ന്യൂയോർക്ക്: സാമൂഹ്യ തിന്മകൾക്കെതിരെ മതങ്ങളുടെ ഐക്യത്തിനായുള്ള ആഹ്വാനത്തോടെ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവ പരിശുദ്ധ മോറോൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അമേരിക്കയിലേക്കുള്ള തന്റെ പ്രഥമ അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കി ഒക്ടോബർ രണ്ടിന് മടങ്ങി.
സെപ്റ്റംബർ 29-ന് ഫിലഡൽഫിയ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ നൽകിയ സ്വീകരണത്തിൽ ആഗോള സാഹോദര്യത്തിന്റെ ദർശനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത പരിശുദ്ധ പിതാവ് ഓർമിപ്പിച്ചു.
അനീതിയും അസമത്വവും ദാരിദ്യ്രവും വംശീയതയും ഇന്നും നമ്മുടെ സമൂഹത്തെ വലയ്ക്കുന്നു. ലോകത്തിൽ നിന്ന് അന്ധകാരം തുടച്ചു നീക്കാൻ മതങ്ങൾ ഒന്നിക്കണം. ഓരോ മതത്തിനും അവരവരുടെ വിശ്വാസം അവരുടേതായ രീതിയിൽ പ്രകടിപ്പിക്കാൻ അവകാശമുണ്ട്. എല്ലാ മതങ്ങളും സ്നേഹവും കാരുണ്യവുമാണ് പഠിപ്പിക്കുന്നത്. എല്ലാ മതങ്ങളിലെയും ന·കളെ നാം അംഗീകരിക്കണം. ദൈവത്തിൽ വിശ്വസിക്കുന്നവർ ഒരുമിച്ച് തി·യ്ക്കെതിരെ പോരാടുവാൻ പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു.
സെപ്റ്റംബർ 25 നു ന്യൂയോർക്കിലെ ലെവി ടൌണ്‍ സെന്റ് .തോമസ് ദേവാലയത്തിൽ വച്ച് ഭദ്രാസനതലത്തിൽ പരിശുദ്ധ പിതാവിന് ഉൗഷ്മളമായ സ്വീകരണം നൽകിയിരുന്നു. ആദ്ധ്യാത്മിക സംഘടനാ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ച, എക്യുമെനിക്കൽ സഭാ നേതാക്കളുമായുള്ള കൂടിക്കാഴ്ച, ന്യൂയോർക്കിലെ സെന്റ് വ്ളാഡിമിർ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി സന്ദർശനം, പെൻസിൽവാനിയയിലെ സൗത്ത് കാനാനിലുള്ള സെന്റ് ടിഖോണ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി സന്ദർശനം, പെൻസിൽവാനിയയിലെ ഡാൾട്ടണിലുള്ള ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്റർ സന്ദർശനം തുടങ്ങിയവ പരിശുദ്ധ പിതാവിന്റെ കാര്യ പരിപാടികളുടെ ഭാഗമായിരുന്നു.
സെന്റ് വ്ളാഡിമിർ തിയോളൊജിക്കൽ സെമിനാരി പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ചുവെന്നത് ശ്രദ്ധേയമാണ്. പെൻസിൽ വേനിയ യിലെ ഹണ്ടിങ്ടണ്‍ വാലിയിൽ, സെന്റ് മേരീസ് കത്തീഡ്രലിന്റെ കൂദാശയ്ക്ക് പരിശുദ്ധ പിതാവ് നേതൃത്വം നൽകി. ന്യൂയോർക്കിലെ ബ്രോങ്ക്സിലുള്ള സെന്റ് മേരീസ് ദേവാലയത്തിന്റെയും ന്യൂയോർക്കിലെ യോങ്കേഴ്സിലെ സെന്റ് തോമസ് ദേവാലയത്തിന്റെയും ജൂബിലി ആഘോഷങ്ങളിലും പരിശുദ്ധ കാതോലിക്കാ ബാവാ പങ്കെടുത്തു.
ചെറി ലെയ്നിലെ സെന്റ് ഗ്രിഗോറിയോസ് പള്ളി, ഫിലാഡൽഫിയയിലെ സെന്റ് തോമസ് ചർച്ച്, ന്യൂജേഴ്സിയിലെ മിഡ്ലാൻഡ് പാർക്കിലെ സെന്റ് സ്റ്റീഫൻസ് ചർച്ച് എന്നിവയുൾപ്പെടെ നിരവധി ഇടവകകൾ അദ്ദേഹം സന്ദർശിച്ചു. ഭദ്രാസനത്തിലെ വൈദിക സമ്മേളനത്തിലും മർത്തമറിയം സമാജം പ്രാർത്ഥനാ കൂട്ടായ്മയിലും പരിശുദ്ധ പിതാവ് പങ്കെടുത്തു പ്രബോധനം നൽകി. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ തന്റെ പത്തു ദിവസത്തെ സന്ദർശന വേളയിൽ നിരവധി വ്യക്തികളുമായും ചെറുസംഘങ്ങളുമായും കൂടിക്കാഴ്ച നടത്താൻ പരിശുദ്ധ പിതാവ് സമയം കണ്ടെത്തി. സഭയുടെ വികസന പ്രവർത്തനങ്ങൾക്കും മിഷൻ പ്രവർത്തനങ്ങൾക്കും സഭാമക്കൾ നൽകുന്ന സഹകരണത്തിനു പരിശുദ്ധ പിതാവ് നന്ദി അറിയിച്ചു.
ഒക്ടോബർ 2 ഞായറാഴ്ച ന്യൂയോർക്ക് ജോണ്‍ എഫ് കെന്നഡി എയർപോർട്ടിൽ വെച്ച് അദ്ദേഹത്തിനു യാത്രയയപ്പ് നൽകി. അ ഭിവന്ദ്യ സഖറിയാ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത, ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ, ഭദ്രാസന ചാൻസലർ ഫാ. തോമസ് പോൾ, ഫാ. എബി ജോർജ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ കെ.ജി.ഉമ്മൻ, ബിനു സാമുവൽ കൊപ്പാറ തുടങ്ങിയവർ പരിശുദ്ധ പിതാവിനെ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
വാര്‍ത്ത: ഉമ്മന്‍ കാപ്പില്‍, ജോര്‍ജ് തുമ്പയില്‍