വെല്ലിംഗ്ടൺ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ തന്റെ രാജ്യം സന്ദർശിക്കാൻ ക്ഷണിച്ചു.
എൻഐഡി ഫൗണ്ടേഷനും ഇന്ത്യൻ വീക്കെൻഡറും ഓക്ക്ലാന്‍ഡില്‍ സംയുക്തമായി സംഘടിപ്പിച്ച കിവി ഇന്ത്യൻ ഹാൾ ഓഫ് ഫെയിം അവാർഡിന്റെ ഭാഗമായുള്ള “വിശ്വ സദ്ഭാവന” പരിപാടിയിൽ പങ്കെടുക്കവെയാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സാന്നിധ്യത്തിൽ അവർ ഈ ക്ഷണം നൽകിയത്. പ്രധാനമന്ത്രി മോദിയുടെ വ്യതിരിക്തവും വൻ വിജയവുമായ ഭരണം പ്രതിപാദിക്കുന്ന രണ്ട് പുസ്തകങ്ങളും ചടങ്ങിൽ അനാച്ഛാദനം ചെയ്തു.
മുഖ്യാതിഥിയായിരുന്ന ആര്‍ഡേണ്‍ തന്റെ പ്രസംഗത്തിൽ, ന്യൂസിലൻഡും ഇന്ത്യയും തമ്മിലുള്ള നിരവധി സമാനതകളും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതും ഭാവിയിലെ പുരോഗതിക്കുള്ള വലിയ സാധ്യതകളും ചൂണ്ടിക്കാട്ടി.
“കൂടുതൽ അസ്ഥിരമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് ഇന്ത്യയും ന്യൂസിലൻഡും നിരവധി സമാനതകൾ പങ്കിടുന്നു. ഇരു രാജ്യങ്ങളും അവരുടെ ജനാധിപത്യ ചരിത്രങ്ങളെ വിലമതിക്കുന്നു. കൂടാതെ, ഇന്തോ-പസഫിക് മേഖല സുസ്ഥിരവും സമ്പന്നവുമായി തുടരുന്നതിൽ ബദ്ധശ്രദ്ധരാണ്,” അവര്‍ പറഞ്ഞു.
“സംസ്കാരങ്ങളും, ആചാരങ്ങളും, ഇതുപോലുള്ള ഇടപഴകലുകളും ഞങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല ഞങ്ങളുടെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. ന്യൂസിലൻഡും ഇന്ത്യയും അവരുടെ നയതന്ത്രബന്ധത്തിന്റെ ഔപചാരികമായ സ്ഥാപനത്തെ അനുസ്മരിക്കുന്ന വേളയിൽ, ഞങ്ങളുടെ ബന്ധം എന്നത്തേക്കാളും ശക്തമായിക്കഴിഞ്ഞുവെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കിടയിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിലനിന്നിരുന്നു, അതിന് വലിയ ഇടമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. വരും വർഷങ്ങളിൽ വളർച്ച കൈവരിക്കുമെന്ന് പ്രത്യാശിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.
കിവി ഇന്ത്യൻ ഹാൾ ഓഫ് ഫെയിം അവാർഡ്സ് 2022 ലെ “മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി” പുസ്തക പ്രകാശന ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ സംസ്ഥാന, ഫെഡറൽ തലങ്ങളിലെ സർക്കാരിന്റെ നേതാവെന്ന നിലയിൽ പ്രധാനമന്ത്രി മോദിയുടെ നേട്ടങ്ങളെ ജയശങ്കർ പ്രശംസിച്ചു.
20 വർഷമായി പ്രധാനമന്ത്രി മോദി ജനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു, ഇനിയും പലർക്കും അത് ചെയ്യും. ഇന്നത്തെ ഇവിടത്തെ ആവേശം ആ വിശ്വാസത്തിന്റെ വ്യാപകമായ സ്വീകാര്യത സ്ഥിരീകരിച്ചു എന്നും ജയശങ്കർ പറഞ്ഞു.