പോപ്പ് ജൂലിയസ് രണ്ടാമന്‍, മൈക്കെലാഞ്ജലോയെ റോമിലേക്ക് ക്ഷണിച്ചു. ജൂലിയസ് പിതാവിനെപ്പറ്റിയാണ് ഈയിടെ ഇറ്റലിയിലാകെ സംസാരം. പ്രത്യേകിച്ചും ശില്പികള്‍ക്കും ചിത്രകാരന്മാര്‍ക്കും വാസ്തുശില്പ പ്രഗത്ഭര്‍ക്കുമിടയില്‍. നവോത്ഥാന ഘട്ടം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിക്കാനാണ് തിരുമനസ്സിന്റെ തീവ്ര യത്നം. പക്ഷേ, പോപ്പിനെപ്പറ്റി പല കിംവദന്തികളും കേള്‍ക്കുന്നുണ്ട്. നേരില്‍ ഇതുവരെ കണ്ടിട്ടില്ല. റാഫേല്‍ വരച്ച അദ്ദേഹത്തിന്റെ ഒരു ചിത്രം ഈ അടുത്ത കാലത്ത് റോമിലെ സാന്താമറിയ ഡെല്‍ പോപ്പോളോ ബസിലിക്കയില്‍ കണ്ടപ്പോള്‍ മുതല്‍ മൈക്കെലാഞ്ജലോ കരുതിയിരിക്കുകയായിരുന്നു അദ്ദേഹത്തെ കാണാന്‍.
എന്നാല്‍, തിരുമനസ്സിനെപ്പറ്റി കേള്‍ക്കുന്നതൊക്കെ സത്യമാണെന്നാര്‍ക്കറിയാം! പൊതുജനം പലവിധമല്ലോ. മുക്കിന്റെ തുമ്പത്ത് ദേഷ്യവും പൊട്ടിത്തെറിച്ച് പരിസരബോധമില്ലാതെ വെറികെട്ട സംസാരവും പ്രവൃത്തിയുമൊക്കെയാണ് അദ്ദേഹത്തിന്റേതെന്നാണ് പൊതുവേ സംസാരം. പക്ഷേ, ഏറെ പേര്‍ ഇതുതന്നെ പറയുമ്പോള്‍ എങ്ങനെ വിശ്വസിക്കാതിരിക്കും! അതിനു ശേഷം ഈയിടെ അവിചാരിതമായി ഫ്ലോറന്‍സിലെ പ്രശസ്ത യുവ ചിത്രകാരനായ അഗ്നോളോ ബ്രോണ്‍സ്സിനോയെ കണ്ടു. അവനും ഇതുതന്നെയാണ് പറയുന്നത്. അവന്‍ എന്നോട് ചോദിച്ചു:
സെഞ്ഞ്വോര്‍ മൈക്കെലാഞ്ജലോ, താങ്കളെ റോമിലേക്ക് പുതിയ പോപ്പ്, ജൂലിയസ് രണ്ടാമന്‍ ക്ഷണിച്ചില്ലേ?
എന്നെയോ?
അതേ, ക്ഷണിക്കും ഉടനെതന്നെ.
ആരാണിതു പറഞ്ഞത്?
സെഞ്ഞ്വോര്‍ റാഫേല്‍! പോപ്പിന്റെ പട്ടികയില്‍ ഇത്ര പ്രശസ്തനായ ശില്പി ഇല്ലാതെ വരികയോ. എന്നാല്‍, അഗ്നോളോ കിട്ടിയ സമയംകൊണ്ട് പോപ്പിനെപ്പറ്റി തുറന്നുപറയാന്‍ മടിച്ചില്ല.
പക്ഷേ, സെഞ്ഞ്വോര്‍ താങ്കളെപ്പോലെ അതിപ്രശസ്തരായ ഒരു ശില്പിയോട് പരുഷമായി പെരുമാറാനോ പ്രവര്‍ത്തിക്കുവാനോ തിരുമനസ്സിന് കഴിയുകയില്ലാ എന്നാണെന്റെ ബോദ്ധ്യം.
അപ്പോള്‍ അദ്ദേഹത്തെപ്പറ്റി കേള്‍ക്കുന്നതൊക്കെ സത്യമോ?
