കാൽഗറി : ഒക്ടോബർ മാസത്തിലെ രണ്ടാം ശനിയാഴ്ച, 2022- ൽ ഒക്ടോബർ 8 ആം തീയതി ലോകമെമ്പാടുമുള്ള ഹോസ്പിസ് പാലിയേറ്റീവ് കെയർ പിന്തുണക്കുന്നതിനുള്ള വാർഷിക ഏകീകൃത പ്രവർത്തന ദിനമാണ് ” വേൾഡ് ഹോസ്പേസ് ആൻഡ് പാലിയേറ്റീവ് കെയർ ദിനം.
ജീവിത നിലവാരത്തിന് പാലിയേറ്റീവ് കെയർന്റെ പ്രാധാന്യം നമ്മൾ ഒരേ സ്വരത്തിൽ ആഘോഷിക്കുകയും എല്ലാവർക്കും തുല്യമായ ഉത്തരവാദിത്വത്തിനുമായി വാദിക്കുകയും ചെയ്യും.
ദുഖിതരെ സുഖപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ ഉൾകൊണ്ടുകൊണ്ട് ലോകമെമ്പാടുമുള്ള മനുഷ്യരെ ഒന്നിപ്പിക്കുന്ന ഒരു ദിനം.
കലാലയ സൗഹൃദത്തിന്റെ തീഷ്ണതയിൽ നാമ്പിട്ടു, സ്നേഹത്തിന്റെയും, പരസ്പര വിശ്വാസത്തിന്റെയും പരിചരണം കൊണ്ട് വട വൃക്ഷമായി മാറിയ പാം ഇന്റെർനാഷണൽ (ഗ്ലോബൽ അലൂമിനി ഓഫ് എൻ. എസ്സ്. എസ്സ്. പോളിടെക്നിക് കോളേജ്, പന്തളം), അതിന്റെ ബന്ധപ്പെട്ട സംഘടനയായ കർമ്മ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ ഒദ്യോഗിക ഉത്ഘാടനം, പദ്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി, 2012 ൽ , പന്തളം എൻ. എസ്സ്. എസ്സ്. പോളിടെക്നിക് കോളേജങ്കണത്തിൽ നിർവഹിക്കുകയുണ്ടായി. ആത്മീയതയുടെ പാതകളിൽ നർമത്തിന്റെ പൂക്കൾ വിതറി നമ്മെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത ആ മഹാനുഭാവൻ തെളിയിച്ച ഭദ്രദീപം,കെടാതെ ജ്വലിപ്പിച്ചു നിർത്തുന്ന പാം ഇന്റെർനാഷണൽ, കോളേജിലെ സ്റ്റാഫ്, വിദ്യാർത്ഥികൾ, NSS & NCC വോളന്റീർസ് എന്നിവരുമായി ചേർന്ന് നിന്ന് പ്രവർത്തിക്കുന്നു . കേരളത്തിലെ ആദ്യത്തെ കലാലയം കേന്ദ്രമാക്കിയുള്ള പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റ് എന്ന ഖ്യാതി പാം ഇന്റര്നാഷനലിനു മാത്രം സ്വന്തമായുള്ളതാണ്.
ദീനതയുടെ രോദനങ്ങൾക്കിടയിലൂടെകാതുകൾ കൂട്ടിയടച്ചും, കണ്ണുകൾ പൊത്തിയും പാം ഇന്റെർനാഷണൽ നടന്നില്ല. നിത്യ ദുരിത കയത്തിലേക്ക് തള്ളി എറിയപ്പെടാമെന്ന ഒരു നിമിഷവുമായി കാലം എല്ലാവരേയും കാത്തുനിൽക്കുന്നുണ്ടാവാം.
ജീവിത യാഥാർഥ്യങ്ങൾക്കു പകരം വെക്കാൻ പണത്തിനും, പ്രശസ്തിക്കും കഴിയില്ല എന്ന അവബോധം നമ്മളിൽ കൂടുതൽ തെളിയുമ്പോൾ മരണ തീരത്തു കഴിയുന്ന ജീവിതങ്ങളെ തലോടുവാൻ പാം ഇന്റര്നാഷനലിന്റെ ഓരോ അംഗങ്ങൾക്കും കഴിയുന്നു.
വേദനിക്കുന്നവന്റെ കണ്ണുനീരൊപ്പുവാനും , വിശക്കുന്നവർക്ക് ഒരുനേരത്തെ ആഹാരം നൽകുവാനും കഴിയുന്ന ഒരു സുസ്ഥിര സംവിധാനമായി മാറിയ കർമക്കു തുണയായി നിൽക്കുന്നത് അതിന്റെ ഓരോ അംഗങ്ങളും, അഭ്യുദയകാംക്ഷികളുമാണ്.
ഇത് മുന്നോട്ടു ചലിപ്പിക്കുവാൻ പന്തളം എൻ .എസ് .എസ് പോളിടെക്‌നിക്കിലെ എല്ലാ പൂർവ്വവിദ്യാര്ഥികളെയും കർമ്മ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ പ്രവർത്തനങ്ങളിലേക്ക് പാം ഇന്റെർനാഷണൽ സാദരം സ്വാഗതം ചെയ്യുന്നു. ലോക പാലിയേറ്റീവ് കെയർ ദിനത്തിൽ എല്ലാവർക്കും ആയുരാരോഗ്യം നേരുന്നു.