മലപ്പുറം: താനൂര്‍ കനോലി കനാലിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിന്റെ മകൻ അഷ്മിൽ (11), വെളിയോട്ട് വളപ്പിൽ സിദ്ദിഖിന്റെ മകൻ അജ്നാസ് (12) എന്നിവരാണ് കനാലില്‍ മുങ്ങി മരിച്ചത്.
ഇരുവരും കുളിക്കാന്‍ കനാലില്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍, ആഴവും ഒഴുക്കും കാരണം ഇരുവരും മുങ്ങിത്താഴുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ഇരുവരെയും രക്ഷപ്പെടുത്തി തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിനായി തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.