മെഴ്സ്ഡ് (കലിഫോർണിയ): എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പടെ ഇന്ത്യന്‍-അമേരിക്കന്‍ സിഖ് കുടുംബത്തിലെ നാലംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ജീസസ് മാനുവൽ സൽഗാഡോ (48) കോടതിയിൽ കുറ്റം നിഷേധിച്ചു.
മെഴ്സ്ഡ് കൗണ്ടി കോടതിയിൽ സല്‍ഗാഡോ യാതൊരു ഭാവഭേദവുമില്ലാതെയാണ് താൻ കുറ്റക്കാരനല്ലെന്ന് ബോധിപ്പിച്ചത്.
കുടുംബാംഗങ്ങളെ വീട്ടിൽ നിന്നും തട്ടി കൊണ്ടുപോയി സമീപമുള്ള തോട്ടത്തിൽ വച്ച് കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട ജീസസ് മാനുവൽ സൽഗാഡോ രണ്ടു ദിവസത്തിനു ശേഷമാണ് പൊലീസ് പിടിയിലാകുന്നത്. ഇതിനിടയിൽ ആത്മഹത്യാശ്രമം നടത്തി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടു ദിവസത്തിനുശേഷം ഇയാളെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റുകയായിരുന്നു. നാലു കൊലകുറ്റത്തിനും തോക്ക് കൈവശം വച്ചതിനും കേസെടുത്തിട്ടുണ്ട്.
കൊല ചെയ്യപ്പെട്ട ഇന്ത്യന്‍ കുടുംബം നടത്തിയിരുന്ന ട്രക്കിംഗ് കമ്പനിയിൽ ഡ്രൈവറായി സല്‍ഗാഡോ ജോലി ചെയ്തിരുന്നു. ചില തര്‍ക്കങ്ങള്‍ മൂലം ഇയാളെ കമ്പനിയില്‍ നിന്ന് പിരിച്ചു വിട്ടതിന്റെ പ്രതികാരമാണ് കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടു പോയി കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മെഴ്സ്ഡ് കൗണ്ടി ഷരീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പഞ്ചാബിലെ ഹോഷിയാർപുർ സ്വദേശികളായ ജസ്ദീപ് സിംഗ് (36), ഭാര്യ ജസ്‌ലീൻ കൗർ (27), ഇവരുടെ എട്ടു മാസം പ്രായമുള്ള കുഞ്ഞ് അരോഹ് ധാരി, അമ്മാവന്‍ അമൻദീപ് സിംഗ് (39) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.