സിപിഐ വിട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുന്‍ എം‌എല്‍‌എ ബിജിമോള്‍

ഇടുക്കി: സിപിഐ വിട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുൻ എംഎൽഎ ഇഎസ് ബിജിമോൾ വ്യക്തമാക്കി. വ്യാജ പ്രചരണങ്ങളിൽ സത്യമില്ല. വിവിധ ആവശ്യങ്ങൾക്കായി മറ്റ് രാഷ്ട്രീയ പാർട്ടികളിൽ ചേരുന്നവരുണ്ടാകാമെന്നും എന്നാൽ, അവരോടൊപ്പം എന്നെ കൂട്ടേണ്ടതില്ലെന്ന് അവര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സി.പി.ഐ കോൺഗ്രസ് പാർട്ടി ലിസ്റ്റിൽ നിന്ന് ബിജിമോളെ ഒഴിവാക്കിയെന്ന വാർത്തയ്ക്ക് പിന്നാലെയാണ് മുന്‍ എം‌എല്‍‌എ ബിജി മോള്‍ക്കെതിരായ പ്രചാരണം ശക്തമായത്.

താന്‍ എന്നും അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരിക്കുമെന്നു മാത്രമല്ല, രാഷ്ട്രീയ പ്രവർത്തകയായിരിക്കുന്നിടത്തോളം കാലം സിപിഐ പ്രവർത്തകയുമായിരിക്കും. എന്ത് പ്രതിസന്ധി വന്നാലും അഭിപ്രായങ്ങൾ തുറന്നു പറയണമെന്നാണ് സഖാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നും ആഗ്രഹിക്കാത്ത, ഒന്നും പ്രതീക്ഷിക്കാതെ ആയിരക്കണക്കിന് സഖാക്കൾ നൽകിയ പിന്തുണയാണ് തന്റെ ശക്തിയെന്നും അവർ കുറിപ്പിൽ പറയുന്നു.

വിജയവാഡയില്‍ നടക്കുന്ന പാർട്ടി കോൺഗ്രസ് പ്രതിനിധി പട്ടികയിൽ നിന്ന് മുൻ പീരുമേട് എംഎൽഎ ഇഎസ് ബിജിമോളെ ഒഴിവാക്കിയിരുന്നു. കാനം രാജേന്ദ്രനെതിരെ നേരത്തെ പരസ്യ വിമർശനം നടത്തിയതിനാണ് നടപടിയെന്നായിരുന്നു ആരോപണം. പാർട്ടി കോൺഗ്രസ് പ്രതിനിധികളുടെ പട്ടികയിൽ നിന്ന് ബിജിമോളെ ഒഴിവാക്കരുതെന്ന് ചിലര്‍ ആവശ്യപ്പെട്ടെങ്കിലും, ഇടുക്കി ജില്ലാ സെക്രട്ടറി എസ്. ശിവരാമനാണ് അതിന് എതിരു നിന്നതെന്ന് പറയുന്നു.

ബിജിമോളുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ഇരുപത്തിരണ്ടാം വയസില്‍ സിപിഐ മെമ്പര്‍ഷിപ്പ് എടുത്താണ് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഞാന്‍ വരുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതോടെയാണ് സാധാരണക്കാരായ സഖാക്കളുടെ അളവറ്റ സ്‌നേഹവും കരുതലും ഞാന്‍ അനുഭവിച്ചറിഞ്ഞത്. അവര്‍ നല്‍കിയ ആത്മവിശ്വാസവും പിന്തുണയുമാണ് എനിക്ക് ജനപ്രതിനിധിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുവാനും ജനകീയ പ്രശ്‌നങ്ങളില്‍ പ്രതികരിക്കാനും കരുത്ത് നല്‍കിയത്. ഇത്രയും ഇപ്പോള്‍ പറഞ്ഞതിന് കാരണമിതാണ്, കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഞാന്‍ മറ്റു പാര്‍ട്ടിയിലേക്ക് പോയി എന്ന തരത്തില്‍ വ്യാജ പ്രചരണം ചിലര്‍ നടത്തുന്നതായി സിപിഐയുടെ സഖാക്കള്‍ എന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ യാതൊരു വിധ വസ്‌തുതയുമില്ല. സഖാക്കളെ, രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ചേക്കേറുന്നവര്‍ ഉണ്ടാകാം. അവരുടെ കൂട്ടത്തില്‍ എന്‍റെ പേര് ഉള്‍പ്പെടുത്തേണ്ടതില്ല. എന്നും അടിയുറച്ച ഒരു കമ്യൂണിസ്റ്റുകാരിയായിരിക്കും ഞാന്‍. അതിലുപരി രാഷ്ട്രീയപ്രവര്‍ത്തക ആയിരിക്കുന്നിടത്തോളം കാലം ഞാന്‍ സിപിഐയുടെ പ്രവര്‍ത്തകയായിരിക്കും. അഭിപ്രായങ്ങള്‍ തുറന്ന് പറയണമെന്നും എത് പ്രതിസന്ധിയുണ്ടായാലും നിങ്ങളുടെ നാവാകണമെന്നുമാണ് സഖാക്കളെ നിങ്ങള്‍ എന്നോട് ആവശ്യപ്പെട്ടത്. അതിന് പകരമായി കൂടെ നില്‍ക്കുമെന്നും കൂടെ കാണുമെന്നും ഉറപ്പുനല്‍കിയ ഒന്നും ആഗ്രഹിക്കാത്ത ഒന്നും പ്രതീക്ഷിക്കാത്ത ഒരായിരം സഖാക്കളുണ്ട്. അവര്‍ നല്‍കിയ പിന്തുണയാണ് എന്‍റെ ശക്തി. ശരിയെന്ന് ഉത്തമ ബോധ്യമുള്ളത് ഭയരഹിതമായി പറയുന്നതിനും പറയുന്നത് പ്രവര്‍ത്തിക്കുന്നതിനും എന്നും സിപിഐക്ക് ഒപ്പം, ബിജിമോള്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

https://www.facebook.com/bijimolmla/posts/656305285889444

Print Friendly, PDF & Email

Leave a Comment

More News