ഒക്കലഹോമ: രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത വിമുക്ത ഭടന്‍ അലന്‍ വാന്റെ 104 ാം ജന്മദിനം ഒക്ടോബര്‍ ആറിനു കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ആഘോഷിച്ചു. 1941 ഡിസംബര്‍ ഏഴിനു പേള്‍ ഹാര്‍ബര്‍ ബോംബാക്രമണം നടക്കുമ്പോള്‍ അലന്‍ വാന്‍ ഹൊണോലുലുവില്‍ സബ് മറൈനില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു.
അലബാമയില്‍ ജനിച്ച വാന്‍, പിതാവിന്റെ ജോലിയോടുള്ള ബന്ധത്തില്‍ ഒക്കലഹോമയിലേക്ക് താമസം മാറുകയായിരുന്നു. കാപിറ്റല്‍ ഹില്‍ ഹൈസ്‌ക്കൂളില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്തശേഷം യുഎസ് ആര്‍മിയില്‍ പരിശീലനം ലഭിച്ചു. ക്രൈസ്റ്റ് ചര്‍ച്ച് മിനിസ്റ്റര്‍ എന്ന നിലയില്‍ ഏബിലിന്‍, ടെക്‌സസ്, അലബാമ, മിസ്സിസിപ്പി, ഒക്കലോഹമ തുടങ്ങിയ സ്ഥലങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യുഎസ്എസ് സീ ഹോഴ്‌സ് പെറ്റി ചീഫ് ഓഫീസറായിരുന്നു.
‘വളരെ ചുറുചുറുക്കുള്ള എപ്പോഴും തിരക്കുള്ള, അത്യാവശ്യത്തിനു മാത്രം ആഹാരം കഴിക്കുന്ന നല്ല വ്യയാമം ചെയ്യുന്ന എല്ലാവര്‍ക്കും സ്‌നേഹം പകര്‍ന്നു നല്‍കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ്’ തന്റെ പിതാവ് എന്നാണ് ദീര്‍ഘായുസിനെ കുറിച്ചു ചോദിച്ചപ്പോള്‍ മകന്‍ പറഞ്ഞത്. പ്രാര്‍ഥനയും ദീര്‍ഘായുസിന്റെ മറ്റൊരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ഒക്കലഹോമ നോര്‍മനില്‍ നോര്‍മന്‍ വെറ്ററന്‍സ് സെന്ററിലാണു താമസിക്കുന്നത്. ഭാര്യയും രണ്ടു മക്കളുമാണ് വാനുള്ളത്. ഒരാള്‍ യുഎസ് എയര്‍ഫോഴ്‌സിലും മറ്റെയാള്‍ യുഎസ് മറൈന്‍ കോര്‍പസിലും പ്രവര്‍ത്തിക്കുന്നു.