തിരുവനന്തപുരം: ഇരട്ട നരബലിയുടെ വാർത്തകളിൽ കേരളം വിറങ്ങലിച്ചു നില്‍ക്കേ, ഇത്തരം ആചാരങ്ങളും അന്ധവിശ്വാസങ്ങളും നിരോധിക്കാനും കുറ്റവാളികൾക്കുള്ള ശിക്ഷ ഉറപ്പാക്കാനുമുള്ള നിയമങ്ങളെ കുറിച്ച് ചർച്ച വീണ്ടും സജീവമാകുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം നടത്തണമെന്ന ആവശ്യം പലതവണ ഉയർന്നുവെങ്കിലും ഇത് സംബന്ധിച്ച് ബിൽ കൊണ്ടുവരാനോ തയ്യാറാക്കാനോ സർക്കാരിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നിയമസഭയിൽ അംഗമായിരുന്ന അന്തരിച്ച പി.ടി. തോമസും നിലവിലെ നിയമസഭാംഗമായ കെ.ഡി. പ്രസേനനും ഇതുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച രണ്ട് സ്വകാര്യ ബില്ലുകളാണ് ഈ അവസരത്തിൽ വീണ്ടും ചർച്ചയാകുന്നത്.
കേരള മന്ത്രവാദ-അന്ധവിശ്വാസ നിയമ നിരോധന ബിൽ എന്ന പേരിലാണ് പി.ടി. തോമസ് 2017-ല്‍ അവതരിപ്പിച്ച സ്വകാര്യ ബിൽ. എല്ലാ സ്വകാര്യ ബില്ലുകളെയും പോലെ പി.ടി തോമസിന്റെ ബില്ലും തനിയെ മരിക്കാൻ വിധിക്കപ്പെട്ടു. ഇത്തരമൊരു നിയമം സർക്കാരിന്റെ പരിഗണനയിലാണെന്ന പതിവ് മറുപടി തള്ളി അന്നത്തെ നിയമമന്ത്രി എ.കെ. ബാലൻ ബിൽ തള്ളിയെന്നതാണ് പി.ടി.തോമസിന്റെ സ്വകാര്യ ബില്ലു കൊണ്ടുണ്ടായ ഏക ആശ്വാസം.
2021ൽ ആലത്തൂർ എംഎൽഎ കെ.ഡി. പ്രസേനൻ നിയമസഭയിൽ കൊണ്ടുവന്ന സ്വകാര്യ ബില്ലിന് കേരള അന്ധവിശ്വാസ-അനാചാര നിര്‍മ്മാര്‍ജ്ജന ബിൽ എന്നായിരുന്നു പേര്. സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും ആചാരങ്ങളും വർധിച്ചുവരുന്ന സാഹചര്യം ഒഴിവാക്കാനും അന്ധവിശ്വാസങ്ങളും ആചാരങ്ങളും തുടച്ചുനീക്കി ശാസ്ത്രീയവും മാനുഷികവുമായ സാമൂഹിക വ്യവസ്ഥ ഉറപ്പാക്കാനുമാണ് പ്രസേനയുടെ ബില്ലിന്റെ ആമുഖത്തിലുണ്ടായിരുന്നത്.
ബില്ല് ഇപ്പോള്‍ സഭയുടെ പരിഗണനയിലാണെങ്കിലും എല്ലാ സ്വകാര്യ ബില്ലുകളുടെയും ഭാവി പോലെ തന്നെ ഈ ബില്ലിനും സ്വയം ചരമമടയാനായിരിക്കും വിധി. പി.ടി.തോമസിന്‍റെ ബില്ലിന്‍റെ കാര്യത്തിലെന്ന പോലെ കെ.ഡി.പ്രസേനനും നിയമമന്ത്രി പി.രാജീവില്‍ നിന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. സമാനമായ നിയമം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. അങ്ങനെയെങ്കില്‍ ബില്ല് പിന്‍വലിക്കേണ്ടി വരുമെന്ന് അവതാരകനായ കെ.ഡി.പ്രസേനന്‍ തന്നെ കരുതുന്നു.
ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച നിയമ പരിഷ്‌കാര കമ്മിഷനും ഇത്തരത്തില്‍ നിയമം നടപ്പാക്കേണ്ടതിന്‍റെ ആവശ്യകത സര്‍ക്കാരിനു മുന്നില്‍ വച്ചിട്ടുണ്ട്. എന്നു മാത്രമല്ല അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്‌മ ചെയ്യുന്നതിനായി കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്‌ടീസസ് സോര്‍സെറി ആന്‍ഡ് ബ്ലാക്ക് മാജിക് ബില്‍ എന്ന ബില്ല് തയ്യാറാക്കി നിയമമന്ത്രി പി.രാജീവിനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയുമാണ്.
ഈ കരട് ബിൽ നിയമവകുപ്പും ആഭ്യന്തര വകുപ്പും ചേർന്ന് തടഞ്ഞ് സെക്രട്ടേറിയറ്റ് ഫയലുകളിൽ എവിടെയോ കുഴിച്ചുമൂടിയിരിക്കുകയാണ്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ തടയാൻ നിയമം മതിയോ എന്ന് വാദിക്കാമെങ്കിലും കേരളം പോലെയുള്ള പരിഷ്കൃത സമൂഹത്തിൽ ഇത്തരം ആചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ നിയമം ഉണ്ടാക്കേണ്ടതല്ലേ എന്നതാണ് ചോദ്യം. ഇത്തരം കാര്യങ്ങളിൽ നിന്ന് ഒരു പരിധിവരെയെങ്കിലും നിയമം ജനങ്ങളെ പിന്തിരിപ്പിക്കുമെന്ന പൊതുവികാരമാണ് ഈ ഘട്ടത്തിൽ ഉയരുന്നത്.