ല് സന്ധി മാറ്റിവെച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ചരിത്രം സൃഷ്ടിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജില്‍ അപൂർവ ശസ്ത്രക്രിയ നടത്തി ചരിത്ര വിജയം നേടി. മെഡിക്കല്‍ കോളേജുകളിലെ ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജറി വിഭാഗം (ഒഎംഎഫ്എസ്) സർക്കാർ മെഡിക്കൽ കോളേജിലെ ആദ്യത്തെ അതിസങ്കീർണ്ണമായ കീഴ്ത്താടിയെല്ലിന്റെ ജോയിന്റ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. കോട്ടയം സ്വദേശിയായ 56കാരനാണ് മെഡിക്കൽ കോളജിൽ അപൂർവ ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയയ്ക്കു ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ സംഘത്തെയും ആരോഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. കീഴ്ത്താടിയില്‍ ക്യാൻസർ ബാധിച്ചതിനെത്തുടർന്ന്, കീഴ്ത്താടിയെല്ലും അതിന്റെ സന്ധിയും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും പകരം കൃത്രിമ സന്ധി വെച്ചു പിടിപ്പിക്കുകയും ചെയ്തു. അര്‍ബുദം ബാധിച്ച താടിയെല്ല് എടുത്ത് കളഞ്ഞാല്‍ കവിള്‍ ഒട്ടിയിരിക്കും. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടായിരിക്കും. അതിനാലാണ് കൃത്രിമ സന്ധി വച്ചുപിടിപ്പിക്കുന്നതിന്‍റെ സാധ്യത ആരാഞ്ഞത്. ചെന്നൈയിലെ ലാബില്‍ സിടി സ്‌കാന്‍ അയച്ചുകൊടുത്ത് മാതൃകയുണ്ടാക്കിയ ശേഷമാണ് കൃത്രിമ സന്ധിയുണ്ടാക്കി ശസ്ത്രക്രിയ നടത്തിയത്.

മുഖഭാവങ്ങളും മുഖത്തെ വിവിധ പേശികളുടെ പ്രവര്‍ത്തനവും സാധ്യമാകുന്ന ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിക്കുന്നത് ഈ ശസ്ത്രക്രിയയുടെ സങ്കീര്‍ണതയാണ്. എന്നാല്‍ യാതൊരു പാര്‍ശ്വഫലവും കൂടാതെ ഈ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്‌ച നടന്ന ശസ്ത്രക്രിയ ഏഴു മണിക്കൂറോളമാണ് നീണ്ടുനിന്നത്. ഒ.എം.എഫ്.എസ് മേധാവി ഡോ. എസ്. മോഹന്‍റെയും അനസ്‌തേഷ്യ വിഭാഗം ഡോ. ശാന്തി, ഡോ. ഷീല വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഡോ. ദീപ്‌തി സൈമണ്‍, ഡോ. ബോബി ജോണ്‍, ഡോ. പി.ജി. ആന്‍റണി, ഡോ. ജോര്‍ജ് ഫിലിപ്പ്, നഴ്‌സുമാര്‍ എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി.

Print Friendly, PDF & Email

Leave a Comment

More News