പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ച മൂന്ന് കെഎസ്ആർടിസി യാത്രക്കാർക്കുള്ള ഇൻഷുറൻസ് തുക നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. മരിച്ച യാത്രക്കാരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകും. ഇത് എത്രയും വേഗം നൽകാനുള്ള നടപടി ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.
അപകടത്തിൽ മരണപ്പെട്ട ബാസ്ക്കറ്റ്ബോൾ താരം രോഹിത് രാജിന്റെ കുടുംബത്തിന് തിങ്കളാഴ്ച (ഒക്ടോബർ 10) രണ്ട് ലക്ഷം രൂപ കൈമാറും. മരിച്ച മറ്റ് രണ്ട് പേരുടെ മരണാനന്തര നടപടികൾ പൂർത്തിയാകുമ്പോൾ നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ ആരംഭിച്ചു. യാത്രക്കാരില്‍ നിന്നും 2014 ലെ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ആക്ട് പദ്ധതി പ്രകാരം ഈടാക്കുന്ന സെസില്‍ നിന്നാണ് അപകട ഇന്‍ഷുറന്‍സ് പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുന്നത്. രണ്ട് കോടിയില്‍ അധികം രൂപ പ്രതിവര്‍ഷം പ്രീമിയം നല്‍കിയാണ് കെഎസ്ആര്‍ടിസി ബസ് ഇന്‍ഷുറന്‍സ് പദ്ധതി ബസ് ഇന്‍ഷുറന്‍സിന് പുറമെ നടപ്പാക്കുന്നത്.