പിന്നല്ലാതെ, അദ്ദേഹത്തിന്റെ ഇരട്ട പേരുതന്നെ, ദി വാറിയര്‍ പോപ്പ്, ലാറ്റിനില്‍ ഇത് പാപ്പാ ടെറിബള്‍. തികഞ്ഞ പോരാളിയാണ്. ഭരണതന്ത്രജ്ഞനാണ്. അതൊക്കെ കൊള്ളാം. ആദ്ധ്യാത്മിക കാര്യങ്ങളില്‍ അത്ര പോരാ എന്നു തന്നെയാണ് കേള്‍വി.
ലൗകികമായ ഒരു ജീവിത കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റേത്. കര്‍ദിനാള്‍ ആയിരുന്ന കാലത്ത് ചില്ലറ അപവാദങ്ങള്‍! ങാ അതൊന്നും സാരമാക്കാനില്ല. ഇതിനു മുമ്പും ചുരുക്കം ചില പോപ്പുമാരൊക്കെ അങ്ങനെ ആയിരുന്നു. പക്ഷേ, ഒരു കാര്യത്തില്‍ തിരുമനസ്സുകൊണ്ട് മറ്റെല്ലാ പോപ്പു മാരുടെയും മുന്‍പന്തിയില്‍ത്തന്നെ. വാസ്തുശില്പം, ശില്പ നിര്‍മ്മാണം, ചിത്രമെഴുത്തിലുള്ള അപാര താല്‍പര്യം. ഒരുകണക്കിന് ആത്മീയത കെട്ടി ഉയര്‍ത്തി നിര്‍ത്തണമെങ്കില്‍ ഇത്തരം നവോത്ഥാന പ്രകിയകള്‍ അനിവാര്യം തന്നെ.
അതുതന്നെ, അതു പ്രധാനം തന്നെ. പിന്നെ മനുഷ്യരുടെ കാര്യമല്ലേ! ആരാണ് തീര്‍ത്തും പൂര്‍ണ്ണര്‍! ശില്പകലയിലോ, ചിത്രകലയിലോ നമുക്ക് പൂര്‍ണ്ണത കൈവരിക്കാം. പക്ഷേ, മനുഷ്യജന്മം ആര്‍ക്കും പിടികിട്ടാത്ത ഒരു പ്രതിഭാസം തന്നെ. പ്രസംഗം ഒരുവഴി പ്രവൃത്തി മറ്റൊരു വഴി.
മൈക്കെലാഞ്ജലോ പോപ്പ് ജൂലിയസിനെപ്പറ്റി കേട്ടിട്ടുള്ള കഥകളോര്‍ത്തു;
ജുലിയാനോ ഡെല്ല റോവേറാ, അതായിരുന്നു ആദ്യ നാമം. നന്നേ ചെറുപ്പത്തിലേ അള്‍ത്താര ബോയ് ആയി ചിറ്റപ്പനായ സിക്റ്റുസ് നാലാമന്‍ പോപ്പിനൊപ്പം ആദ്ധ്യാത്മിക വേല ആരംഭിച്ചു. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭം അക്കാലമങ്ങനെയായിരുന്നു. പോപ്പ് തന്റെ സഹോദര പുത്രനെ അടുത്ത പിന്‍ഗാമിയായി കണക്കുകൂട്ടി. ഫ്രാന്‍സിസ്കന്‍ സ്കൂളില്‍ അയച്ച് പഠിപ്പിച്ച് ഇരുപത്തേഴാം വയസ്സില്‍ കര്‍ദ്ദിനാളാക്കി ഉയര്‍ത്തി. എന്നാല്‍, ദേഷ്യം വന്നാല്‍ ആത്മനിയന്ത്രണം വിട്ടുപോകുകയും പരുഷമായി വൃത്തികെട്ട രീതിയില്‍ പെരുമാറുകയും ചെയ്തിരുന്ന കര്‍ദിനാള്‍ ജുലിയാനോക്ക് പലതവണ പേപ്പല്‍ സ്ഥാനം നഷ്ടപ്പെട്ടു. പോപ്പ് സ്‌കിറ്റുസിനു ശേഷം ഇന്നസന്റ് എട്ട്, അലക്സാണ്ടര്‍ ആറ്, പിന്നെ ഒരു മാസം മാത്രമായ പയസ് മുന്നാമനെ മറികടന്ന് തന്ത്രപരമായി കര്‍ദിനാള്‍ ഗിയൂളിയാനോ, പോപ്പ് ജൂലിയസ് മൂന്നാമനായി അവരോധിക്കപ്പെട്ടു.
