എറണാകുളം: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് താൽക്കാലിക ആശ്വാസം. തോമസ് ഐസക്കിനും മറ്റുള്ളവർക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസുകൾ ഹൈക്കോടതി മരവിപ്പിച്ചു. തന്നെയുമല്ല, രണ്ട് മാസത്തേക്ക് ഈ കേസുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുമുള്ള സമൻസുകള്‍ അയക്കരുതെന്നും കോടതി നിർദ്ദേശിച്ചു.
എന്നാൽ, ഇഡിക്ക് കേസിൽ അന്വേഷണം തുടരാം. ഇഡി അന്വേഷണത്തിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യം കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി.
തോമസ് ഐസക്, കിഫ്ബി സിഇഒ കെഎം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവർക്ക് സമൻസ് അയച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി അന്യായമാണെന്നും കോടതി നിരീക്ഷിച്ചു. സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക്കും കിഫ്ബിയും സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഇടപെടലുണ്ടായത്.
ഫെമ നിയമലംഘനം ഉണ്ടായിട്ടില്ലെന്ന് തോമസ് ഐസക്ക്: കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 2021 മാർച്ചിലായിരുന്നു ഇഡി അന്വേഷണം തുടങ്ങിയത്. കിഫ്ബി മസാല ബോണ്ട് ധനസമാഹരണത്തിൽ ഫെമ നിയമ ലംഘനം ഉണ്ടായെന്നും 2019ലെ സിഎജി റിപ്പോർട്ടിൽ കിഫ്ബിയുടെ മസാല ബോണ്ട് ഭരണഘടന വ്യവസ്ഥകൾ പാലിക്കാതെയാണെന്നുമുള്ള പരാതികളിലായിരുന്നു അന്വേഷണം. എന്നാൽ കിഫ്‌ബിയുടെ മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമലംഘനം ഉണ്ടായിട്ടില്ലെന്നാണ് തോമസ് ഐസക്കിന്‍റെയും കിഫ്ബിയുടെയും സംസ്ഥാന സർക്കാരിന്‍റെയും വാദം.
ഈ കേസിൽ തോമസ് ഐസക്കിന്റെയും മറ്റുള്ളവരുടെയും വിശദാംശങ്ങൾ ഇഡി ആവശ്യപ്പെട്ടതിന് പിന്നിലെ കാരണങ്ങൾ കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്ന് ജസ്റ്റിസ് അരുൺ വ്യക്തമാക്കി. എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് സമൻസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ഐസക്ക് നൽകിയ ഹർജിയിലും കിഫ്ബി നൽകിയ ഹർജിയിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെ ഹൈക്കോടതി കക്ഷി ചേർത്തു. ഇതുസംബന്ധിച്ച് ആർബിഐയോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. ആർബിഐയുടെ വിശദീകരണം കേട്ട ശേഷമേ ഹർജികളിൽ അന്തിമ വിധിയുണ്ടാകൂ. മസാല ബോണ്ടുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട തർക്കവിഷയമായ ഫെമ നിയമ ലംഘനം നടന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കേണ്ടത് റിസർവ് ബാങ്കാണ്. അതുകൊണ്ടാണ് ഹൈക്കോടതി ആർബിഐയെയും കക്ഷിയാക്കിയത്.
മസാല ബോണ്ടിൽ നിന്ന് ലഭിച്ച പണം വകമാറ്റി റിയൽ എസ്റ്റേറ്റിനായി ചെലവഴിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്. വസ്തുതകൾ ശേഖരിക്കാനും സത്യം കണ്ടെത്താനുമാണ് അന്വേഷണമെന്ന് അവര്‍ കഴിഞ്ഞ തവണ വാദം കേൾക്കുന്നതിനിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ വസ്‌തുതകളും രേഖകളും ഇല്ലാതെയാണ് ഇഡിയുടെ അന്വേഷണമെന്നും കുടുംബാംഗങ്ങളുടെത് അടക്കമുള്ള അക്കൗണ്ട് വിവരങ്ങൾ അന്വേഷിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും തോമസ് ഐസക്ക് വാദിച്ചിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനാണ് പണം വിനിയോഗിക്കുന്നതെന്ന് കിഫ്ബിക്കു വേണ്ടി ഹാജരായ എജി വാദിച്ചു.
മസാല ബോണ്ടിൽ നിയമലംഘനം നടന്നിട്ടില്ല. നിയമസഭ നിരസിച്ച കിഫ്ബി മസാല ബോണ്ടിനെക്കുറിച്ചുള്ള പരാമർശങ്ങൾ അടങ്ങിയ സിഐജി റിപ്പോർട്ടാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിനായി ഉപയോഗിക്കുന്നത്. 2018 ലാണ് മസാല ബോണ്ട് അവസാനമായി പുറത്തിറങ്ങിയത്. എന്നാൽ, ഇപ്പോഴാണ് അന്വേഷണം നടക്കുന്നതെന്ന് ഹർജിക്കാർ വ്യക്തമാക്കി. നവംബർ 15ന് ഹൈക്കോടതി വീണ്ടും ഹർജികൾ പരിഗണിക്കും.