സ്വന്തം ജീവിതത്തിൽ മനുഷ്യൻ സൃഷ്ടിക്കുന്ന വേർതിരിവുകളുമാണ് ഇന്നത്തെ എല്ലാ ദു:ഖങ്ങൾക്കും കാരണം; മാതാ അമൃതാനന്ദമയി ദേവി
കൊല്ലം: ജീവിതമാകുന്ന പാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യൻ അർധസ്വപ്‌നത്തിലെന്ന പോലെയാണ് അവന്റെ കർമ്മങ്ങൾ ചെയ്യുന്നതെന്നും സ്വന്തം ജീവിതത്തിലും സമൂഹത്തിലും മനുഷ്യൻ നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിടവുകളും വേർതിരിവുകളുമാണ് മനുഷ്യന്റെ ഇന്നത്തെ എല്ലാ ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും കാരണമെന്നും മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. ഈ ജീവിതവും സുഖവും സൗഭാഗ്യങ്ങളുമെല്ലാം ഈശ്വരനെന്ന മഹാശക്തിയുടെ ദാനമാണെന്നുള്ളതാണ് സത്യമെന്നും യഥാർത്ഥ പ്രേമം ഉണ്ടെങ്കിലേ ഈശ്വരനും പ്രകൃതിയും മനുഷ്യനിൽ അനുഗ്രഹം ചൊരിയുകയുള്ളൂവെന്നും 69ാം ജന്മദിനത്തിൽ അമൃതപുരി ആശ്രമത്തിൽ ജന്മദിന സന്ദേശം നൽകവേ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.
ജന്മദിനത്തിൽ മാതാ അമൃതാനന്ദമയി ദേവിയെ ദർശിക്കാൻ പതിനായിരങ്ങളാണ് വ്യാഴാഴ്ച അമൃതപുരിയിലേക്ക് ഒഴുകിയെത്തിയത്. ആഘോഷങ്ങളൊഴിവാക്കിയായിരുന്നു ഇത്തവണത്തെ പിറന്നാൾ ആചരണം. രാവിലെ 5 മണി മുതൽ അമൃതപുരി ആശ്രമത്തിൽ പ്രത്യേക പ്രാർത്ഥനകൾ ആരംഭിച്ചു. ലളിതാ സഹ്രസനാമ അർച്ചന, തുടർന്ന് ഗണപതി ഹോമം, നവഗ്രഹ ഹോമം, മൃത്യുഞ്ജയ ഹോമം, വേദമന്ത്രോച്ചാരണം, സത്സംഗം, പാദപൂജ, ഭജന, ലോകശാന്തിക്കും സമാധാനത്തിനുമായുള്ള വിശ്വശാന്തി പ്രാർത്ഥന എന്നിവയുമുണ്ടായി. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാനും മാതാ അമൃതാനന്ദമയി ദേവിയുടെ പ്രഥമ സന്യാസി ശിഷ്യനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിൽ പാദുക പൂജയും നടന്നു. തുടർന്ന് പ്രസാദവിതരണവും ഉണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയവർക്കെല്ലാം അമ്മ ദർശനം നൽകി.