ന്യൂയോർക്ക്: ന്യൂയോര്‍ക്ക് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ലീ സെൽഡിന്റെ വീടിനു മുന്നിൽ നടന്ന വെടിവയ്പ്പിൽ രണ്ടു പേർക്ക് പരുക്കേറ്റു. സംഭവം നടക്കുമ്പോൾ ലോംഗ് ഐലന്റ് ഷെർലിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്ന പെണ്‍മക്കള്‍ ഭയപ്പെട്ടെന്നും, മുകളിലുള്ള മുറിയില്‍ അഭയം തേടിയതായും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
മോറിസ് പാർക്കിൽ കൊളംബസ് ഡേ പരേഡിൽ പങ്കെടുത്ത് മടങ്ങുന്ന സമയത്താണ് വെടിവയ്പ്പു നടന്ന കാര്യം അറിഞ്ഞത്. മക്കൾ ആത്മസംയമനം കൈവിടാതെ പൊലീസിനെ വിവരം അറിയിച്ചു. കുട്ടികൾ നിന്നിരുന്ന സ്ഥലത്തു നിന്നും 30 അടി ദൂരത്തിലാണ് ബുള്ളറ്റ് വന്ന് തറച്ചതെന്നും വെടിയേറ്റ രണ്ടു പേർ വീടിന്റെ മുൻവശത്ത് വീണതായും ലീ സെല്‍ഡിന്‍ പറഞ്ഞു. അവരെ ആശുപത്രിയിലേക്ക് മാറ്റിയതായും കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂയോർക്കിൽ ഇത്തരത്തിലുള്ള അക്രമ പ്രവർത്തനങ്ങൾ വർധിച്ചുവരികയാണെന്നും ഇതിൽ ഡമോക്രാറ്റിക് പാർട്ടിയുടെ നിലവിലുള്ള ഗവർണർ നടപടി സ്വീകരിക്കുന്നില്ലെന്നും ലീ കുറ്റപ്പെടുത്തി. വെടിവയ്പ്പു സംഭവത്തിൽ സെൽഡിന്റെ കുടുംബം സുരക്ഷിതമായി എന്ന് കേട്ടതിൽ ആശ്വാസമുണ്ടെന്ന് ഗവർണർ ഹോച്ചുള്‍ പറഞ്ഞു.