ന്യൂജേഴ്സി: വേൾഡ് മലയാളി കൗൺസിൽ മഹത്തായ 27-ാം വർഷത്തിലേക്ക് കടന്നിരിക്കുന്നു എന്ന് എടുത്തു പറയട്ടെ. വേൾഡ് മലയാളി കൗൺസിൽ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക കാഴ്ച്ചപ്പാടാണുള്ളത്. കാരണം ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിനുവേണ്ടി 1995-ൽ അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ ടീനെക്കിലെ മേയർ ആയിരുന്ന ജോൺ ഏബ്രഹാമിൻ്റെ നേതൃത്വത്തിൽ കുറച്ചു സാമൂഹ്യ പ്രവർത്തകരായ മലയാളികൾ ചേർന്ന് വേൾഡ് മലയാളി കൗൺസിൽ എന്ന പേരിൽ ഒരു സംഘടന രൂപികരിച്ചു. തുടർന്ന് നല്ലവരായ പ്രവർത്തകരുടെ വളരെ ശ്രമകരമായ പരിശ്രമത്തിലൂടെ വിവിധ രാജ്യങ്ങൾ സഞ്ചരിക്കയും അവിടെയെല്ലാം വേൾഡ് മലയാളി കൗൺസിലിൻ്റെ പുതിയ പ്രോവിൻസുകൾ രൂപികരിക്കുകയും ചെയ്തു. ഇപ്പോൾ ലോകമെമ്പാടുമുള്ള മലയാളികളുടെ ഒരു വലിയ നെറ്റ്വർക്ക് ശൃംഖലയായി ഈ സംഘടന മാറിയിരിക്കുന്നു.
അതിവേഗം വളര്‍ന്നു വന്ന ഈ സoഘടനയ്ക്ക് ആറു റീജിയനുകള്‍ ഉണ്ടായി. അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഫാര്‍ ഈസ്റ്റ് എന്നിവയാണ് അത്. എന്നാൽ ഈ സംഘടനയുടെ മുമ്പോട്ടുളള പ്രയാണത്തിൽ പല പരീക്ഷണ ഘട്ടങ്ങളെയും നേരിടേണ്ടി വന്നു. 2008-ൽ സിംഗപ്പൂരിൽ വച്ചു നടന്ന ഗ്ലോബൽ കൺവൻഷനിൽ ഉണ്ടായ ചില സാഹചര്യങ്ങൾ ആഗോളതലത്തിൽ വേൾഡ് മലയാളി കൗൺസിലിൽ രണ്ടു വിഭാഗങ്ങൾ ഉണ്ടാകുവാന്‍ ഒരു കാരണം ആയി. തുടർന്ന് ഇന്നും യോജിപ്പില്ലാതെ രണ്ടു ഗ്രൂപ്പുകളായി മുമ്പോട്ടു പോകുന്നു എങ്കിലും, വീണ്ടു പഴയതുപോലെ ഒരുമിച്ചു ഒറ്റ ഗ്രൂപ്പു ആയി, ഒരു സംഘടനയായി തീരണം എന്ന് എല്ലാ മുതിർന്ന നേതാക്കളും ആഗ്രഹിക്കുന്നു.
വേൾഡ് മലയാളി കൗൺസിലിൻ്റെ പ്രവർത്തനങ്ങളെ മുൻനിർത്തി വീണ്ടു ഒന്നിക്കുക എന്ന ആഗ്രഹത്തോടെ wmc യുടെ ഫൗണ്ടർമാരിൽ ചിലരായ ശ്രീ. അലക്സ് കോശി വിളനിലം, ഡോ. ജോർജ് ജേക്കബ്, ശ്രീ. തോമസ് ജേക്കബ് എന്നിവരുടെ കൂടെ ശ്രീ. ഫിലിപ്പ് മാരേട്ട്, ശ്രീ. സുധീർ നമ്പ്യാർ, ശ്രീ.തോമസ് മൊട്ടയ്ക്കൽ, ശ്രീ.ഏബ്രഹാം തോമസ് എന്നിവർ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ന്യൂ ജേഴ്സിയിലെ അറോമ റെസ്റ്റോറന്റിൽ വച്ചു് ഒന്നിച്ചു കൂടി ചില ആശയങ്ങൾ മുമ്പോട്ടു കൊണ്ടുവന്നതിൻ പ്രകാരം അമേരിക്കയിലെ രണ്ടു ഗ്രൂപ്പുകളുടെയും യോജിപ്പിനായി ഒത്തൊരുമിച്ചൂ പ്രവർത്തിക്കാൻ കൂടിയവർ ഒന്നിച്ചു തീരുമാനിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഇന്ന് മഹത്തായ 27-ാം വർഷത്തിലേക്ക് കടന്നിരിക്കുമ്പോൾ, കൗൺസിലിൻ്റെ പ്രവർത്തനങ്ങളെ കൂടുതൽ വികാസത്തിലേക്കും , വിശാലതയിലേക്കും, ഉന്നതിയിലേക്കും, നയിക്കാൻ ഏകമനസ്സോടെ ഒരു വേൾഡ് മലയാളി കൗൺസിൽ എന്ന തീരുമാനത്തിൽ ആത്മാർത്ഥമായി പ്രവർത്തിക്കാൻ എല്ലാവരുടെയും സഹായ സഹകരണങ്ങൾ തുടർന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതായി മുൻകാല ഗ്ലോബൽ പ്രസിഡന്റ്റ് ശ്രി.അലക്സ് കോശി വിളനിലവും, സമൂഹത്തിലെ വിവിധ തലത്തിലുള്ളവരെ ഒന്നു പോലെ കാണുവാനും അവരുടെയെല്ലാം ആവശ്യങ്ങൾക്ക് ഒപ്പം നിൽക്കുവാനും നമ്മുക്ക് സാധിക്കുന്ന രീതിയിൽ അതിനു നേതൃത്വം നൽകുന്നവരുടെകൂടെ നിന്ന് പ്രവർത്തിക്കണം എന്ന് ശ്രീ. തോമസ് മൊട്ടയ്ക്കലും പറയുകയുണ്ടായി.
