പാലക്കാട്: വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസിൽ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് ഇടിച്ച സംഭവത്തില്‍ ഒളിവില്‍ പോയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനെ അറസ്റ്റു ചെയ്തു. കൊല്ലം ചവറയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ചവറ പോലീസ് ഇയാളെ പിടികൂടിയത്.
അപകടത്തെ തുടർന്ന് തൃശ്ശൂരിലെ ആശുപത്രിയിൽ ഇയാള്‍ ചികിത്സ തേടിയിരുന്നു. അതിനുശേഷം അവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. വക്കീലിനെ കാണാൻ കാറിൽ പോകുമ്പോഴാണ് പോലീസ് പിടികൂടിയത്.
ജോമോനെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും എറണാകുളം, കോട്ടയം സ്വദേശികളാണ്. ജോമോനെ ചവറ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ വടക്കഞ്ചേരി പോലീസിന് കൈമാറും.
വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്തിന് സമീപം സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് കെഎസ്‌ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ വിദ്യാര്‍ഥികളടക്കം 9 പേര്‍ മരിച്ചു. 50ഓളം പേര്‍ക്ക് പരിക്കേറ്റു. ഏഴുപേരുടെ നില ഗുരുതരമാണ്.ഇന്നലെ (ഒക്‌ടോബർ 05) രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോകുകയായിരുന്നു വിദ്യാർഥികൾ.
കൊട്ടാരക്കര-കോയമ്പത്തൂർ കെ എസ് ആര്‍ ടി സി സൂപ്പർഫാസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം. മരിച്ചവരിൽ അഞ്ചുപേർ വിദ്യാർഥികളാണ്. ഒരു അദ്ധ്യാപകനും മൂന്ന് കെഎസ്ആർടിസി യാത്രക്കാരുമാണ് അപകടത്തിൽ മരിച്ച മറ്റ് നാല് പേർ. 41 വിദ്യാർഥികളും അഞ്ച് അദ്ധ്യാപകരുമായിരുന്നു ടൂറിസ്റ്റ് ബസ്സിലെ വിനോദ യാത്രക്കാര്‍.