പാലക്കാട്: രണ്ടു വർഷമായി കോയമ്പത്തൂരിലേക്ക് സ്ഥിരമായി യാത്ര ചെയ്യുന്ന ദീപു എന്ന യുവാവ് സാധാരന അവിടെയെത്തിയാലുടന്‍ അമ്മയെ വിളിച്ച് വിവരം അറിയിക്കുമായിരുന്നു. എന്നാല്‍, ഇത്തവണ അതുണ്ടായില്ല. എന്നാല്‍, മകന്റെ വിളി വരാതായപ്പോള്‍ അങ്ങോട്ട് വിളിച്ച അമ്മയ്ക്ക് കിട്ടിയതാകട്ടേ മകന്റെ മരണവാര്‍ത്തയായിരുന്നു. വടക്കഞ്ചേരി അപകടത്തിൽ കെ എസ് ആര്‍ ടി സി യാത്രക്കാരനായിരുന്നു പി എച്ച് ഡി വിദ്യാര്‍ത്ഥിയായ ദീപു (27). ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ദീപു പിന്നീട് മരണപ്പെടുകയായിരുന്നു.
പഠിക്കാന്‍ മിടുക്കനായ ദീപു കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജിൽ രസതന്ത്രത്തിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ്. കൊല്ലം പുനലൂർ മണിയാറിലെ വീട്ടിൽ പൂജ അവധിക്ക് വന്നതാണ്. ബുധനാഴ്ച (ഒക്ടോബർ 5) ഉച്ചയ്ക്ക് അമ്മ ശശികല തയ്യാറാക്കിയ ഭക്ഷണം കഴിച്ച് അച്ഛൻ ഉദയഭാനുവിനോടും സഹോദരി ധന്യയോടും യാത്ര പറഞ്ഞാണ് കോയമ്പത്തൂരിലേക്ക് പുറപ്പെട്ടത്.
സഹോദരീ ഭർത്താവും കോന്നി പോലീസ് സ്‌റ്റേഷൻ സിപിഒയുമായ ബിജുവിനെ അവധിയെടുക്കാൻ ദീപു നിർബന്ധിച്ചിരുന്നു. തന്നെ യാത്രയാക്കാൻ വരണമെന്ന് നിര്‍ബ്ബന്ധം പിടിച്ചതിനെത്തുടര്‍ന്ന് ദീപുവിനെ കൊട്ടാരക്കരയിൽ എത്തിക്കുകയും അവിടെനിന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ബസ് കയറ്റി വിട്ടു എന്നും ബിജു പറഞ്ഞു.
പിന്നീട് രാത്രി പത്തരയോടെ അമ്മയെ ഫോൺ ചെയ്‌ത് 12 മണിയോടെ എത്തുമെന്നും എത്തിയാലുടൻ വിളിക്കാമെന്നും പറഞ്ഞു. എന്നാല്‍, അമ്മ പല തവണ ബന്ധപ്പെട്ടെങ്കിലും ഫോണിൽ കിട്ടിയില്ല. ഒടുക്കം ഫോൺ എടുത്ത പൊലീസുകാരനാണ് അപകടവിവരം കുടുംബത്തെ അറിയിച്ചത്. കൊല്ലം ഫാത്തിമ കോളജിൽ നിന്നും ബിരുദവും പത്തനാപുരം മാലൂർ കോളേജിൽ നിന്നും പിജിയും പൂർത്തിയാക്കിയാണ് പിഎച്ച്ഡിക്ക് ചേർന്നത്.
ഗേറ്റ് പരീക്ഷ വിജയിച്ച് ഐഐടിയിൽ പ്രവേശനം ലഭിച്ചെങ്കിലും ദീപുവിനിഷ്‌ടം കോയമ്പത്തൂരിൽ പഠിക്കാനായിരുന്നു. രണ്ടര വർഷം കൊണ്ട് പിഎച്ച്ഡി പൂർത്തിയാക്കണമെന്നായിരുന്നു ലക്ഷ്യം. കാൻസർ മരുന്ന് കണ്ടെത്തുന്നതിൽ ഗവേഷണം നടത്തുന്ന അയർലണ്ടിലെ കമ്പനി ദീപുവിനെ കാത്തിരിപ്പുണ്ടായിരുന്നു. എന്നാല്‍, പഠനം മാത്രമായിരുന്നു ദീപുവിന്‍റെ മനസുനിറയെ. അതിനായി കഠിന പരിശ്രമവും നടത്തുമായിരുന്നു.
മരണവാർത്തയറിഞ്ഞ് ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിയ അച്ഛനും അമ്മയും അലമുറയിട്ട് കരഞ്ഞത് കാഴ്ചക്കാരെ കണ്ണീരിലാഴ്ത്തി. സഹോദരതുല്യനായി ദീപുവിന്റെ സ്വപ്‌നങ്ങൾക്ക് എന്നും പിന്തുണ നൽകിയ ആളാണ് സഹോദരിയുടെ ഭർത്താവ് ബിജു. ദീപുവിന്റെ പെട്ടെന്നുള്ള വിയോഗവും ബിജുവിന് വലിയ ആഘാതമായി.