സാൻഫ്രാൻസിസ്കോ: മകനെ വിവാഹമോചനം ചെയ്യാന്‍ പദ്ധതിയിട്ട മരുമകളെ വാള്‍മാര്‍ട്ട് പാര്‍ക്കിംഗ് ലോട്ടില്‍ വെച്ച് മാരകമായി വെടിവെച്ചു കൊന്നതിന് 74 കാരനായ ഇന്ത്യൻ വംശജനെ കാലിഫോർണിയ പോലീസ് അറസ്റ്റ് ചെയ്തു.
സിതാൽ സിംഗ് ദോസാഞ്ച് എന്ന 74-കാരനാണ് തന്റെ മരുമകൾ ഗുർപ്രീത് കൗർ ദോസഞ്ജിനെ കഴിഞ്ഞയാഴ്ച അവര്‍ ജോലി ചെയ്തിരുന്ന വാൾമാർട്ടിലെ സൗത്ത് സാൻ ഹോസെ പാർക്കിംഗ് ലോട്ടിൽ വച്ച് കൊലപ്പെടുത്തിയതെന്ന് ഈസ്റ്റ് ബേ ടൈംസ് റിപ്പോർട്ട് ചെയ്തു. സിതാലിനെ അറസ്റ്റു ചെയ്യുന്നതിലേക്ക് നയിച്ച പോലീസ് അന്വേഷണത്തിൽ, ഇരയായ യുവതി വെള്ളിയാഴ്ച ഫോണിൽ തന്റെ അമ്മാവനോട് സിതാല്‍ തന്നെ അന്വേഷിക്കുകയാണെന്ന് ഭയപ്പാടോടെ പറഞ്ഞിരുന്നതായി കണ്ടെത്തി.
150 മൈൽ യാത്ര ചെയ്താണ് തന്നെ കണ്ടെത്താൻ സിതാല്‍ വന്നതെന്നും വാള്‍മാട്ടിന്റെ പാര്‍ക്കിംഗ് ലോട്ടില്‍ വാഹനമോടിക്കുന്നത് കണ്ടെന്നും അമ്മാവനോട് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. തന്റെ മരുമകൾ ഭയത്തോടെയാണ് വിവരങ്ങള്‍ പറഞ്ഞതെന്നും, ജോലി സ്ഥലത്തു നിന്ന് ബ്രേക്ക് സമയത്ത് അവള് കാറിലിരിക്കുകയായിരുന്നു എന്നും, സിതാല്‍ തന്റെ കാറിനടുത്തേക്ക് വരുന്നത് കണ്ടെന്നും അമ്മാവനോട് പറഞ്ഞതായി പോലീസ് പറഞ്ഞു.
ഫോൺകോൾ വിച്ഛേദിക്കുന്നതിനുമുമ്പ് അമ്മാവൻ അവസാനമായി കേട്ടത് അതായിരുന്നു. അഞ്ച് മണിക്കൂറിന് ശേഷം, ഒരു വാൾമാർട്ട് സഹപ്രവർത്തകൻ ഗുർപ്രീതിന്റെ മൃതദേഹം അതേ സ്ഥലത്ത്, അവളുടെ കാറിൽ, കുറഞ്ഞത് രണ്ട് വെടിയേറ്റ മുറിവുകളോടെ കണ്ടെത്തി. സംഭവസ്ഥലത്ത് തന്നെ ഗുര്‍പ്രീത് മരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
പോലീസ് പറയുന്നതനുസരിച്ച്, തന്റെ മകനില്‍ നിന്ന് വിവാഹമോചനം നേടാന്‍ ഗുർപ്രീത് ശ്രമിക്കുന്നുണ്ടെന്ന് സംശയമുണ്ടായിരുന്നു എന്ന് സിതാല്‍ പറഞ്ഞു. സിതാലും മകനും ഫ്രെസ്നോയിലാണ് താമസിച്ചിരുന്നത്. മരുമകള്‍ ഗുര്പ്രീതാകട്ടേ സാന്‍ ഹോസെയിലും.
തന്റെ മരുമകളെ വകവരുത്താന്‍ സെൻട്രൽ വാലിയിൽ നിന്ന് വാഹനമോടിച്ച് കുറ്റകൃത്യം നടന്ന സ്ഥലത്ത് സിതാല്‍ എത്തി എന്ന് കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
രാവിലെ ഫ്രെസ്നോയിലെ വീട്ടിൽ നിന്നാണ് സിതാലിനെ അറസ്റ്റു ചെയ്തത്. സാന്റാ ക്ലാര കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ബുധനാഴ്ച സമർപ്പിച്ച കൊലപാതക കുറ്റത്തിന് ഒപ്പമുള്ള പോലീസ് അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച്, താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ, .22 കാലിബർ ബെറെറ്റ പിസ്റ്റൾ പോലീസ് പിടിച്ചെടുത്തു.
ജാമ്യമില്ലാതെ സാൻ ജോസെയിലെ മെയിൻ ജയിലില്‍ സിതാലിനെ അടച്ചു. ബുധനാഴ്ച സാൻ ഹോസെ കോടതിയില്‍ ഹാജരാക്കിയ സിതാല്‍ മൗനിയായിരുന്നു. ജാമ്യ ഹര്‍ജി നല്‍കിയതുമില്ല. നവംബർ 14 ന് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടു.
സിതാലിന്റെ കറുത്ത സിൽവറഡോ പിക്കപ്പ് ട്രക്ക് വാള്‍മാര്‍ട്ട് പാർക്കിംഗ് ലോട്ടിലേക്ക് പ്രവേശിക്കുന്നതും മരുമകളുടെ കാറിന് സമീപം ഡ്രൈവ് ചെയ്യുന്നതും പിന്നീട് ലോട്ട് ഉപേക്ഷിക്കുന്നതും കണ്ടതായി നിരീക്ഷണ ക്യാമറകളില്‍ ഡിറ്റക്ടീവുകൾ കണ്ടെത്തി. ഗിൽറോയിയിലെ ലൈസൻസ് പ്ലേറ്റ് റീഡിംഗ് ക്യാമറകൾ, പാച്ചെക്കോ പാസിലെ നിരീക്ഷണ ക്യാമറകൾ, സിതാൽ ദോസഞ്ജിന്റെ സെൽ ഫോൺ റെക്കോർഡുകൾ എന്നിവ പ്രകാരം കുറ്റകൃത്യം നടത്തി അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഫ്രെസ്നോയിലേക്ക് തിരികെയെത്തിയതായി കണ്ടെത്തി.