കാൺപൂർ: ഏറെ നാളായി അസുഖബാധിതനായിരുന്ന പ്രശസ്ത മാന്ത്രികൻ ഒ പി ശർമ്മ ശനിയാഴ്ച രാത്രി യുപിയിലെ കാൺപൂരിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ബല്ലിയ ജില്ലയിൽ നിന്നുള്ള ഒപി ശർമ്മ ഡയാലിസിസിന് വിധേയനായി ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.
കൊവിഡ്-19 രോഗനിർണയം നടത്തിയതിന് ശേഷം കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും വൃക്ക തകരാറിലായെന്നും, ആഴ്ചയിൽ രണ്ട് തവണ ഡയാലിസിസിന് പോകേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ബന്ധു മുകേഷ് ഗുപ്ത പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, കഴിഞ്ഞ 4-5 ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ നില വഷളാവുകയും ഒക്ടോബർ 15, രാത്രി 11 ന് സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു, ആശുപത്രിയിലെ ഡോക്ടർമാർ അദ്ദേഹം മരിച്ചതായി പ്രഖ്യാപിച്ചു.
കാൺപൂരിലെ ബാര ഏരിയയിലാണ് ഒ പി ശർമ്മയുടെ വസതി. വീടിനു മുന്നിലെ ഗേറ്റിൽ അസാധാരണമായ പ്രതിമകൾ സൃഷ്ടിച്ചുകൊണ്ട് ‘ഭൂത് ബംഗ്ലാവ്’ എന്ന് പേരുമിട്ടു. പ്രശസ്ത മാന്ത്രികൻ എന്നതിലുപരി, സമാജ്‌വാദി പാർട്ടിയുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു ഒ പി ശർമ്മ.
ഗോവിന്ദ് നഗർ നിയമസഭാ മണ്ഡലത്തിൽ നിന്ന് എസ്പി ടിക്കറ്റിൽ അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. “കുട്ടിക്കാലം മുതൽ തന്നെ മാജിക്കിൽ അതീവ താല്പര്യം ഉണ്ടായിരുന്ന അദ്ദേഹത്തിന് ഇന്ത്യയിലുടനീളവും വിദേശത്തും നിരവധി ഷോകൾ നടത്താന്‍ സാധിച്ചിട്ടുണ്ട്. ഒപി ശർമ്മയെപ്പോലെ ആരും ഉണ്ടാകില്ലെന്ന് മുകേഷ് ഗുപ്ത പറഞ്ഞു.