റോമിന്റെ മുഖച്ഛായ മാറി. ആഭ്യന്തര കലഹങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. കാലഹരണപ്പെട്ട വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ തിരുശേഷിപ്പുകളില്‍ വെനീസിന്റെ മുന്നേറ്റവും ഫ്രാന്‍സിലെ ചാള്‍സ് എട്ടാമന്‍ രാജാവിന്റെ നേപ്പിള്‍സിലേക്കുള്ള പിടിമുറുക്കവും ഇറ്റലിയെ വല്ലാതെ ഉലച്ചു. ഹോമകുണ്ഡത്തിലെ അഗ്നിയായി പോപ്പ് ജൂലിയസ് ആളിക്കത്തി. വത്തിക്കാനിലെ പേപ്പല്‍ സൈന്യത്തെ ബലപ്പെടുത്തി. ആഭ്യന്തരകലഹം അമര്‍ച്ച ചെയ്ത് ഇറ്റലിയെ സ്വന്തം കാല്‍കീഴിലുറപ്പിച്ചു. സഭാ നവീകരണത്തേക്കാളേറെ നവോത്ഥാനത്തിന്റെ പ്രവാചകനായി പോപ്പ് ജൂലിയസ് ഖ്യാതിനേടി. വത്തിക്കാനെ കാല്പനികതകളുടെ സ്വപ്നമാക്കാന്‍ പോപ്പ് വെമ്പി. ഇറ്റലിയിലേയും യൂറോപ്പിലെയും ശില്പികളേയും ചിത്രകാരന്മാരേയും വാസ്തുശില്പ വിദഗ്ദ്ധരെയും തിരുമനസ്സുകൊണ്ട് റോമിലേക്ക് ക്ഷണിച്ചു. വിശുദ്ധ നഗരം പണിത് വത്തിക്കാന്‍ ഒരു ആദ്ധ്യാത്മിക സ്വപ്നമാക്കാന്‍. ആദ്യമായി സെന്റ് പീറ്റേഴ്‌സ് ബസിലിക്ക പുതുക്കിപ്പണിയിച്ചു. ബ്രമാന്ററ്റേ എന്ന മഹാശില്പിയാണ് ആ ദൗത്യം ഏറ്റെടുത്തത്. ഗോഥിക് ആകൃതിയില്‍ പൊക്കത്തില്‍ അനേകം ഭീമാകാരമായ തൂണുകളില്‍ ബസിലിക്ക ഉയര്‍ന്നു. മുകളില്‍ വലിയ ചില്ലു ജനാലകളില്‍ പല വര്‍ണ്ണങ്ങളില്‍ കോറിയിട്ട വിശുദ്ധ ചിത്രങ്ങള്‍. സൂര്യനാളത്തില്‍ അവയുടെ നിഴലുകള്‍, താഴെ മാര്‍ബിള്‍ തറയിലും ചുവരുകളിലും നൃത്തമാടി. വേണ്ടത്ര കാറ്റും വെളിച്ചവും കയറി ഇറങ്ങിയപ്പോള്‍ പൂനിലാവുപോലെ ബസിലിക്ക പ്രകാശിച്ചു.
മൈക്കെലാഞ്ജലോ പോപ്പിന്റെ ക്ഷണം സ്വീകരിച്ച് റോമിലെത്തി. തിരക്കുപിടിച്ച റോമിലെ കുതിരവണ്ടിപ്പാതകളില്‍ തിരക്ക്. മാര്‍ബിളും കല്ലുകളും തടികളും പണിയായുധങ്ങളും കയറ്റിപ്പോകുന്ന വലിയ വില്ലുവണ്ടികള്‍. യുറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ശില്പികള്‍, ചിത്രകാരന്മാര്‍, വാസ്തു ശില്പവിദഗ്ദ്ധര്‍. എവിടെയും തിരക്ക്. പഴയ തടിക്കെട്ടിടങ്ങള്‍, തകര്‍ത്ത് കല്ലും മാര്‍ബിളും തടിയുംകൊണ്ട് നിര്‍മ്മിക്കുന്ന സനധങ്ങളുടെ നിര്‍മ്മാണങ്ങള്‍ എങ്ങും പുരോഗമിക്കുന്നു.
മൈക്കെലാഞ്ജലോ പോപ്പിന്റെ മുമ്പാകെ എത്തി മുഖം കാണിച്ചു. ചിത്രത്തില്‍ കണ്ടതിലും ഗംഭീരന്‍! വട്ടമുഖം, നീണ്ട് അഗ്രം ഉരുണ്ട നാസിക. വെളുത്ത താടി. തുവെള്ള സില്‍ക്ക് കുപ്പായം. അതിനുമീതെ കടും ചുവപ്പ് അര്‍ദ്ധക്കുപ്പായം. തലയില്‍ പേപ്പല്‍ മുദ്രയുള്ള ചുവന്ന തൊപ്പി. നീലകലര്‍ന്ന പച്ചനിറമുള്ള തീക്ഷ്ണമായ കണ്ണുകള്‍. ഇരുകരങ്ങളിലും രത്നഖചിത മോതിരങ്ങള്‍.
മൈക്കെലാഞ്ജലോ തിരുമനസ്സിന്റെ കരം ചുംബിച്ചു ഭവ്യതയില്‍ നിന്നു. പെട്ടെന്ന് ഒരു കര്‍ദിനാള്‍ പോപ്പിന് അഭിമുഖമായി ഒരു ഇരിപ്പിടം ഇട്ട് മൈക്കെലാഞ്ജലോയെ സ്വീകരിച്ചിരുത്തി. മൈക്കിളിന്റെ ഉള്ളില്‍ തേങ്ങലുണ്ടായി. എന്താണ് തിരുമനസ്സ് കല്പിക്കാന്‍ പോകുന്നത്? തീര്‍ച്ചയായും പുതിയൊരു ശില്പം കൊത്താനാകും ആവശ്യപ്പെടുക. തീര്‍ത്തും നിസ്സാരമായിരിക്കില്ല. അദ്ധ്വാന ഭാരമേറെയുള്ള എന്തോ ഒന്ന്. എന്തായാലും ചെയ്യാന്‍ താല്പര്യമേയുള്ളു. എന്തൊക്കെയായാലും പുരോഗമനചിന്തയുള്ള നവോത്ഥാനചിന്തകനായ പാപ്പായെ നേരില്‍ കണ്ടപ്പോള്‍ത്തന്നെ മൈക്കിളിനേറെ മതിപ്പു തോന്നി. മൈക്കിളിന്റെ മനസ്സിലൂടെ അനേകം ശില്പങ്ങള്‍ കടന്നു പോയി. പഴയ നിയമത്തിലെ അബ്രഹാം, നോഹ്, മോശ, ഏലിയ, ഏലീശ, അല്ലെങ്കില്‍ പുതിയ നിയമത്തിലെ അപ്പസ്തോലന്മാര്‍, തെര്‍സോസിലെ പൌലോസ്, അല്ലങ്കില്‍ പോപ്പ് ജൂലിയസ് രണ്ടാമന്റെ പ്രതിമ വരെ. എന്തും ചെയ്യാനൊരുക്കമാണ്. അവിടന്ന് കല്‍പിച്ചാലും!
പക്ഷേ, പോപ്പ് ജൂലിയസ് രണ്ടാമന്‍ കല്‍പിച്ചതു മറ്റൊന്നാണ്.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പുതുക്കിപ്പണി പൂര്‍ത്തിയായിരിക്കുന്നു. അതിനകം ഒന്നലങ്കരിക്കണം. ഇപ്പോള്‍ അതിന്റെ വിശാലമായ മുകള്‍ത്തട്ടില്‍ പണ്ട് വരച്ച ചിത്രങ്ങളാണ് അവശേഷിക്കുന്നത്. നീലാകാശവും നക്ഷത്രങ്ങളും. അതൊക്കെ കണ്ടുകണ്ടു വിശ്വാസികള്‍ മടുത്തു. അതു മുഴുവന്‍ തുടച്ചുമാറ്റി പഴയ നിയമത്തിലേയും പുതിയ നിയമത്തിലേയും ആകര്‍ഷകങ്ങളായ ചിത്രങ്ങള്‍ കോറിയിടണം. അതിനാണ് നാം നിന്നെ ക്ഷണിച്ചു വരുത്തിയത്.
മൈക്കെലാഞ്ജലോ ഒരു ഞെട്ടലോടെ ചോദിച്ചു?
ഞാനോ!
പോപ്പ് ജൂലിയസിന്റെ സ്വരം ദൃഢതയുള്ളതായിരുന്നു:
അതേ, നീ തന്നെ മൈക്കെലാഞ്ജലോ, നിനക്കു മാത്രമേ അതിനു കഴിയു! മറ്റുള്ള ചിത്രകാരന്മാര്‍ വരയ്ക്കുന്നത് ചിത്രങ്ങളാണ്. എന്നാല്‍ നീ സൃഷ്ടിക്കുന്നത് ജീവനുള്ള ചിത്രങ്ങളാണ്.