കേരളത്തിൽ സാധാരണ ജനങ്ങളുടെ ഉന്നമനത്തിനായി പാർപ്പിട സൗകര്യങ്ങൾ, എഡ്യൂക്കേഷൻ, വിശിഷ്യ ആതുരസേവന രംഗത്ത് കൂട്ടായ പ്രവർത്തനങ്ങൾ അങ്ങനെ ഒട്ടനവധി കാര്യങ്ങൾ, കൗൺസിലിനു ചെയ്യാൻ കഴിഞ്ഞു. എന്നാൽ ഇപ്പോഴും വിവിധ മേഖലകളിലേക്ക് സംഘടനാ പ്രവർത്തനങ്ങൾ എത്തിക്കുന്നതിന് ഒറ്റകെട്ടായി നിന്നുകൊണ്ട് പ്രവർത്തിക്കാൻ തയാറാകണം എന്ന് മുൻകാല ഗ്ലോബൽ ചെയർമാൻ ശ്രീ. ഡോ. ജോർജ് ജേക്കബും, സമീപ ഭാവിയിൽ മലയാളികൾക്കിടയിലുണ്ടായ തെറ്റിദ്ധാരണകള്‍ നീക്കുന്നതിന് ഇരു വിഭാഗത്തിൻ്റെയും ഒരുമിച്ചുള്ള കൂട്ടായ പ്രവർത്തനങ്ങളുടെ ആവശ്യത്തെ ഏബ്രഹാം തോമസും, WMCയുടെ പ്രവർത്തനങ്ങളിൽ വിജയം കണ്ട യുവതലമുറകളിലെ ചെറുപ്പക്കാരെ കൂടുതൽ ചുമതലകൾ ഉൾപ്പെടുത്തി ചലനാത്മകമായ ഒരു സംഘടനാ സംവിധാനത്തിൽ നിർത്തുവാൻ സാധിക്കുന്നതിന് മുമ്പോട്ടുള്ള എല്ലാ പ്രവർത്തനങ്ങളിലും ഒറ്റക്കെട്ടായി നിന്നുകൊണ്ട് പ്രവർത്തിക്കണം എന്ന് മുൻകാല റീജിയണൽ പ്രസിഡന്റ്റ് സുധിർ നമ്പ്യാരും പറയുകയുണ്ടായി.
അതുപോലെ ഏതു പ്രസ്ഥാനത്തിൻ്റെയും ശക്തി സംഘടിതമായ നിസ്വാർത്ഥ പ്രവർത്തനമാണല്ലൊ, അവിടെ വ്യക്തിതാല്പര്യങ്ങൾക്കോ, സ്വാർത്ഥമോഹങ്ങൾക്കോ, സ്ഥാനമില്ല എന്നും മുമ്പോട്ടുള്ള എല്ലാ പ്രവർത്തനങ്ങളും ഒറ്റക്കെട്ടായി നിന്നുകൊണ്ട് ത്യാഗമനോഭാവത്തോടെ, കൂടി പ്രവർത്തിക്കണം എന്ന് ആദ്യകാല ജനറൽ സെക്രട്ടറി ആയിരുന്ന തോമസ് ജേക്കബും, മൗന നൊമ്പരങ്ങൾ സഹിക്കുന്നവരുടെയും, കഷ്ടതയനുഭവിക്കുന്നവരുടെയും, വിഘടിച്ചുനിൽക്കുന്ന മലയാളി സമൂഹത്തിൻ്റെ ഉന്നമനത്തിനുവേണ്ടിയും, വേൾഡ് മലയാളി കൗൺസിലിൻ്റെ ഇരുവിഭാഗങ്ങളും അമേരിക്കൻ റീജിയനിൽ ഒന്നിച്ചു പ്രവർത്തിക്കാൻ തയ്യാറാകണം എന്ന് മുൻകാല അമേരിക്കാ റീജിയൻ ട്രഷറര്‍ ഫിലിപ്പ് മാരേട്ടും, പറയുകയുണ്ടായി.
എല്ലാവിധ ആശംസകളോടെ
ഫിലിപ്പ് മാരേട്ട്
മുൻ അമേരിക്കാ റീജിയൻ ട്രഷറർ