ന്യൂയോർക്ക്: കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആഗോള പ്രവാസികൾക്കായി മധ്യപ്രദേശിലെ ഇൻഡോർ സിറ്റിയിൽ വച്ച് സംഘടിപ്പിക്കുന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയിലേക്ക് അമേരിക്കയിൽ നിന്നുള്ള ഭാരതീയരെ പങ്കെടുപ്പിക്കുവാൻ പ്രവാസി സംഘടനാ നേതാക്കളുമായി മന്ത്രാലയം കൂടിയാലോചനകൾ ആരംഭിച്ചു. 2023 ജനുവരി 9 നു നടത്തപ്പെടുന്ന പരിപാടികളിൽ ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ഇന്ത്യക്കാർ പങ്കെടുക്കും.
അമേരിക്കയിലെ മലയാളി സമൂഹത്തെ പ്രവാസി ഭാരതി ദിവസ് പരിപാടിയിൽ പങ്കെടുപ്പിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി ന്യൂയോർക്ക് ഇന്ത്യൻ കോൺസുല്‍ ജനറൽ രൺധീർ ജെയ്സ്വാളിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) പ്രസിഡന്റ് ഡോ. ജേക്കബ് തോമസും, ഫോമാ നാഷണല്‍ അഡ്വൈസറി കൗണ്‍സില്‍ സെക്രട്ടറി സജി എബ്രഹാമും ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിലെത്തി അധികൃതരുമായി പ്രാഥമിക ചർച്ചകളിൽ പങ്കെടുത്തു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി അനുരാഗ് ഭൂഷൺ, കോൺസുല്‍ ജനറൽ രൺധീർ ജെയ്സ്വാൾ എന്നിവരെ കൂടാതെ കമ്മ്യൂണിറ്റി അഫയേഴ്‌സ് കോൺസൽ എ കെ വിജയകൃഷ്ണനും ചർച്ചകളിൽ പങ്കെടുത്തു. 2023 ജനുവരി 9 നു നടത്തപ്പെടുന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടികളിൽ അമേരിക്കയിൽ നിന്നും പരമാവധി പ്രതിനിധികളെ പങ്കെടുപ്പിക്കുവാനുള്ള ശ്രമങ്ങൾ എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് ഫോമ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അറിയിച്ചു.
അമേരിക്കയിൽ കുടിയേറിയ ഒരു വലിയ ജനവിഭാഗം ഇന്ത്യക്കാർ ഇപ്പോഴും നേരിടുന്ന അനേകം പ്രശ്നങ്ങളെക്കുറിച്ചു കൂടുതൽ വ്യക്തമായി പ്രവാസി കാര്യ വകുപ്പിനെ ധരിപ്പിക്കുവാൻ കഴിഞ്ഞു എന്നതാണ് ഈ ചർച്ചകളിൽ പങ്കെടുത്തതിന്റെ പ്രധാന വിജയമെന്ന് ചർച്ചകൾക്ക് ശേഷം ഡോ. ജേക്കബ് തോമസ് പറഞ്ഞു.
ഈ മാസം 22 നു ന്യൂജേഴ്സിയിൽ വച്ച് നടക്കുന്ന ഫോമാ അധികാര കൈമാറ്റ ചടങ്ങില്‍ അംഗ സംഘടനകളുടെ ഭാരവാഹികളുമായി പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കുന്നതിനുള്ള ചർച്ചകൾ തുടരുമെന്ന് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോ. ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ അറിയിച്ചു.