പ്രഭോ! ഞാനൊരു ചിത്രകാരനല്ല, ശില്പിയാണ്. അങ്ങേക്കു വേണ്ടി എത്ര ശില്പങ്ങള്‍ വേണമെങ്കിലും ഞാന്‍ കൊത്താം. എന്നാലിത് എന്നാലാവില്ല.
മൈക്കെലാഞ്ജലോ, നീ അങ്ങനെ ശഠിക്കരുത്. നീതന്നെ ഇതു ചെയ്തേ മതിയാവു. അയ്യായിരം അടി വിസ്താരത്തിലുള്ള മുകള്‍ത്തട്ടില്‍ മുന്നൂറിലേറെ ചിത്രങ്ങള്‍ വരച്ചിട്ടാല്‍ അത്രെത മനോഹരമായിരിക്കുമെന്ന് എന്റെ മനസ്സു പറയുന്നു. ഇതിത്ര നിസ്സാര കാര്യമായിരിക്കില്ല. ഏതാണ്ട് മൂന്നാലു വര്‍ഷങ്ങള്‍ എങ്കിലും വേണ്ടിവന്നേക്കാം. വത്തിക്കാനെ ഇതിനപ്പുറം മനോഹരമാക്കാന്‍ ഒരു ചിത്രകാരനും കഴിയുകയില്ല. ഇതു വരച്ചു പൂര്‍ത്തിയായാല്‍ മൈക്കെലാഞ്ജലോ എന്ന ചിത്രകാരന്‍ ഒരിക്കലും മരിക്കുകയില്ല. തന്നെയുമല്ല, വിശുദ്ധമായ നിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും സ്വര്‍ഗ്ഗത്തില്‍ തക്കതായ നിക്ഷേപവും ഉണ്ടായിരിക്കുമെന്ന വസ്തുതയും മറക്കേണ്ട. അതുകൊണ്ട് നാം കല്പിക്കുന്നു, നീ ഇതു ചെയ്തേ മതിയാവു, തീര്‍ച്ചയായും നിനക്ക് അര്‍ഹിക്കുന്നതിലധികം ധനവും നാം നല്‍കുന്നതാണ്.
പോപ്പിന്റെ കടുംപിടുത്തത്തില്‍ മൈക്കെലാഞ്ജലോ മൗനം ദീക്ഷിച്ചു. നാലഞ്ചു വര്‍ഷങ്ങള്‍ എല്ലു മുറിയെ പണി എടുത്താലേ ഇത്തരമൊരു സങ്കീര്‍ണ്ണമായ ജോലി അവസാനിക്കു. പോപ്പിന്റെ കര്‍ക്കശമായ നിലപാട് ഒരു നീരാളിപ്പിടുത്തം പോലെ മനസ്സിനെ മഥിക്കുന്നു. മൈക്കിളിന്റെ മനസ്സില്‍ ഒരു പുനര്‍ചിന്തയുണ്ടായി. ഇനി ഒരിക്കലും ചിതം വരയ്ക്കുകയില്ലെന്ന് ഒരു നിശ്ചയം ഒന്നും എടുത്തിട്ടില്ലല്ലോ. എങ്കിലും ചിത്രവരയെയ്ക്കാളേറെ ശില്പം കൊത്തുമ്പോഴാണ് മനസ്സും ശരീരവുമേറെ സജീവമാകുന്നത്. ചിത്രരചന അത്ര സുഖകരവുമല്ല. പൊടിയും കരിയും മഷികളുടെ തീവ്രഗന്ധങ്ങളും അവ സൃഷ്ടിക്കുന്ന അപകടങ്ങള്‍. പലപ്പോഴും പൂര്‍ണ്ണ ശ്രദ്ധയില്‍ മുഴുകി ചിത്രരചന നടത്തുമ്പോള്‍ ചായത്തില്‍ ചവിട്ടുകയോ അവ ശരീരത്തിലേക്ക് ഒഴുകി വീഴുകയോ ചെയ്യുമ്പോഴുണ്ടാകുന്ന മടുപ്പും, മൂക്കിലേക്ക് തുളഞ്ഞു കയറുന്ന രൂക്ഷ ഗന്ധവും! അപ്പോള്‍ വായില്‍ വരുന്നത് പരത്തെറിയാണ്. ചിലപ്പോള്‍ മനസ്സിനെ വല്ലാതെ ഉലയ്ക്കും. പിന്നെ ചിത്രകാരന് ഏറെ സഹായികള്‍ വേണ്ടിവരും.
എന്നാല്‍, ശില്പം കൊത്തിന് സഹായിമാരേറെ വേണ്ട. വെള്ളാരംകല്ലുകളുടെ പൊടിയും ഗന്ധവും ചായങ്ങളെപ്പോലെ രൂക്ഷമല്ല. ശില്പരചന എപ്പോള്‍ വേണമെങ്കിലും നിര്‍ത്തി വീണ്ടും തുടങ്ങാം. അതു പറ്റില്ലല്ലോ ചിത്ര രചനയില്‍. പിന്നെ ചായം കട്ട പിടിക്കുകയോ പടരുകയോ ചെയ്യും. ആദ്യം പൊടിമണവും കുമ്മായവും ഒരേ അനുപാതത്തില്‍ പാകപ്പെടുത്തി ഭിത്തിയില്‍ ഘനം കുറച്ച് തേച്ചു പിടിപ്പിക്കണം. അതു പൂര്‍ണ്ണമായി ഉണങ്ങും മുമ്പ് ചായങ്ങള്‍ കൂട്ടിക്കലര്‍ത്തി കുമ്മായത്തില്‍ ചാലിച്ച് കുഴമ്പു പരുവത്തിലാക്കി തേച്ചു പിടിപ്പിക്കണം. വീണ്ടും അത് മുഴുവന്‍ ഉണങ്ങും മുമ്പ് രൂപങ്ങള്‍ വരച്ച് അതില്‍ പല വര്‍ണ്ണങ്ങള്‍ ചൊരിഞ്ഞ് ചിത്രങ്ങള്‍ സൃഷ്ടിച്ചിടണം.
എങ്കിലും മറുത്തു പറയാന്‍ മൈക്കെലാഞ്ജലോയ്ക്ക് ആയില്ല. ഒരുപക്ഷേ, ഈ ചിത്രരചനയ്ക്ക് തന്റെ യശസ്സു ഉയര്‍ത്താന്‍ ശില്പകലയേയ്ക്കാളേറെ കഴിയില്ലെന്ന് ആരു കണ്ടു? അതും വത്തിക്കാന്റെ ഹൃദയമായ സെന്റ് പീറ്റേഴ്‌സ് ബസിലിക്കായില്‍ കോറിയിടുന്ന ഈ ചിത്രങ്ങളുടെ ആദ്ധ്യാത്മിക ചൈതന്യം വേറെ തന്നെയാണ്! ശരിയാണ്. ഇത് സ്വര്‍ഗ്ഗത്തില്‍ എന്റെ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഞാന്‍ തീരുമാനിച്ചു. ഇത്തരമൊരു സാഹസം ഏറ്റെടുക്കാനെങ്കിലും ഞാന്‍ വരയ്ക്കാനിരിക്കുന്ന മുകള്‍ത്തട്ട് എങ്ങനെയായിരിക്കണമെന്ന ആശങ്കയില്‍ അല്പം ശങ്കിച്ചു നിന്നപ്പോള്‍ എന്റെ മനസ്സ് വായിച്ചിട്ടെന്നപോലെ ജൂലിയസ് പോപ്പ് തിരുമനസ്സുകൊണ്ടു പറഞ്ഞു:
ബസിലിക്കയുടെ മുകള്‍ത്തട്ടിനെപ്പറ്റി ഒരു ആശങ്കയും വേണ്ട, എന്റെ വാസ്തുശില്പി ബ്രാം ആന്റെ നിനക്കുവേണ്ടി സീലിംഗ് തുടച്ച് ഭിത്തി സമാന്തരമായി മിനുക്കിത്തരും, ചിത്രങ്ങള്‍ വരയ്ക്കാന്‍ പാകത്തില്‍.
എങ്കില്‍ ഞാനിതങ്ങേക്കുവേണ്ടി കഴിവതും വേഗത്തില്‍ പൂര്‍ത്തിയാക്കിത്തരാം! അപ്പോള്‍ മൈക്കെലാഞ്ജലോയുടെ മനസ്സില്‍ വരയ്ക്കാന്‍ വേണ്ട കഥാപാത്രങ്ങള്‍ ഓടി, സൃഷ്ടി മുതല്‍ വലിയ മുക്കുവനായ പത്രോസിന്റെ തലകീഴായ കുരിശു മരണംവരെ!
(…..തുടരും)