എറണാകുളം: എറണാകുളം ജില്ലയിൽ നിന്നുള്ള രണ്ട് മധ്യവയസ്‌കരായ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി തിരുവല്ലയ്ക്കു സമീപം കുഴിച്ചുമൂടിയ കേസിലെ മുഖ്യപ്രതി പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി, നരബലി ആസൂത്രണം ചെയ്തത് മന്ത്രവാദത്തിന്റെ ഭാഗമായിട്ടാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു. കൂട്ടുപ്രതികളായ ഭഗവൽ സിംഗിന്റേയും ലൈലയുടെയും അന്ധവിശ്വാസം മുതലെടുത്താണ് ഷാഫി കൊലപാതകം നടത്തിയത്. കടവന്ത്രയിൽ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിനി പത്മയെ കാണാനില്ലെന്ന് അവരുടെ സഹോദരി നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചതെന്ന് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
ഇതൊരു സാധാരണ തിരോധാനക്കേസല്ലെന്ന് ആദ്യം മുതലേ പോലീസിന് അറിയാമായിരുന്നു. പത്മയെ സ്‌കോർപിയോ വാഹനത്തിൽ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കേസന്വേഷണത്തിൽ നിർണായകമായി. ഷാഫിയുടേതാണ് വാഹനം. എന്നാൽ ഇയാളെ ചോദ്യം ചെയ്യാനും വിവരങ്ങൾ ശേഖരിക്കാനും പോലീസിന് ബുദ്ധിമുട്ടായിരുന്നു.
അന്വേഷണത്തെ വഴിതെറ്റിക്കുന്ന തരത്തിലായിരുന്നു പ്രതിയുടെ മൊഴി. ഒടുവിൽ കൂട്ടുപ്രതികളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന നരബലിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ആലുവ സ്വദേശി റോസിലിയെയും നരബലി നടത്തി കൊലപ്പെടുത്തിയതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഈ രണ്ട് കേസുകളും ഒരുമിച്ച് അന്വേഷിക്കും. പ്രതിയായ ഷാഫി വയോധികയെ പീഡിപ്പിച്ച കേസും പൊലീസ് പരിശോധിക്കും.
സാമ്പത്തിക നേട്ടവും ലൈംഗിക താത്‌പര്യവുമാണ് ഒന്നാം പ്രതി ഷാഫിക്ക് കുറ്റകൃത്യത്തിന് പ്രചോദനമായത്. നരബലി നടത്തിയാൽ ഐശ്വര്യം ലഭിക്കുമെന്ന വിശ്വാസമാണ് രണ്ടാം പ്രതി ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരെ കുറ്റകൃത്യത്തിൽ പങ്കാളികളാക്കിയത്. ഇത്തരമൊരു ധാരണ പ്രതികളിലുണ്ടാക്കിയത് ഷാഫിയാണ്. അസാധാരണ മാനസിക നിലയുള്ള കൊടുംകുറ്റവാളിയാണ് മുഹമ്മദ് ഷാഫിയെന്നാണ് വ്യക്തമായത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്.
കേസില്‍ കൂടുതൽ തെളിവ് ശേഖരിക്കേണ്ടതുണ്ട്. പുത്തൻ കുരിശിൽ വയോധികയെ പീഡിപ്പിച്ച കേസിലാണ് ഷാഫി നേരത്തെ പ്രതിയായത്. ഭഗവൽ സിംഗിനും ഭാര്യയ്ക്കും ക്രിമിനൽ പശ്ചാത്തലമില്ലെന്നും കമ്മീഷണര്‍ നാഗരാജു വ്യക്തമാക്കി. കൂടുതൽ പേർ ഇരകളാക്കപ്പെട്ടിട്ടുണ്ടോ എന്നന്വേഷിച്ച് വരികയാണ്. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കും. രണ്ട് കൊലപാതകങ്ങളും നടന്നത് വൈകിട്ട് അഞ്ച് മണിയ്ക്ക് ശേഷമാണ്. രണ്ട് കൊലപാതകത്തിലും സ്വീകരിച്ചത് ഒരേ രീതിയാണ്.
റോസിലിയെ കെട്ടിയിട്ട് സ്വകാര്യ ഭാഗത്ത് കുത്തി പരിക്കേൽപ്പിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു. പത്മയുടെ കഴുത്തിൽ കയര്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്. മൃതദേഹം കഷണങ്ങളാക്കി മുൻകൂട്ടി തയ്യാറാക്കിയ കുഴിയിൽ കുഴിച്ചിട്ടു. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചുവരികയാണ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷകൾ ഇന്ന് (ഒക്ടോബർ 12) സമർപ്പിക്കും.
നരഭോജനം നടത്തിയതായി സംശയം: പ്രതികളെ 12 ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കത്തികൾ കണ്ടെടുത്തിട്ടുണ്ട്. മരിച്ച സ്ത്രീകളുടെ ആഭരണങ്ങൾ ഊരി മാറ്റിയതായാണ് റിപ്പോർട്ട്. കൂടുതൽ അന്വേഷണം നടത്തിയാളെ അതേക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കൂ. പ്രതികളുടെ വീട്ടിൽ നിന്ന് മന്ത്രവാദത്തെക്കുറിച്ച് വിശദീകരിക്കുന്ന പുസ്തകം കണ്ടെടുത്തിട്ടുണ്ട്. ആദ്യ കൊലപാതകത്തിന് ശേഷം ഭഗവൽ സിംഗും ലൈലയും നരഭോജനം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണ്.
ഒരു വർഷത്തിലേറെയായി ഭഗവൽ സിംഗുമായി ബന്ധപ്പെട്ടതിന് ശേഷമാണ് പ്രതി ഷാഫി നരബലിയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയതെന്നും കമ്മീഷണർ പറഞ്ഞു. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് ഇതുവരെ വ്യക്തമായത്. പ്രതികളെ ഏതെങ്കിലും തരത്തിൽ സഹായിച്ചവരുണ്ടെങ്കിൽ അവരെയും കണ്ടെത്തുമെന്നും കമ്മിഷണർ അറിയിച്ചു. അന്വേഷണ ചുമതലയുള്ള ഡിസിപി എൻ ശശിധരനെയും സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു.