കോട്ടയം: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് അനുകൂലമായി ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 ബൂത്തുകളാണ് തരൂരിന് അനുകൂലമായി പ്രമേയം പാസാക്കിയത്.
കോൺഗ്രസിന്റെ വളർച്ചയ്ക്ക് ശശി തരൂരിനെ അദ്ധ്യക്ഷനാക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. പ്രമേയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും അയച്ചു. കഴിഞ്ഞ ദിവസം പാലായിൽ തരൂർ അനുകൂല ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനെ തുടർന്നാണ് പുതുപ്പള്ളിയിൽ പ്രമേയം പാസാക്കിയത്. “കോൺഗ്രസിന്റെ രക്ഷയ്‌ക്കും നാടിന്റെ നന്മയ്‌ക്കും ശശി തരൂർ വരട്ടെ” എന്നെഴുതിയ ഫ്‌ളക്‌സ് ബോർഡാണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, ഫ്‌ളക്‌സ് ബോർഡ് ആരാണ് സ്ഥാപിച്ചത് എന്നതിനെ കുറിച്ചുള്ള വിവരമില്ല.
സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി തരൂരിനെതിരെ നിലകൊള്ളുന്ന സാഹചര്യമാണ് നിലവിൽ. പല നേതാക്കളും മല്ലികാർജുൻ ഖാർഗെയ്ക്ക് ഇതിനകം പരസ്യ പിന്തുണ അറിയിച്ചുകഴിഞ്ഞു. അതേസമയം യുവ നേതാക്കളുടെയും കോണ്‍ഗ്രസ് അണികളുടെയും പിന്തുണ ശശി തരൂരിന് വര്‍ദ്ധിക്കുന്നതും ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്.