വസ്ത്ര വിചാരണയിലെ പാക്ഷിക ശാസ്ത്രം (കവിത): സതീഷ് കളത്തിൽ

ഇന്നലെ:

‘ജോക്കി’
ഒരു അടിവസ്ത്രമാണ്…
ജോക്കീടെ മുകൾപരപ്പ്
തരുണികളിൽ
ആസക്തി ഉളവാക്കും.
അവരുടെ രാവുകളെ
നാട്ടിലെ ചന്ദ്രന്മാർ
ഗന്ധർവന്മാരായെത്തി
പകലുകളാക്കും.
അവരിലെ താരുണ്യത്തെ
ഇല്ലായ്മ ചെയ്യും.
അവരുടെ അന്തപ്പുരങ്ങളും
ആറാടുന്ന ജലാശയങ്ങളും
കൊഴുകൊഴുപ്പുള്ളതും
വഴുവഴുപ്പുള്ളതുമാക്കും.
പൊതുയിടങ്ങളിലവർ
അന്ധരാകേണ്ടി വരും.
അവരുടെ ഉഷ്ണംതിങ്ങിയ
ദീർഘനിശ്വാസങ്ങൾ
സ്വച്ഛന്ദമായ കാറ്റിനെ
വിഷലിപ്തമാക്കും.
ഉടയാത്ത
‘ഭാരതീയ സാംസ്കാരിക’ ഭരണിക്ക്
ഉടച്ചിൽ സംഭവിക്കും.
ആയതിനാൽ,
ആണുടലിൽ ആണത്തം കാട്ടി;
കുറുമ്പ് കാട്ടി നടക്കുന്ന
ജോക്കീടെ മുകൾപരപ്പുകളുടെ
പൊതുജന സമക്ഷമുള്ള
അവതരണം; അഥവാ,
‘ലോ വെയ്സ്റ്റ് സ്റ്റൈൽ’ നിരോധിച്ചും
ലംഘനങ്ങൾക്ക് ഏമാന്മാർ വക
കലിതീരെ ചൂരൽ പ്രയോഗങ്ങൾ
കൽപ്പിച്ചും ഈ കോടതി
ഇതിനാൽ ഉത്തരവാകുന്നു.

എന്ന്,
(ഒപ്പ്)
അഖില കേരള സദാചാര കച്ചേരി
ഉത്തരവിൻപടി,
ശിരസ്തദാർ.

സ്ഥലം: കേരളം
തിയ്യതി:
സദാചാരം തൂക്കിലേറുന്നതിനു
തലേനാൾ.

ഇന്ന്:

കളത്രപ്രദേശമൊഴികെ;
തരുണീത്തുടകൾ, മാറിടങ്ങൾ,
പൊക്കിൾ, കക്ഷം, പൃഷ്ഠം
എന്നീ ‘കുളിർ’ ദേശങ്ങൾ
ഉത്തേജനാ പ്രദേശങ്ങളോ
അവയവങ്ങളോ ആണെന്ന
നിയമനിർവചന- പരിപാലന
ശാസനങ്ങളേതുമില്ലയെന്നും
ഉള്ളവ,
പേടമാൻതളിർമേനികളിൽ
മതിഭ്രമംകൊണ്ട മനുക്കളുടെ
കാല്പനിക ശാസ്ത്രമാണെന്നും
ഈ കോടതി നിരീക്ഷിക്കുന്നു.

കൂടാതെ,
ടി പ്രദേശങ്ങളുടെ;
പച്ചയായ പെണ്ണുടലുകളിലോ
പശിമയുള്ള പ്രതലങ്ങളിലോ
ഭാഗികമോ പൂർണ്ണമോ ആയ
അനാവരണം, തരുണികളുടെ
ജന്മാവകാശമാണെന്നും
തന്മൂലം,
നിയന്ത്രണവും താരുണ്യവും
നഷ്ടമാകുന്ന തരുണർക്ക്
ഓജസ്, സമയം, മാനം തുടങ്ങിയ
വ്യയങ്ങൾക്കു നഷ്ടപരിഹാരത്തിന്
അർഹതയില്ലെന്നും
കോടതി കണ്ടെത്തിയിരിക്കുന്നു.

ആയതിനാൽ,
തരുണൻ ആകാശം എന്നിവര്
തരുണീ ഭൂമിക്കെതിരെ സമർപ്പിച്ച
മേൽ നമ്പർ ഹർജിയിൽ
അശ്ളീല- ആഭാസ- നഗ്നതാ
പ്രദർശന നിരോധന നിയമം
അനുവദിക്കാനാവില്ലെന്നും
പെണ്ണുടലിൽ പുതഞ്ഞുക്കിടക്കുന്ന
ബ്രാവള്ളിയോ ബ്രാതന്നെയോയുള്ള
‘പൊതുജന സമക്ഷ പ്രദർശനം’
കുറ്റകരമല്ലെന്നും കണ്ടു
ടി ഹർജി റദ്ദ് ചെയ്ത് ഉത്തരവാകുന്നു.

എന്ന്,
(ഒപ്പ്)
അഖില കേരള-
ദുരാചാര നിർമാർജന കച്ചേരി
ഉത്തരവിൻപടി,
ശിരസ്തദാർ.

സ്ഥലം: കേരളം
തിയ്യതി:
സദാചാരം തൂക്കിലേറ്റപ്പെട്ട നാൾ.

Print Friendly, PDF & Email

Leave a Comment

More News