ഫിലഡല്‍ഫിയ: കേരള പിറവിയുടെ 66ാം വാര്‍ഷികം ഫിലഡല്‍ഫിയയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം നവംബര്‍ 6 ഞായറാഴ്ച വൈകുന്നരം 3:30 മുതല്‍ പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്‍ററില്‍ (9726 ബസല്‍റ്റന്‍ അവന്യൂ, യുണിറ്റ് 1) 19115 ല്‍ വച്ച് ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു.
ഞായറാഴ്ച വൈകുന്നേരം 3:30 ന് ഫിലഡല്‍ഫിയ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന സാഹിത്യ സമ്മേളനം നടക്കും. 4:30 ന് ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ ഫിലഡല്‍ഫിയയിലെ സാമുഹിക,സാംസ്ക്കാരിക നേതാക്കള്‍ പങ്കെടുക്കുന്ന പൊതുയോഗവും തുടര്‍ന്ന് കേരളത്തനിമയാര്‍ന്ന കലാസംസ്ക്കാരിക പരിപാടികളും ഉണ്ടായിരിക്കും.
സമ്മേളനത്തില്‍ വെച്ച് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യമൊരുക്കാന്‍ കാലം ചെയ്ത മാര്‍ ക്രിസ്തോസം തിരുമേനിയുടെ നേതൃത്വത്തില്‍ തിരുവല്ല വൈ.എം.സി.എയും ചേര്‍ന്ന് തുടങ്ങിവച്ച വികാസ് സ്കൂള്‍ പദ്ധതിയുടെ പുര്‍ത്തികരണത്തിനായി ട്രൈസ്റ്റേറ്റ് അംഗങ്ങളില്‍ നിന്ന് സമാഹരിക്കുന്ന തുക തിരുവല്ല വൈ.എം.സി.എ പ്രതിനിധിക്ക് കൈമാറി ഈ വര്‍ഷത്തെ കേരള ദിനാഘോഷങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ സാജന്‍ വറുഗീസ് പറഞ്ഞു.
ആഘോഷ പരിപാടികളുടെ വിജയത്തിനായി ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ സാജന്‍ വറുഗീസിന്‍റെ നേതൃത്വത്തില്‍, ആഘോഷ കമ്മറ്റി ചെയര്‍മാന്‍ ജോര്‍ജ്ജ് ഓലിക്കല്‍, റോണി വറുഗീസ് (ജനറല്‍ സെക്രട്ടറി), ഫീലിപ്പോസ് ചെറിയാന്‍ (ട്രഷറര്‍), വിന്‍സന്‍റ് ഇമ്മാനുവല്‍, ജോബി ജോര്‍ജ്ജ്, അലക്സ് തോമസ്, സുമോദ് നെല്ലിക്കാല, ജീമോന്‍ ജോര്‍ജ്ജ്, ജോര്‍ജ്ജ് നടവയല്‍, രാജന്‍ സാമുവല്‍, സുധ കര്‍ത്ത, സുരേഷ് നായര്‍, എന്നിവരും അംഗസംഘടനകളുടെ പ്രതിനിധികളും പ്രവര്‍ത്തിക്കുന്നു.