അമൃത്‌സര്‍: യുഎസിൽ ഒരു സിഖ് കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രിയും മുതിർന്ന ആം ആദ്മി പാർട്ടി (എഎപി) നേതാവുമായ ഭഗവന്ത് മാൻ ദുഃഖം രേഖപ്പെടുത്തി, വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. കാലിഫോർണിയയിൽ ഈ ആഴ്ച ആദ്യം തട്ടിക്കൊണ്ടുപോയ എട്ടുമാസം പ്രായമുള്ള പെൺകുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 36 കാരനായ ജസ്ദീപ് സിംഗ്, 27 കാരിയായ ജസ്ലീൻ കൗർ, ഇവരുടെ എട്ട് മാസം പ്രായമുള്ള മകൾ ആരോഹി ധേലി, കുട്ടിയുടെ അമ്മാവൻ അമൻദീപ് സിംഗ് (39) എന്നിവരാണ് മരിച്ചത്.
പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ തണ്ട ബ്ലോക്കിന് കീഴിലുള്ള ഹർസി പിൻഡിൽ താമസക്കാരായിരുന്നു ഈ സിഖ് കുടുംബം. വിഷയത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനോട് പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. അതേ സമയം ശിരോമണി അകാലിദൾ (എസ്എഡി) പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദലും നാല് കുടുംബാംഗങ്ങളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച വിഷയം ബന്ധപ്പെട്ട യുഎസ് അധികൃതരുമായി ചർച്ച ചെയ്യണമെന്ന് അദ്ദേഹം വിദേശകാര്യ മന്ത്രി ജയശങ്കറിനോട് അഭ്യർത്ഥിച്ചു. 8 മാസം പ്രായമുള്ള ആരോഹിയെയും അവളുടെ മാതാപിതാക്കളെയും അമ്മാവൻ അമൻദീപ് സിംഗിനേയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം ലോകമെമ്പാടുമുള്ള പഞ്ചാബികളെ ഞെട്ടിക്കുന്നതും ആശങ്കയുളവാക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.