ന്യൂയോര്‍ക്ക്: ബ്രോങ്ക്സില്‍ ഉണ്ടായ കാറപകടത്തിനുശേഷം വാഹനം നിർത്താതെ പോയ ഡ്രൈവറെ ജനക്കൂട്ടം ഓടിച്ചിട്ടു പിടിച്ചു പൊലീസിലേല്പിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 26-കാരനെ ശ്രദ്ധിക്കാതെ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടാൻ ഡ്രൈവര്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ജനക്കൂട്ടം ഇയാളെ ഓടിച്ചിട്ടു പിടികൂടിയത്.
ഞായറാഴ്ച വൈകിട്ട് ക്രിസ്റ്റൻ അവന്യു മുറിച്ചു കടക്കുന്നതിനിടെയാണ് അതുവഴി വന്ന ബെൻസ് കാർ യുവാവിനെ ഇടിച്ചിട്ടത്. അപകട സ്ഥലത്ത് അൽപനേരം നിന്ന ഡ്രൈവർ ജനക്കൂട്ടത്തെ ഭയന്നാണ് അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
അപകടത്തിൽപ്പെട്ട യുവാവിനെ ഗുരുതര പരുക്കുകളോടെ സെന്റ് ബർണബാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ന്യൂയോര്‍ക്ക് സിറ്റി പൊലീസ് പറഞ്ഞു.