പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലി അന്വേഷിക്കുന്ന പോലീസിന് പ്രതി ഷാഫി നല്‍കിയ മൊഴി ഞെട്ടിക്കുന്നത്. രണ്ടു സ്ത്രീകളെ കൊലപ്പെടുത്തി അവരുടെ മാംസം വില്‍ക്കാന്‍ തീരുമാനിച്ചിരുന്നതായാണ് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ മൊഴി. ഇങ്ങനെ മനുഷ്യമാംസം വിറ്റാൽ 20 ലക്ഷം രൂപ ലഭിക്കുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം. അതിനായി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നതായും ഷാഫി മൊഴി നൽകി.
കൊലപാതകം നടത്തിയതിന് കൂട്ടു പ്രതികളായ ദമ്പതികളെ ബ്ലാക്ക് മെയിൽ ചെയ്യാനായിരുന്നു പദ്ധതിയെന്ന് ഷാഫി പോലീസിനോട് വെളിപ്പെടുത്തി. കൊലപാതകം നടന്നതിന്റെ പിറ്റേന്ന് ബംഗളൂരുവിൽ നിന്ന് മനുഷ്യമാംസം വാങ്ങാൻ ഒരാൾ എത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, മാംസം വാങ്ങാൻ ആരും വരില്ലെന്ന് പറഞ്ഞാണ് പിന്നീട് കുഴിച്ചിട്ടത്. കൊല്ലപ്പെട്ട റോസ്ലിയുടെ ശശീര ഭാഗങ്ങള്‍ ഓരോന്നായി മുറിച്ചാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത്. റോസ്ലിനെ ബലി നൽകിയിട്ടും സാമ്പത്തിഭിവൃദ്ധി ഉണ്ടായില്ലെന്ന് ഭഗവൽ സിംഗും ലൈലയും പറഞ്ഞപ്പോൾ, കൊന്ന രീതി ശരിയായില്ലെന്നും മരണം മോശം സമയത്തായിരുന്നെന്നും ഷാഫി ഇവരെ ധരിപ്പിച്ചു എന്നാണ് ഷാഫി മൊഴി നൽകിയത്. ഇതിന് പുറമേ ആഭിചാരവുമായി ബന്ധപ്പെട്ട രണ്ട് പുസ്തകങ്ങള്‍ ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്ടില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. മലയാളത്തിലുള്ള രണ്ട് പുസ്തകങ്ങളാണ് കണ്ടെത്തിയത്.